ജീവനക്കാരും സംവിധാനങ്ങളുമില്ലാതെ ഫയര്‍ ഫോഴ്സ് കിതക്കുന്നു

സുല്‍ത്താന്‍ ബത്തേരി: അത്യാഹിതങ്ങള്‍, വാഹനാപകടങ്ങള്‍, കാട്ടുതീ... നിത്യേനയത്തെുന്നത് നിരവധി കോളുകള്‍. ഫോണ്‍ അറ്റന്‍ഡ് ചെയ്യാന്‍ ഓഫിസ് സ്റ്റാഫില്ല. ക്ളറിക്കല്‍ ഡ്യൂട്ടിക്കാളില്ല. ലീഡിങ് ഫയര്‍മാന്‍ നാലുപേര്‍ വേണ്ടിടത്ത് രണ്ടാള്‍ മാത്രം. 24 ഫയര്‍മാന്‍ തസ്തികകളില്‍ 21ഉം ഒഴിഞ്ഞുകിടക്കുന്നു. ആകെയുള്ളത് മൂന്നുപേര്‍ മാത്രം. ഒമ്പതു പേരെ ട്രെയിനികളായി എടുത്തിട്ടുണ്ട്. അവരില്‍ ആറുപേരും പരിശീലനത്തിലാണ്. ആകെയുണ്ടായിരുന്ന ഒരു ഓഫിസ് ജീവനക്കാരന്‍ കല്‍പറ്റയിലേക്ക് സ്ഥലം മാറിപ്പോയി. സ്റ്റേഷന്‍ ഓഫിസര്‍ അടുത്ത മാസം റിട്ടയറാവും. പിന്നെയുള്ളത് ഒരു അസി. സ്റ്റേഷന്‍ ഓഫിസറാണ്. താല്‍ക്കാലിക ഡ്യൂട്ടി ചെയ്യുന്ന 12 ഹോം ഗാര്‍ഡുകള്‍ ഉള്ളതുകൊണ്ടു മാത്രമാണ് ബത്തേരിയിലെ ഫയര്‍ഫോഴ്സ് സംവിധാനം മുടങ്ങാതെ മുന്നോട്ടു പോകുന്നത്. ഫയര്‍ സ്റ്റേഷന്‍ വക ആംബുലന്‍സ് ബാറ്ററി പ്രവര്‍ത്തന രഹിതമായി അനാഥമായി കിടക്കുന്നു. പുതിയ ബാറ്ററി വാങ്ങാന്‍ ഫണ്ടില്ല. ആധുനിക സൗകര്യങ്ങളോടെയുള്ള പുതിയ റസ്ക്യൂ വാഹനം മാര്‍ച്ചില്‍ കിട്ടിയെങ്കിലും ഒരാഴ്ചയായപ്പോള്‍ പണിമുടക്കി. ഒരു മാസക്കാലത്തിനുശേഷം കഴിഞ്ഞ ദിവസം അറ്റകുറ്റപ്പണികള്‍ തീര്‍ത്ത് വാഹനം വീണ്ടും സജ്ജമായി. അപകടകരമായ കാടും മലയും പുഴയും പാറമടകളും അണക്കെട്ടുകളും ഏറെയുള്ള ബത്തേരി മേഖലയില്‍ ഫയര്‍ ഫോഴ്സിന് ഭാരിച്ച പണിയുണ്ട്. വേനലായതോടെ കാട്ടുതീ നിത്യസംഭവമായി. ലീവെടുക്കാന്‍ പോലുമാവാതെ കുടുങ്ങിയ അവസ്ഥയിലാണ് നിലവിലുള്ള ജീവനക്കാര്‍.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.