കല്‍പറ്റ: അഭ്യൂഹങ്ങള്‍ക്ക് വിരാമമിട്ട് ജില്ലയിലെ ഏക ജനറല്‍ സീറ്റായ കല്‍പറ്റ നിയോജക മണ്ഡലത്തില്‍ യു.ഡി.എഫ് സ്ഥാനാര്‍ഥിയായി സിറ്റിങ് എം.എല്‍.എ എം.വി. ശ്രേയാംസ്കുമാര്‍തന്നെ മത്സരിക്കും. ഇതുസംബന്ധിച്ച ഒൗദ്യോഗിക പ്രഖ്യാപനം വൈകാതെ ഉണ്ടാകും. ശ്രേയാംസ് മാറിനില്‍ക്കുമെന്ന ഊഹാപോഹം സജീവമായിരുന്നെങ്കിലും ജനതാദള്‍-യു സ്ഥാനാര്‍ഥിയായി അദ്ദേഹം അങ്കത്തിനിറങ്ങുമെന്ന് പാര്‍ട്ടിവൃത്തങ്ങള്‍ വ്യക്തമാക്കി. ശ്രേയാംസിന് വോട്ടഭ്യര്‍ഥിച്ച് മണ്ഡലത്തിന്‍െറ പല ഭാഗങ്ങളിലും പ്രചാരണ ബോര്‍ഡുകള്‍ ഇതിനകം പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. ബൂത്ത്, പഞ്ചായത്തുതല തെരഞ്ഞെടുപ്പ് കമ്മിറ്റികള്‍ രൂപവത്കരിച്ചുകഴിഞ്ഞു. തങ്ങള്‍ക്ക് ഏറെ അടിത്തറയുള്ള മണ്ഡലത്തില്‍ യു.ഡി.എഫ് ക്യാമ്പ് ചൂടുപിടിക്കുന്നതേയുള്ളൂ. ഇടതുമുന്നണി സ്ഥാനാര്‍ഥിയായി നിശ്ചയിച്ച സി.പി.എം ജില്ലാ സെക്രട്ടറി സി.കെ. ശശീന്ദ്രന്‍ പ്രചാരണരംഗത്ത് ഏറെ മുന്നേറിക്കഴിഞ്ഞ അവസ്ഥയിലാണ് ശ്രേയാംസ്കുമാര്‍ അങ്കത്തട്ടിലേക്കിറങ്ങുന്നത്. യു.ഡി.എഫ് നിയോജകമണ്ഡലം കണ്‍വെന്‍ഷനും രാജ്യസഭാംഗമായി തെരഞ്ഞെടുക്കപ്പെട്ട ദള്‍ അധ്യക്ഷന്‍ എം.പി. വീരേന്ദ്രകുമാറിന് സ്വീകരണവും ഏപ്രില്‍ എട്ടിന് ഉച്ചക്ക് രണ്ടിന് കല്‍പറ്റ ചന്ദ്രഗിരി ഓഡിറ്റോറിയത്തില്‍ നടക്കും. മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി ഉദ്ഘാടനം ചെയ്യുന്ന കണ്‍വെന്‍ഷനില്‍ പാണക്കാട് ഹൈദരലി ശിഹാബ് തങ്ങള്‍, പി.കെ. കുഞ്ഞാലിക്കുട്ടി തുടങ്ങിയവര്‍ പങ്കെടുക്കും. ശ്രേയാംസിന് വോട്ടഭ്യര്‍ഥിച്ചുള്ള നോട്ടീസും ഫ്ളക്സുമൊക്കെ രണ്ടുമൂന്നു ദിവസങ്ങള്‍ക്കുള്ളില്‍ മണ്ഡലത്തിലുടനീളം പതിക്കുമെന്ന് യു.ഡി.എഫ് വൃത്തങ്ങള്‍ പറഞ്ഞു. സാമൂഹികമാധ്യമങ്ങളിലും ശ്രേയാംസിനുവേണ്ടി വോട്ടഭ്യര്‍ഥന തുടങ്ങിക്കഴിഞ്ഞു. ന്യൂനപക്ഷ വോട്ടുകളില്‍ ഇക്കുറി അടിയൊഴുക്ക് നടക്കുമെന്ന സൂചനകള്‍ കണക്കിലെടുത്ത് ഈ മേഖലകളില്‍ മുന്നണിസംവിധാനം കാര്യക്ഷമമായി പ്രവര്‍ത്തിപ്പിക്കാനാണ് തീരുമാനം. ലീഗിന്‍െറ സമുന്നത നേതാക്കളെ മണ്ഡലം കണ്‍വെന്‍ഷനില്‍ പങ്കെടുപ്പിക്കുന്നത് ഇതിന്‍െറ ഭാഗമായാണെന്ന് വ്യാഖ്യാനിക്കപ്പെടുന്നു. കേരളത്തിനു പുറത്തുനിന്ന് പ്രത്യേക സര്‍വേ സംഘത്തെ വരുത്തി വിജയസാധ്യത പരിശോധിച്ചശേഷമാണ് യു.ഡി.എഫ് സ്ഥാനാര്‍ഥിയായി ശ്രേയാംസ്കുമാര്‍ കളത്തിലിറങ്ങുന്നതെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ഈ സര്‍വേയില്‍ വിജയസാധ്യതയുണ്ടെന്നാണ് കണ്ടത്തെലെന്നും പാര്‍ട്ടികേന്ദ്രങ്ങള്‍ വ്യക്തമാക്കി. യുവനേതാക്കളായ ഷേക് പി. ഹാരിസ്, സലീം മടവൂര്‍ എന്നിവരുടെ പേരുകളും കല്‍പറ്റ മണ്ഡലത്തോടു ചേര്‍ന്ന് ഉയര്‍ന്നുവന്നിരുന്നെങ്കിലും ഒടുവില്‍ ശ്രേയാംസ് തന്നെ മത്സരിക്കുകയെന്ന തീരുമാനത്തില്‍ പാര്‍ട്ടി എത്തിച്ചേരുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.