മേപ്പാടി: ജലവിതരണ പദ്ധതികള്‍ കടലാസിലുറങ്ങുമ്പോള്‍ തോട്ടംമേഖലയില്‍ ജലക്ഷാമം അതിരൂക്ഷം. പുഴകള്‍ വറ്റിവരണ്ടതോടെ പുഴവെള്ളത്തെ ആശ്രയിച്ചുള്ള ഗ്രാമപഞ്ചായത്തിന്‍െറ ജലവിതരണവും നിലച്ചു. ഇതോടെ ടൗണിലും പരിസരങ്ങളിലുമുള്ള ജനങ്ങള്‍ കുടിവെള്ളത്തിനായി നെട്ടോട്ടമോടുകയാണ്. ഉയര്‍ന്ന തോതില്‍ പണം കൊടുത്ത് സ്വകാര്യ ജലവിതരണ ഏജന്‍സികളില്‍നിന്ന് വെള്ളം വാങ്ങിയാണ് പലരും ആവശ്യങ്ങള്‍ നിറവേറ്റുന്നത്. ഹോട്ടലുകള്‍ പലതും അടച്ചിടല്‍ ഭീഷണി നേരിടുന്നു. തിളക്കുന്ന വേനലില്‍ പ്രദേശത്തെ പുഴകളും തോടുകളും വറ്റി വരണ്ടു കഴിഞ്ഞു. അലക്കാനും കുളിക്കാനുമെല്ലാം പുഴകളില്‍ അവിടവിടെയായി കെട്ടിക്കിടക്കുന്ന ഇത്തിരി വെള്ളത്തെ ആശ്രയിക്കേണ്ട ഗതികേടിലാണ് സാധാരണക്കാര്‍. തിളക്കുന്ന ചൂടിനെ പ്രതിരോധിക്കാന്‍ ഏറെ പ്രയാസപ്പെടുകയാണ് വളര്‍ത്തു മൃഗങ്ങള്‍പോലും. ഈ അവസ്ഥ തുടര്‍ന്നാല്‍ അടുത്ത ഘട്ടം എന്ത് എന്ന ആശങ്കയിലാണ് ജനങ്ങള്‍. ജലക്ഷാമം നേരിടാന്‍ മുന്‍ കാഴ്ചയോടെയുള്ള ജല വിതരണ പദ്ധതികളൊന്നുമില്ലാത്തതാണ് തോട്ടം മേഖലയുടെ ശാപം. ഇക്കാര്യത്തില്‍ പ്രാദേശിക ഭരണ സംവിധാനങ്ങളും പരാജയമാണെന്ന ആക്ഷേപം ജനങ്ങള്‍ക്കിടയില്‍ ശക്തമാണ്. മേപ്പാടി കെ.ബി റോഡിലുള്ള ഉപയോഗ ശൂന്യമായി കിടന്നിരുന്ന പഞ്ചായത്ത് കിണര്‍ പൗരസമിതി പ്രവര്‍ത്തകര്‍ മുന്‍കൈയെടുത്ത് ഈയിടെ വൃത്തിയാക്കിയിരുന്നു. ആരോഗ്യ വകുപ്പധികൃതരുടെ സഹായത്തോടെ വെള്ളം ശുദ്ധീകരിക്കാനും അണുവിമുക്തമാക്കാനും നടപടി സ്വീകരിക്കുകയും കഴിഞ്ഞ രണ്ടു ദിവസങ്ങളിലായി ടൗണില്‍ അവര്‍ കുടിവെള്ള വിതരണം നടത്തുകയും ചെയ്യുന്നുണ്ട്. എന്നാല്‍, ഇത് ശാശ്വത പരിഹാരമാകുന്നില്ളെന്നും ഭാരവാഹികള്‍ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.