കല്‍പറ്റ: തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന സ്ഥാനാര്‍ഥികളെക്കുറിച്ചറിയാന്‍ വോട്ടര്‍മാര്‍ക്ക് അവകാശമുണ്ടെന്ന് തെരഞ്ഞെടുപ്പു കമീഷന്‍ അറിയിച്ചു. സ്ഥാനാര്‍ഥികളുടെ സ്ഥാവര ജംഗമ സ്വത്തുക്കള്‍, രണ്ടു വര്‍ഷത്തേക്കോ അതില്‍കൂടുതല്‍ കാലത്തേക്കോ ശിക്ഷകിട്ടാവുന്ന വകുപ്പുകളുള്‍പ്പെടുത്തി തയാറാക്കിയ കുറ്റപത്രം, കോടതികളില്‍ നിലവിലുള്ള കേസുകള്‍, ബാങ്കുകളിലെ നിക്ഷേപം, കമ്പനികളിലെയും മ്യൂച്വല്‍ ഫണ്ടുകളിലെയും മറ്റും നിക്ഷേപം, കൃഷിഭൂമി, കാര്‍ഷികേതരഭൂമി, പാര്‍പ്പിടാവശ്യത്തിനും വാണിജ്യാവശ്യത്തിനുമുള്ള കെട്ടിടങ്ങള്‍, ബാങ്കുകള്‍ക്കോ ധനകാര്യ സ്ഥാപനങ്ങള്‍ക്കോ സര്‍ക്കാറിനോ നല്‍കാനുള്ള തുക, വിദ്യാഭ്യാസ യോഗ്യത എന്നിവ സംബന്ധിച്ച വിവരങ്ങളാണ് നാമനിര്‍ദേശ പത്രികയോടൊപ്പം സ്ഥാനാര്‍ഥികള്‍ നല്‍കേണ്ടത്. ജീവിതപങ്കാളിയുടെയും ആശ്രിതരുടെയും കേസുകള്‍ സംബന്ധിച്ച വിവരങ്ങളൊഴികെയുള്ള മറ്റെല്ലാ വിവരങ്ങളും സ്ഥാനാര്‍ഥി നല്‍കണം. തെരഞ്ഞെടുപ്പ് വിജ്ഞാപന തീയതി മുതല്‍ നാമനിര്‍ദേശ പത്രിക സ്വീകരിക്കുന്ന അവസാന തീയതി വരെ ഓരോ ദിവസവും ലഭിച്ച സത്യവാങ്മൂലം വരണാധികാരി വൈകീട്ട് മൂന്നിനുശേഷം നോട്ടീസ് ബോര്‍ഡില്‍ പ്രദര്‍ശിപ്പിക്കണം. കൂടാതെ, വരണാധികാരികള്‍ ഇവ അതതുദിവസം ജില്ലാ തെരഞ്ഞെടുപ്പ് ഓഫിസര്‍ക്ക് നല്‍കണം. പത്രിക സമര്‍പ്പിച്ച് 24 മണിക്കൂറിനകം സത്യവാങ്മൂലം ഇലക്ഷന്‍ കമീഷന്‍െറ വെബ്സൈറ്റില്‍ അപ്ലോഡ് ചെയ്യണം. സ്ഥാനാര്‍ഥി പത്രിക പിന്‍വലിച്ചാലും ഇവ സൈറ്റില്‍നിന്ന് നീക്കംചെയ്യണമെന്നില്ല. വരണാധികാരിയുടെയും ഉപ വരണാധികാരിയുടെയും ഓഫിസുകള്‍ നിയോജകമണ്ഡലത്തിന് പുറത്താണെങ്കില്‍ മണ്ഡലത്തില്‍ പൊതുജനങ്ങള്‍ കാണുന്ന ഒരു സ്ഥലത്ത് ഇവ പ്രദര്‍ശിപ്പിക്കണം. ഏതെങ്കിലുമൊരു വ്യക്തി ഒരു സ്ഥാനാര്‍ഥി സമര്‍പ്പിച്ച സത്യവാങ്മൂലത്തിന്‍െറ പകര്‍പ്പ് ആവശ്യപ്പെട്ടാല്‍ വരണാധികാരി സൗജന്യമായോ കോപ്പിയെടുക്കുന്നതിനുള്ള തുക ഈടാക്കിയോ നല്‍കണമെന്നും തെരഞ്ഞെടുപ്പ് കമീഷന്‍ നിര്‍ദേശിക്കുന്നുണ്ട്. മാധ്യമപ്രവര്‍ത്തകര്‍ക്ക് കോപ്പി നല്‍കി പത്ര-ദൃശ്യ മാധ്യമങ്ങളിലൂടെ സത്യവാങ്മൂലം സംബന്ധിച്ച് വിപുലമായ പ്രചാരണം നല്‍കാനും കമീഷന്‍ നിര്‍ദേശിക്കുന്നുണ്ട്. നാമനിര്‍ദേശ പത്രികയോടൊപ്പം സമര്‍പ്പിക്കുന്ന സത്യവാങ്മൂലം രഹസ്യരേഖയായി കമീഷന്‍ കണക്കാക്കുന്നില്ല. താന്‍ വോട്ട് ചെയ്യാന്‍ പോകുന്ന സ്ഥാനാര്‍ഥിയെക്കുറിച്ചുള്ള വിവരങ്ങളറിയാന്‍ ഓരോ വോട്ടര്‍ക്കും അവകാശമുണ്ട്. സ്ഥാനാര്‍ഥികളെ തമ്മില്‍ താരതമ്യം ചെയ്യാനും ഉചിതമായ രീതിയില്‍ വോട്ടവകാശം വിനിയോഗിക്കാനും വോട്ടര്‍ക്ക് സാധിക്കും. സ്വതന്ത്രവും നീതിപൂര്‍ണവുമായ തെരഞ്ഞെടുപ്പ് ഉറപ്പുവരുത്തുന്നതിനാണ് 1951ലെ ജനപ്രാതിനിധ്യ നിയമം ഊന്നല്‍നല്‍കുന്നത്. തെരഞ്ഞെടുപ്പ് സംബന്ധിച്ച ചെറുതും വലുതുമായ എല്ലാ കാര്യങ്ങളിലും തെരഞ്ഞെടുപ്പ് കമീഷന്‍ അപ്പപ്പോള്‍ ആവശ്യമായ മാര്‍ഗനിര്‍ദേശങ്ങള്‍ നല്‍കുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.