ആരോഗ്യമന്ത്രിയുടെ വസതിക്ക് മുന്നില്‍ ഗോത്ര മഹാസഭ നില്‍പ് സമരം നടത്തും

കല്‍പറ്റ: ജില്ലാ ആശുപത്രിയില്‍ ചികിത്സ തേടിയത്തെിയ വാളാട് സ്വദേശിനി അനിതയുടെ നവജാത ശിശുക്കള്‍ മരിച്ച സംഭവത്തില്‍ ഡോക്ടര്‍ക്കും ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ക്കുമെതിരെ നരഹത്യക്ക് കേസെടുക്കണമെന്ന് ആദിവാസി ഗോത്രമഹാസഭ, ജനജാഗ്രതാ സമിതി ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ ആവശ്യപ്പെട്ടു. പ്രസവവേദനയെ തുടര്‍ന്ന് ആശുപത്രിയിലത്തെിയ അനിതക്ക് വൈദ്യസഹായം നല്‍കാന്‍ ആശുപത്രി അധികൃതര്‍ക്കും ഡോക്ടര്‍ക്കും ബാധ്യതയുണ്ട്. അനിതക്ക് വൈദ്യസഹായം നല്‍കാന്‍ വിസമ്മതിച്ച അധികൃതര്‍ നാലു മണിക്കൂര്‍ യാത്ര ചെയ്താല്‍ മാത്രം എത്തിച്ചേരാന്‍ കഴിയുന്ന കോഴിക്കോട് മെഡിക്കല്‍ കോളജിലേക്ക് അയക്കുകയാണുണ്ടായത്. ഒരു സസ്പെന്‍ഷനും ഡി.എം.ഒ നല്‍കുന്ന ഒരു ലക്ഷം രൂപ നഷ്ടപരിഹാരവുംകൊണ്ട് പ്രശ്നം ഒതുക്കിത്തീര്‍ക്കാനും കുറ്റവാളികളെ രക്ഷിക്കാനുമാണ് അധികാരികള്‍ ശ്രമിക്കുന്നത്്. ഈ നടപടി അപഹാസ്യവും മനുഷ്യത്വരഹിതവുമാണ്. പൊതുഖജനാവില്‍നിന്നും ശമ്പളം പറ്റുന്നവര്‍ സര്‍ക്കാര്‍ ആശുപത്രിയില്‍ അവരുടെ ഉത്തരവാദിത്തം നിര്‍വഹിക്കാത്തതുകൊണ്ടാണിത് സംഭവിച്ചത്. ആരോഗ്യമന്ത്രി അനിതയുടെ കുടുംബത്തെ സന്ദര്‍ശിച്ച് ഖേദം പ്രകടിപ്പിക്കണം. മറ്റ് സമുദായത്തില്‍പെട്ട ഒരമ്മക്കാണ് ഈ ദുരന്തം സംഭവിച്ചതെങ്കില്‍ അധികാരികള്‍ ഇത്ര നിഷ്കരുണമായി പെരുമാറില്ളെന്നുറപ്പാണ്. മേല്‍പറഞ്ഞ ആവശ്യങ്ങള്‍ മുന്‍നിര്‍ത്തി ആദിവാസി ഗോത്രമഹാസഭയും വിവിധ പൗരാവകാശ സംഘടനകളെ പ്രതിനിധാനം ചെയ്യുന്ന ജനജാഗ്രതാ സമിതിയും സെപ്റ്റംബര്‍ 25ന് വകുപ്പ് മന്ത്രിയുടെ ഒൗദ്യോഗിക വസതിക്കുമുന്നില്‍ ഏകദിന നില്‍പുസമരം നടത്തും. ഗോത്രമഹാസഭ കോഓഡിനേറ്റര്‍ എം. ഗീതാനന്ദന്‍, ആദിവാസി ഗോത്രമഹാസഭ അധ്യക്ഷ സി.കെ. ജാനു, ജനജാഗ്രതാ സമിതി ചെയര്‍മാന്‍ വി.ഡി. മജീന്ദ്രന്‍, പ്രഫ. കുസുമം ജോസഫ്, ഫാ. അഗസ്റ്റിന്‍ വട്ടോളി എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.