ഗൂഡല്ലൂരില്‍ ഹര്‍ത്താല്‍ പൂര്‍ണം

ഗൂഡല്ലൂര്‍: വന്യമൃഗഭീഷണിയില്‍നിന്ന് ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം നല്‍കണമെന്നാവശ്യപ്പെട്ട് ഡി.എം.ഡി.കെ, ജനക്ഷേമമുന്നണി എന്നിവര്‍ ആഹ്വാനംചെയ്ത 12 മണിക്കൂര്‍ ഹര്‍ത്താല്‍ പൂര്‍ണം. ഗൂഡല്ലൂര്‍, പന്തല്ലൂര്‍ താലൂക്കുകളിലെ കടകള്‍ പൂര്‍ണമായും അടച്ചിട്ടു. ഊട്ടി താലൂക്കിലെ മസിനഗുഡിയില്‍ രാവിലെ പത്തുമുതല്‍ ഉച്ചക്ക് ഒരുമണി വരെ കടകള്‍ അടച്ചിട്ടു. ടാക്സി, ഓട്ടോകള്‍ ഓടിയില്ല. ഗൂഡല്ലൂരില്‍ ചില ഓട്ടോകള്‍ സര്‍വിസ് നടത്തി. അനിഷ്ടസംഭവങ്ങളൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. കാട്ടാനകളുടെ അക്രമത്തില്‍ കൊല്ലപ്പെട്ടവരെക്കുറിച്ചുള്ള വിവരങ്ങളടങ്ങിയ നിവേദനം ജനക്ഷേമമുന്നണി നേതാക്കള്‍ ഗൂഡല്ലൂര്‍ ആര്‍.ഡി.ഒക്ക് കൈമാറി. ഓവാലിയില്‍ ഒരേ ആനതന്നെ ഇതുവരെ എട്ടുപേരെ കൊന്നിട്ടുണ്ട്. കഴിഞ്ഞ മാര്‍ച്ച് 30ന് ഓവാലിയില്‍ കൊല്ലപ്പെട്ട മഞ്ചുശ്രീ പ്ളാന്‍േറഷന്‍ തൊഴിലാളി രാധാകൃഷ്ണന്‍െറ കുടുംബത്തിന് പത്തുലക്ഷവും ഒരാള്‍ക്ക് സര്‍ക്കാര്‍ ജോലിയും സ്വന്തമായി വീട് നിര്‍മിച്ച് നല്‍കണമെന്നും പരിക്കേറ്റ് ചികിത്സയിലുള്ള വിശ്വനാഥന് ലക്ഷംരൂപ ധനസഹായം അനുവദിക്കണമെന്നും നിവേദനത്തില്‍ ആവശ്യപ്പെട്ടു. വന്യമൃഗങ്ങളുടെ ആക്രമണത്തില്‍ കൊല്ലപ്പെടുന്നവരുടെ മൃതദേഹം ഉടന്‍ സ്ഥലത്തുനിന്ന് മാറ്റുന്ന പൊലീസ് നടപടി പ്രതിഷേധാര്‍ഹമാണെന്നും നിവേദനത്തില്‍ പറയുന്നു. ബന്ധുക്കളെയും പൊതുജനങ്ങളെയും കാണാനനുവദിക്കാതെ മൃതദേഹം മാറ്റരുത്, വന്യമൃഗങ്ങള്‍ ജനവാസകേന്ദ്രങ്ങളിലേക്ക് എത്തുന്നത് തടയുക, എട്ടുപേരെ കൊലപ്പെടുത്തിയ ആനയെ ദൂരവനത്തിലേക്കോ പിടികൂടി വളര്‍ത്തുക്യാമ്പിലേക്ക് കൊണ്ടുപോവാനോ നടപടിയുണ്ടാവുക എന്നിവയും നിവേദനത്തില്‍ ആവശ്യപ്പെട്ടു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.