അനിയന്ത്രിത കുഴല്‍ക്കിണര്‍ നിര്‍മാണം തടയാന്‍ സര്‍ക്കാര്‍ സംവിധാനങ്ങളില്ല

മാനന്തവാടി: മുമ്പെങ്ങുമില്ലാത്ത വിധം വയനാട്ടില്‍ വരള്‍ച്ച രൂക്ഷമായതിനും ഭൂഗര്‍ഭജലം ക്രമാതീതമായി താഴ്ന്നതിനും പ്രധാന കാരണമായ അനിയന്ത്രിത കുഴല്‍ക്കിണറുകളുടെ നിര്‍മാണം തടയാന്‍ നിലവില്‍ സര്‍ക്കാര്‍ സംവിധാനങ്ങളില്ലാത്തത് തിരിച്ചടിയാകുന്നു. കേരളത്തിനകത്തുനിന്നും ഇതര സംസ്ഥാനത്തുനിന്നുമുള്ള കുഴല്‍ക്കിണര്‍ ലോബികള്‍ ഒരു മാനദണ്ഡവും പാലിക്കാതെയാണ് കുഴല്‍ക്കിണറുകള്‍ കുഴിക്കുന്നത്. മാനന്തവാടിയില്‍ ഒരേക്കര്‍ സ്ഥലത്ത് ഒമ്പത് കിണറുകള്‍ ഒരേ സമയം കുഴിച്ച സംഭവവും ഉണ്ടായിട്ടുണ്ട്. ഭൂഗര്‍ഭ ജല വിഭവ വകുപ്പ് ഒരു വര്‍ഷം 75 മുതല്‍ 80 വരെ കുഴല്‍ക്കിണറുകളാണ് കുഴിക്കുന്നത്. 2010ല്‍ ലഭിച്ച അപേക്ഷ പ്രകാരമാണ് നിലവില്‍ കുഴിക്കുന്നത്. സ്വകാര്യ ലോബികളാകട്ടെ ഇതിന്‍െറ അഞ്ചിരട്ടി കിണറുകളാണ് ഒരു വര്‍ഷം കുഴിക്കുന്നത്. 90 മീറ്റര്‍ താഴ്ചയുള്ള കുഴല്‍ക്കിണര്‍ കുഴിക്കുന്നതിന് ഭൂഗര്‍ഭ ജല വിഭവ വകുപ്പ് 53,000 രൂപയാണ് ഈടാക്കുന്നത്. സ്വകാര്യ ലോബി ഇതിന്‍െറ ഇരട്ടി തുകയാണ് ഈടാക്കുന്നത്. ചെറുകിട കര്‍ഷകരാണെന്ന സര്‍ട്ടിഫിക്കറ്റ് ഹാജരാക്കിയാല്‍ 19,500 രൂപ മാത്രമാണ് ഈടാക്കുന്നത്. 10 സെന്‍റില്‍ താഴെയാണെങ്കില്‍ ഫീസ് വീണ്ടും കുറയും. ജലവിഭവ വകുപ്പിന് യഥാര്‍ഥത്തില്‍ 50,000 രൂപയോളം ചെലവ് വരുന്നുണ്ട്. ബാക്കി തുക നഷ്ടത്തിലാണ്. തദ്ദേശ സ്ഥാപനങ്ങളുടെ കുടിവെള്ള പദ്ധതികള്‍ പരിശോധിക്കാനും അനുമതിപത്രം നല്‍കാനും മാത്രമാണ് നിലവില്‍ സംവിധാനമുള്ളത്. നിലവില്‍ ഒരു ജീവനക്കാരന്‍ മാത്രമാണുള്ളത്. ഇയാള്‍ 22 പഞ്ചായത്ത്, മൂന്ന് നഗരസഭകള്‍, നാല് ബ്ളോക് പഞ്ചായത്തുകള്‍, ഒരു ജില്ലാ പഞ്ചായത്ത് എന്നിവയുടെ കുടിവെള്ള പദ്ധതികള്‍ പരിശോധിച്ച് അനുമതി നല്‍കണം. അതുകൊണ്ടുതന്നെ സ്വകാര്യ കിണറുകള്‍ പരിശോധിക്കാന്‍ കഴിയാറില്ല. നിലവില്‍ ജില്ലയില്‍ 45 കിണറുകളില്‍നിന്ന് മാസംതോറും സാമ്പ്ള്‍ ശേഖരിച്ചാണ് ഭൂഗര്‍ഭജലത്തിന്‍െറ അളവ് കണക്കാക്കുന്നത്. ഇതുപ്രകാരം സെമി ക്രിറ്റിക്കല്‍ പ്രദേശങ്ങളായി പുല്‍പള്ളി, മുള്ളന്‍കൊല്ലി പഞ്ചായത്തുകളെ മാത്രമേ കണക്കാക്കുന്നുള്ളൂ. ക്രിറ്റിക്കല്‍, ഓവര്‍ എക്സ്പ്ളോയിറ്റഡ് എന്നീ മേഖലകളായി വയനാട്ടിലെ ഒരു സ്ഥലവും തിരിച്ചിട്ടില്ല. അതുകൊണ്ടുതന്നെ സര്‍ക്കാര്‍ കണക്കില്‍ വയനാട് വരള്‍ച്ചബാധിത പ്രദേശങ്ങളില്‍ ഉള്‍പ്പെടുന്നുമില്ല. ഭൂഗര്‍ഭജലത്തിന്‍െറ ചൂഷണം തടയാന്‍ കുഴല്‍ക്കിണറുകള്‍ കുഴിക്കുന്നതിന് തദ്ദേശ സ്ഥാപനങ്ങളുടെ അനുമതി വേണമെന്ന് സര്‍ക്കാര്‍ തീരുമാനിച്ചിരുന്നെങ്കിലും അതിന്‍െറ ഉത്തരവ് വര്‍ഷങ്ങളായി വെളിച്ചം കണ്ടിട്ടില്ല. ഈ സാഹചര്യത്തില്‍ സര്‍ക്കാര്‍ അടിയന്തരമായി ഇടപെട്ട് കുഴല്‍ക്കിണര്‍ നിര്‍മാണത്തിന് തദ്ദേശ സ്ഥാപനങ്ങളുടെ അനുമതിപത്രം വാങ്ങണമെന്ന ഉത്തരവിറക്കിയാലേ വയനാട് ജലക്ഷാമത്തില്‍നിന്ന് മോചിതമാകൂ. വ്യവസായിക ആവശ്യങ്ങള്‍ക്ക് കുഴല്‍ക്കിണര്‍ കുഴിക്കുന്നതിനു പോലും നിലവില്‍ നിയന്ത്രണങ്ങളില്ളെന്നതാണ് വസ്തുത.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.