കാട്ടുനായ്ക്ക വിദ്യാര്‍ഥികള്‍ പ്ളസ്ടുവില്‍ പഠനം നിര്‍ത്തുന്നു

സുല്‍ത്താന്‍ ബത്തേരി: ഉന്നത വിജയം കരസ്ഥമാക്കി സ്കൂള്‍ ജീവിതം പൂര്‍ത്തിയാക്കുന്ന കാട്ടുനായ്ക്ക വിദ്യാര്‍ഥികളുടെ ഭാവി സ്കൂള്‍ പടിക്കല്‍ ഉപേക്ഷിക്കപ്പെടുന്നു. സര്‍ക്കാര്‍ സ്കൂളുകളില്‍നിന്നും മോഡല്‍ റെസിഡന്‍ഷ്യല്‍ സ്കൂളുകളില്‍നിന്നുമെല്ലാം നല്ല മാര്‍ക്കു വാങ്ങി പുറത്തിറങ്ങുന്ന വിദ്യാര്‍ഥികളാണ് ജീവിതം മുന്നോട്ടു കൊണ്ടുപോകുന്നതിന് കൂലിപ്പണിക്കും വാര്‍ക്കപ്പണിക്കുമെല്ലാം പോകുന്നത്. ആദിവാസികളുടെ വിദ്യാഭ്യാസത്തിനായി സര്‍ക്കാര്‍ ലക്ഷങ്ങള്‍ പൊടിക്കുമ്പോഴാണ് ഈ വിഭാഗത്തിലെ കുട്ടികള്‍ എങ്ങുമത്തൊതെ പോകുന്നത്. ജില്ലയിലെ ഏക കാട്ടുനായ്ക്ക റെസിഡന്‍ഷ്യല്‍ സ്കൂളാണ് കല്ലൂര്‍ രാജീവ് ഗാന്ധി മോഡല്‍ റെസിഡന്‍ഷ്യല്‍ സ്കൂള്‍. 1991ല്‍ തുടങ്ങിയ സ്കൂളില്‍ 2001ലാണ് 10ാം ക്ളാസ് ആരംഭിക്കുന്നത്. 2008ല്‍ പ്ളസ് ടു കോമേഴ്സും ആരംഭിച്ചു. കഴിഞ്ഞ വര്‍ഷം ഹുമാനിറ്റീസും ആരംഭിച്ചു. 70 വിദ്യാര്‍ഥികള്‍ വീതം 10ാം ക്ളാസില്‍നിന്നും പ്ളസ് ടുവില്‍നിന്നുമായി പഠനം പൂര്‍ത്തിയാക്കുന്നുണ്ട്. ഇത്തവണ 34 കുട്ടികള്‍ എസ്.എസ്.എല്‍.സി പരീക്ഷ എഴുതിയതില്‍ 28 കുട്ടികളും ജയിച്ചു. കഴിഞ്ഞ വര്‍ഷം ഒരു കുട്ടി മാത്രമാണ് തോറ്റത്. ജില്ലയില്‍ 20,000ത്താളം കാട്ടുനായ്ക്കര്‍ വിഭാഗക്കാരുണ്ട്. ഇവരില്‍ സര്‍ക്കാര്‍ ജോലിയുള്ളത് 50ല്‍ താഴെ മാത്രമാളുകള്‍ക്കാണ്. എല്‍.ഡി ക്ളര്‍ക്ക് തസ്തികക്കു മുകളിലുള്ള ജോലിചെയ്യുന്ന ആരുംതന്നെയില്ല. ഈ വിഭാഗത്തില്‍നിന്ന് 10 പേര്‍ മാത്രമാണ് ബിരുദാനന്തര ബിരുദം പാസായത്. 30 പേര്‍ക്കാണ് ബിരുദമുള്ളത്. 100ലധികം വിദ്യാര്‍ഥികള്‍ ബിരുദത്തിന് ചേര്‍ന്നെങ്കിലും പാതിവഴിയില്‍ ഉപേക്ഷിച്ചു. മേപ്പാടി അരണമല കോളനിയിലെ മുരളി, മനു എന്നിവര്‍ക്ക് ബിരുദത്തിന് അഡ്മിഷന്‍ ലഭിച്ചു. എന്നാല്‍, കോളനിയില്‍നിന്ന് ക്ളാസില്‍ പോയി തിരിച്ചുവരാന്‍ സാധിക്കാത്തതിനാല്‍ ഇവര്‍ക്ക് കോളജില്‍ പോകാന്‍ സാധിച്ചില്ല. ജില്ലയില്‍ നല്ലൂര്‍നാട്, കണിയാമ്പറ്റ, പൂക്കോട്, തിരുനെല്ലി, കല്ലൂര്‍ എന്നിവിടങ്ങളിലാണ് ആദിവാസികള്‍ക്ക് റെസിഡന്‍ഷ്യല്‍ സ്കൂളുകളുള്ളത്. മറ്റു പട്ടികവര്‍ഗ വിഭാഗക്കാരില്‍ പലരും ഉന്നത ജോലിയിലത്തെുന്നുണ്ടെങ്കിലും കാട്ടുനായ്ക്കര്‍ ഇപ്പോഴും ഏറെ പിന്നിലാണ്. കോളജില്‍ ചേരുന്ന കുട്ടിക്ക് 400 രൂപയാണ് ആകെ കിട്ടുന്ന സ്റ്റൈപ്പന്‍ഡ്. ഈ തുകകൊണ്ട് കോളജ് പഠനം മുന്നോട്ടു കൊണ്ടുപോകാന്‍ സാധ്യമല്ല. കോളജുകളില്‍ താമസസൗകര്യം നല്‍കാത്തതും കുട്ടികളെ പഠനത്തില്‍നിന്ന് പുറന്തള്ളുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.