പൊലീസുകാരനെതിരായ കേസില്‍ ഹാജരായ വക്കീലിനെതിരെ ജാമ്യമില്ലാ വകുപ്പുകള്‍ ചുമത്തി കേസ്

സുല്‍ത്താന്‍ബത്തേരി: പൊലീസുകാരനെതിരായ പരാതിയില്‍ ഹരജിക്കാരനു വേണ്ടി കോടതിയില്‍ ഹാജരായ വക്കീലിനെതിരെ ജാമ്യമില്ലാ വകുപ്പുകള്‍ ചുമത്തി അമ്പലവയല്‍ പൊലീസ് കേസെടുത്തു. കോടതിയില്‍ വ്യാജരേഖ ഹാജരാക്കിയെന്നാരോപിച്ച് ബത്തേരി ബാര്‍ അസോസിയേഷന്‍ വൈസ് പ്രസിഡന്‍റ് കൂടിയായ അഡ്വ. കെ.പി. പ്രവീണിനെതിരെയാണ് കേസെടുത്ത് 506/15 ആയി എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തത്. ഐ.പി.സി 465, 467, 468, ആര്‍.ഡബ്ള്യു 34 എന്നീ ജാമ്യമില്ലാ വകുപ്പുകളാണ് ചുമത്തിയിട്ടുള്ളത്. പൊലീസ് നടപടിയില്‍ പ്രതിഷേധിച്ച് ബത്തേരി ബാര്‍ അസോസിയേഷന്‍െറ നേതൃത്വത്തില്‍ വെള്ളിയാഴ്ച അമ്പലവയല്‍ പൊലീസ് സ്റ്റേഷനിലേക്ക് മാര്‍ച്ച് നടത്തും. പൊലീസുകാരനുമായി ഒത്തുകളിച്ച് തികച്ചും നിയമവിരുദ്ധമായി കേസെടുത്ത അമ്പലവയല്‍ സ്റ്റേഷന്‍ ഹൗസ് ഓഫിസര്‍ക്കെതിരെ അടിയന്തര നടപടി സ്വീകരിക്കുക, എഫ്.ഐ.ആര്‍ റദ്ദ് ചെയ്യുക എന്നീ ആവശ്യങ്ങളുന്നയിച്ചാണ് മാര്‍ച്ച് നടത്തുന്നത്. അഭിഭാഷകരുടെ തൊഴില്‍പരമായ അവകാശങ്ങളിലുള്ള കടന്നുകയറ്റമാണ് പൊലീസ് നടപടിയെന്ന് ബാര്‍ അസോസിയേഷന്‍ ഭാരവാഹികള്‍ ആരോപിച്ചു. എന്നാല്‍, കോടതിയില്‍ വ്യാജരേഖ നല്‍കി തനിക്കും കുടുംബത്തിനും മാനഹാനിയുണ്ടാക്കിയെന്ന വീട്ടമ്മയുടെ പരാതിയില്‍ അന്വേഷണത്തിനു വേണ്ടി എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്ത് അന്വേഷണമാരംഭിക്കുക മാത്രമാണ് പൊലീസ് ചെയ്തതെന്ന് അമ്പലവയല്‍ എസ്.ഐ ബിജു ആന്‍റണി ‘മാധ്യമ’ത്തോട് വിശദീകരിച്ചു. അമ്പലവയല്‍ പൊലീസ് ക്വാര്‍ട്ടേഴ്സില്‍ താമസിക്കുന്ന ബത്തേരി സ്റ്റേഷനിലെ സിവില്‍ പൊലീസ് ഓഫിസര്‍ സുനില്‍കുമാറും ഭാര്യാ സഹോദരി സുഷമ പ്രദീപും തമ്മിലുണ്ടാക്കിയ വസ്തുവില്‍പന കരാറുമായി ബന്ധപ്പെട്ടാണ് പ്രശ്നങ്ങളുടെ തുടക്കം. സുനില്‍കുമാറിന്‍െറ ഉടമസ്ഥതയില്‍ അമ്പലവയല്‍ ഗവ. എല്‍.