അഴുക്കുചാലായി കല്‍പറ്റ തോട്; ഒത്താശ ചെയ്ത് അധികൃതര്‍

കല്‍പറ്റ: ഒരു തോടിനെ എത്രത്തോളം മലിനമാക്കാം എന്നറിയണമെങ്കില്‍ കല്‍പറ്റ നഗരത്തിലേക്ക് വരുക. വരള്‍ച്ചയും കുടിവെള്ളക്ഷാമവും രൂക്ഷമാകുമ്പോഴും നഗരത്തിലെ നീരൊഴുക്കില്‍ ഇപ്പോള്‍ ഒഴുകുന്നത് മാലിന്യം മാത്രമാണ്. കല്‍പറ്റ നഗരത്തിന്‍െറ ഹൃദയഭാഗത്തുകൂടി ഒഴുകുന്ന തോടിനരികെയുള്ള വീട്ടുകാര്‍ക്ക് മൂക്കുപൊത്താതെ ജീവിക്കാനാവില്ളെന്ന അവസ്ഥയാണിപ്പോള്‍. നഗരപ്രാന്തത്തിലുള്ള എസ്റ്റേറ്റില്‍നിന്നുല്‍ഭവിക്കുന്ന ഈ തെളിനീരുറവ ജനവാസമേഖലയിലേക്ക് ഒഴുകിയത്തെുന്നതോടെ തീര്‍ത്തും മലിനമാവുകയാണ്. നഗരത്തിലെ മിക്ക കടകളില്‍നിന്നുമുള്ള മാലിന്യം ഓവുചാല്‍ വഴി ഒഴുകിയത്തെുന്നത് ഈ തോട്ടിലേക്കാണ്. പഴയ ബസ്സ്റ്റാന്‍ഡിന് അരികെയുള്ള സ്ഥാപനങ്ങളില്‍നിന്നാണ് മാലിന്യമൊഴുക്ക് കൂടുതല്‍. പരിസരത്തെ ഒരു ലോഡ്ജില്‍നിന്ന് കാലങ്ങളായി മാലിന്യം ഒഴുക്കുന്നത് ഈ തോട്ടിലാണ്. ഓവുചാലിലേക്ക് മലവിസര്‍ജ്യമടക്കമുള്ള മാലിന്യങ്ങള്‍ തുറന്നുവിടുന്നതിനെതിരെ സമീപത്തെ മറ്റു കച്ചവടക്കാര്‍ വരെ പ്രതിഷേധം ഉയര്‍ത്തിയിട്ടും നഗരസഭാ അധികൃതര്‍ അനങ്ങാപ്പാറ നയം സ്വീകരിക്കുകയാണ് എന്നാണ് ആക്ഷേപം. കൗണ്‍സിലര്‍മാര്‍ അടക്കമുള്ളവര്‍ മുന്നിട്ടിറങ്ങി പ്രതിഷേധിച്ചപ്പോള്‍ മാസങ്ങള്‍ക്കു മുമ്പ് നഗരസഭാ ആരോഗ്യവകുപ്പ് ഓവുചാലില്‍ പരിശോധന നടത്തിയെങ്കിലും സ്ഥിരമായി ഈ മാലിന്യനിക്ഷേപം തടയാന്‍ സംവിധാനമൊരുക്കുന്നില്ല. ഒരു ഷോപ്പിങ് മാളില്‍നിന്നുള്ള മാലിന്യം ഒഴുക്കലും കഴിഞ്ഞ ദിവസങ്ങളില്‍ നടത്തിയ പരിശോധനയില്‍ കണ്ടത്തെിയിരുന്നു. എന്നാല്‍, ശിക്ഷാനടപടി ചെറിയ പിഴത്തുകയിലൊതുക്കുന്ന അധികൃതര്‍, സ്ഥാപനത്തില്‍നിന്ന് ഓവുചാലിലേക്കുള്ള പൈപ്പുകള്‍ അടക്കാന്‍ ബന്ധപ്പെട്ട സ്ഥാപനത്തത്തെന്നെ ഏല്‍പിക്കുകയാണ് പതിവ്. എന്നാല്‍, ഈ പൈപ്പുകള്‍ അടക്കാതെ അടുത്ത ദിവസം മുതല്‍ വീണ്ടും മാലിന്യനിക്ഷേപം തുടരും. തോട്ടിലേക്ക് അഴുക്കുവെള്ളം പമ്പു ചെയ്ത ഒരു ഹോട്ടലിലെ മോട്ടോറും പമ്പും നഗരസഭാ അധികൃതര്‍ പിടിച്ചെടുത്തിരുന്നു. ഇടക്കിടെ, ഇത്തരം പരിശോധനകള്‍ അരങ്ങുതകര്‍ക്കുമ്പോഴും മാലിന്യം തോട്ടിലേക്കൊഴുകിയത്തെുന്നതിന് കുറവൊന്നുമുണ്ടാകുന്നില്ല. ഈയിടെ ജെ.സി.ബി ഉപയോഗിച്ച് ചില ഭാഗങ്ങളില്‍ തോട്ടില്‍നിന്ന് ചളി കോരിയെങ്കിലും പതിന്മടങ്ങ് മാലിന്യം ഒഴുകിയത്തെി വീണ്ടും പഴയ പടിയായി. കല്‍പറ്റ പള്ളിത്താഴെ പ്രദേശത്ത് ജനവാസ മേഖലയില്‍കൂടിയാണ് ഈ തോട് ഒഴുകുന്നത്. എന്നാല്‍, കറുത്ത നിറത്തില്‍ അഴുക്കുവെള്ളമൊഴുകുന്ന തോട്ടില്‍നിന്ന് അസഹനീയ ദുര്‍ഗന്ധമാണ് വമിക്കുന്നത്. കൊതുകുശല്യവും മറ്റും രൂക്ഷമാണെന്നും നാട്ടുകാര്‍ പറയുന്നു. വരള്‍ച്ചക്കാലത്ത് അമ്പിലേരിയിലും മുണ്ടേരിയിലുമൊക്കെ ഒരുപാടുപേര്‍ ആശ്രയിച്ചിരുന്ന തോടാണ് ഈ രീതിയില്‍ അഴുക്കുചാലായി മാറിയത്. മണിയങ്കോട് പുഴയില്‍ ഈ അഴുക്കുവെള്ളം എത്തിച്ചേരുന്നതിനാല്‍ പുഴയില്‍ കുളിക്കുന്നവര്‍ക്ക് ചൊറിച്ചിലും മറ്റും ഉണ്ടാകുന്നതായും പരാതിയുണ്ട്. തോടരികിലുള്ള അനധികൃത നിര്‍മാണങ്ങള്‍ തടയാനും നഗരസഭാ അധികൃതര്‍ ശ്രദ്ധിക്കാറില്ല. കൈയേറ്റം അതിന്‍െറ മൂര്‍ധന്യത്തിലായിട്ടും അതിന് കുടപിടിക്കുന്ന രീതിയിലുള്ള സമീപനമാണ് ഏതു മുന്നണികള്‍ ഭരിക്കുമ്പോഴും സ്വീകരിക്കുന്നത് എന്ന ആരോപണം ശക്തമാണ്. തോടിനു കുറുകെ മുക്കിനുമുക്കിന് വലിയ പാലങ്ങള്‍ സ്വകാര്യവ്യക്തികള്‍ നിര്‍മിക്കുമ്പോഴും തടയപ്പെടുന്നില്ല. നഗരപരിധിയിലെ തോടുകൈയേറ്റത്തിനെതിരെ അധികൃതര്‍ കര്‍ശനനടപടി സ്വീകരിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.