ഗതാഗതക്കുരുക്കിന് ശാശ്വതപരിഹാരം; മുത്തങ്ങ ചെക്പോസ്റ്റ് യാഥാര്‍ഥ്യമാകുന്നു

കല്‍പറ്റ: കേരള-കര്‍ണാടക അതിര്‍ത്തിയായ മുത്തങ്ങയില്‍ വാളയാര്‍ മാതൃകയില്‍ സംയോജിത ചെക്പോസ്റ്റ് ആരംഭിക്കുന്നതിനുള്ള ഭൂമിയുടെ വിലനിര്‍ണയം പൂര്‍ത്തിയായി. ജില്ലാ കലക്ടര്‍ കേശവേന്ദ്ര കുമാറിന്‍െറ അധ്യക്ഷതയില്‍ കലക്ടറേറ്റില്‍ ചേര്‍ന്ന ജില്ലാതല പര്‍ച്ചേസ് കമ്മിറ്റി ഭൂവുടമകളുമായി നടത്തിയ ചര്‍ച്ചയിലാണ് പ്രദേശവാസികളായ നാലുപേരില്‍ നിന്നായി 7.53 ഏക്കര്‍ ഭൂമി ഏറ്റെടുക്കാന്‍ ധാരണയായത്. ഇതിനായി സര്‍ക്കാര്‍ അഞ്ചുകോടി രൂപ അനുവദിച്ചിട്ടുണ്ട്. നിലവിലെ വാണിജ്യ നികുതി ചെക്പോസ്റ്റില്‍ നിത്യസംഭവമായ ഗതാഗതക്കുരുക്കിന് സംയോജിത ചെക്പോസ്റ്റ് വരുന്നതോടെ ശാശ്വത പരിഹാരമാകും. സെയില്‍സ് ടാക്സ്-എക്സൈസ്-വനം-മോട്ടോര്‍ വാഹന വകുപ്പുകളുടെ ചെക്പോസ്റ്റുകളാണ് സംയോജിത ചെക്പോസ്റ്റില്‍ ഉണ്ടാവുക. വിശാലമായ പാര്‍ക്കിങ് സൗകര്യവും ഏര്‍പ്പെടുത്തും. നിലവില്‍ വാഹന പരിശോധനകള്‍ക്കായി നാല് പോയന്‍റുകളില്‍ വാഹനം നിര്‍ത്തിയിടുന്നതിന് പകരം പുതിയ ചെക്പോസ്റ്റ് യാഥാര്‍ഥ്യമാകുന്നതോടെ ഒരു പോയന്‍റില്‍ നിന്നുതന്നെ ഈ പരിശോധനകള്‍ പൂര്‍ത്തിയാക്കാനാകും. ദേശീയപാതയില്‍നിന്ന് മാറി ചെക്പോസ്റ്റ് നിര്‍മിക്കുന്നതിനാല്‍ സീസണ്‍ സമയങ്ങളിലെ ഗതാഗതക്കുരുക്കിനും പരിഹാരമാകും. 2008ല്‍ ബത്തേരി ഗെസ്റ്റ് ഹൗസില്‍ നടന്ന സബ്ജക്ട് കമ്മിറ്റിയുടെ തീരുമാനപ്രകാരം പ്രാരംഭ നടപടികള്‍ തുടങ്ങിയിരുന്നെങ്കിലും ഭൂമിയേറ്റെടുക്കാന്‍ കഴിയാതിരുന്നതിനാല്‍ പദ്ധതി നീണ്ടുപോവുകയായിരുന്നു. ലാന്‍ഡ് അക്വിസിഷന്‍ ഡെപ്യൂട്ടി കലക്ടര്‍ കെ.കെ. വിജയന്‍, ഫിനാന്‍സ് ഓഫിസര്‍ എം.കെ. രാജന്‍, തഹസില്‍ദാര്‍ എന്‍.കെ. അബ്രഹാം, സെയില്‍സ് ടാക്സ് മാനേജര്‍ എന്‍.കെ. രാജേന്ദ്രന്‍, അഡി. തഹസില്‍ദാര്‍ എം.ജെ. സണ്ണി, ഡെപ്യൂട്ടി തഹസില്‍ദാര്‍ വി.കെ. ഷാജി തുടങ്ങിയവര്‍ പങ്കെടുത്തു. ചീഫ് സെക്രട്ടറിയുടെ അധ്യക്ഷതയിലുള്ള സംസ്ഥാനതല പര്‍ച്ചേസ് കമ്മിറ്റിയുടെ അംഗീകാരം ലഭിച്ചാലുടന്‍ നിര്‍മാണ പ്രവൃത്തികള്‍ ആരംഭിക്കും.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.