പി സ്കൂളിന് സമീപമുള്ള ആറര സെന്‍റ് സ്ഥലവും കോണ്‍ക്രീറ്റ് കെട്ടിടവും പതിനഞ്ചര ലക്ഷം രൂപ വില നിശ്ചയിച്ച് സുഷമക്ക് വില്‍പന നടത്തിയിരുന്നു. വസ്തു രജിസ്റ്റര്‍ ചെയ്തു കിട്ടുന്നതിന് അഡ്വാന്‍സായി 2014 മേയ് ആറിന് ഏഴു ലക്ഷം രൂപ കൈമാറുകയും ഒരു ലക്ഷം രൂപ 2014 മേയ് 30നും ബാക്കി രജിസ്ട്രേഷന്‍ സമയത്തും നല്‍കാമെന്നായിരുന്നു കരാര്‍. മേയ് 30ന് കരാര്‍പ്രകാരമുള്ള ഒരു ലക്ഷം രൂപ കൊടുക്കാന്‍ സുഷമക്ക് കഴിഞ്ഞില്ല. ഇതേ തുടര്‍ന്ന് കൈവശം നല്‍കിയ വീട് ഒഴിഞ്ഞുകൊടുക്കാന്‍ സുനില്‍കുമാര്‍ സുഷമയോടാവശ്യപ്പെടുകയായിരുന്നു. വീട് ഒഴിപ്പിക്കുന്നതിനെതിരെ സുഷമ ബത്തേരി മുന്‍സിഫ് കോടതിയില്‍ നല്‍കിയ അന്യായത്തില്‍ അഡ്വ. കെ.പി. പ്രവീണാണ് സുഷമക്കുവേണ്ടി കേസ് വാദിക്കുകയും ഹരജിക്കാരിക്ക് അനുകൂലമായി ഇടക്കാല ഉത്തരവ് നേടുകയും ചെയ്തത്. കേസിന് സഹായകമായി കോടതിയില്‍ സമര്‍പ്പിച്ച കരാറിന്‍െറ കോപ്പിയില്‍ ഒറിജിനല്‍ കരാറിനു പുറമെ വ്യാജമായി ചില സംഗതികള്‍ എഴുതിച്ചേര്‍ത്തുവെന്നും തനിക്കും തന്‍െറ കുടുംബത്തിനും മാനഹാനിക്ക് കാരണമായെന്നുമാരോപിച്ച് സുനില്‍കുമാറിന്‍െറ ഭാര്യ സിന്ധു അമ്പലവയല്‍ പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. ഈ പരാതിയിലാണ് അമ്പലവയല്‍ പൊലീസ് കേസെടുത്തത്. കക്ഷികള്‍ നല്‍കുന്ന രേഖകള്‍ കോടതിയില്‍ ഹാജരാക്കാനും കേസ് വാദിക്കാനും അഭിഭാഷകര്‍ക്കും ബാധ്യതയുണ്ടെന്നും സിന്ധുവിന്‍െറ പരാതിയില്‍പോലും അഭിഭാഷകന്‍ വ്യാജരേഖയുണ്ടാക്കിയെന്ന് ആക്ഷേപമില്ലാതിരിക്കെ അഡ്വ. പ്രവീണിനെതിരെ ജാമ്യമില്ലാ വകുപ്പുകള്‍ പ്രകാരം പ്രാഥമികാന്വേഷണംപോലുമില്ലാതെ കേസെടുത്തതില്‍ ഗൂഢാലോചനയുണ്ടെന്നും ബാര്‍ അസോസിയേഷന്‍ ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. കേരളത്തില്‍ ബാര്‍ അസോസിയേഷന്‍െറ ചരിത്രത്തില്‍ ആദ്യമായാണ് കേസ് വാദിച്ചതിന്‍െറ പേരില്‍ വക്കീലിനെതിരെ കേസെടുക്കുന്നത്. നടപടി തിരുത്താന്‍ തയാറാവാത്തപക്ഷം കോടതി നടപടികള്‍ ബഹിഷ്കരിച്ച് ബാര്‍ അസോസിയേഷനുകളുമായി സഹകരിച്ച് സമരം സംസ്ഥാനതലത്തില്‍ വ്യാപകമാക്കും. ബത്തേരി ബാര്‍ അസോസിയേഷന്‍ പ്രസിഡന്‍റ് അഡ്വ. പി.ഡി. സജി, സെക്രട്ടറി അഡ്വ. ഷാജില്‍ ജോണ്‍, ഭാരവാഹികളായ അഡ്വ. പി. വേണുഗോപാല്‍, അഡ്വ. കെ.കെ. സോമനാഥന്‍, അഡ്വ. കെ.ടി. ജോര്‍ജ്, അഡ്വ. സതീഷ് പൂതിക്കാട്, അഡ്വ. കെ.പി. പ്രവീണ്‍ എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.