ബലിതര്‍പ്പണം: തിരുനെല്ലിയിലേക്ക് ജനപ്രവാഹം

മാനന്തവാടി: പിതൃക്കളുടെ മോക്ഷപ്രാപ്തിക്കായി കര്‍ക്കടക വാവ് ദിനത്തില്‍ ബലിതര്‍പ്പണം നടത്തുന്നതിനായി തെക്കന്‍ കാശിയെന്നറിയപ്പെടുന്ന തിരുനെല്ലി ക്ഷേത്രത്തിലേക്ക് വന്‍ ജനപ്രവാഹം. തിങ്കളാഴ്ച രാവിലെ മുതല്‍ ആളുകളുടെ ഒഴുക്ക് ആരംഭിച്ചിരുന്നു. ഉച്ചക്കുശേഷം അത് വര്‍ധിച്ചു. സ്വന്തം വാഹനങ്ങളില്‍ വന്നവര്‍ ഉള്‍പ്പെടെ കാട്ടിക്കുളത്ത് നിന്ന് കെ.എസ്.ആര്‍.ടി.സി, പ്രിയദര്‍ശിനി ബസുകളിലാണ് ക്ഷേത്രത്തില്‍ എത്തിയത് ഈ സര്‍വിസ് ചൊവ്വാഴ്ച വൈകുന്നേരം വരെ കോണ്‍വോയ് അടിസ്ഥാനത്തില്‍ തുടരും. ക്ഷേത്രത്തില്‍ എത്തുന്നവര്‍ക്ക് വിപുലമായ സൗകര്യങ്ങളാണ് ഒരുക്കിയിരിക്കുന്നത്. ക്ഷേത്രത്തിന്‍െറ ഉടമസ്ഥതയിലുള്ള സ്ഥലത്തിന് പുറമെ ഡി.ടി.പി.സി കെട്ടിടവും താമസത്തിനായി തുറന്നുകൊടുത്തു. രാത്രിയിലും രാവിലെയും ദേവസ്വം സൗജന്യഭക്ഷണം നല്‍കി. ഭക്തരുടെ സൗകര്യാര്‍ഥം പാപനാശിനി കരയില്‍ ഉള്‍പ്പെടെ കൂടുതല്‍ ബലിസാധന കൗണ്ടറുകള്‍ തുറന്നിട്ടുണ്ട്. ചൊവ്വാഴ്ച പുലര്‍ച്ചെ 2.30 മുതല്‍ ഉച്ചക്ക് ഒന്നു വരെയാണ് ബലികര്‍മങ്ങള്‍. സബ് കലക്ടര്‍ ശീറാം സാംബശിവ റാവു ഒരുക്കങ്ങള്‍ വിലയിരുത്തി. മാനന്തവാടി ഡിവൈ.എസ്.പി അസൈനാറുടെ നേതൃത്വത്തില്‍ വിപുലമായ സുരക്ഷയാണ് ഒരുക്കിയത്. ക്ഷേത്ര പരിസരം പ്ളാസ്റ്റിക് മുക്തമാക്കാന്‍ പഞ്ചായത്തും ആരോഗ്യ വകുപ്പും കൈകോര്‍ത്ത് പ്രവര്‍ത്തിക്കുന്നുണ്ട്. പൊന്‍കുഴി ഉള്‍പ്പെടെയുള്ള ജില്ലയിലെ മറ്റ് ക്ഷേത്രങ്ങളിലും ബലികര്‍മങ്ങള്‍ ചെയ്യാനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.