ഹജ്ജ് വളന്‍റിയര്‍ വിസ തട്ടിപ്പ്: പ്രതികളെ കസ്റ്റഡിയില്‍ വാങ്ങാന്‍ നടപടി തുടങ്ങി

മാനന്തവാടി: ഹജ്ജ് വളന്‍റിയര്‍ ജോലിക്കുള്ള വിസ നല്‍കാമെന്ന് വാഗ്ദാനംചെയ്ത് തട്ടിപ്പ് നടത്തിയ സംഭവത്തില്‍ മുക്കം പൊലീസ് അറസ്റ്റ് ചെയ്ത് റിമാന്‍ഡില്‍ കഴിയുന്ന പ്രതികളെ കസ്റ്റഡിയില്‍ വാങ്ങാന്‍ വയനാട് പൊലീസ് നടപടി തുടങ്ങി. മുഖ്യപ്രതി മുക്കം മുത്തേരി പുത്തന്‍വീട് കോളനി ജാബിര്‍, പിതാവ് അഹമ്മദ്കുട്ടി എന്ന ബാവ, സുഹൃത്ത് കല്ലുരുട്ടി വാല്‍ക്കണ്ടത്തില്‍ മന്‍സൂര്‍ എന്നിവരെയാണ് കസ്റ്റഡിയില്‍കിട്ടാന്‍ പടിഞ്ഞാറത്തറ പൊലീസ് നീക്കം തുടങ്ങിയത്. ഇതിന്‍െറ ഭാഗമായി ചൊവ്വാഴ്ച കസ്റ്റഡിയില്‍ ആവശ്യപ്പെട്ട് കോടതിയെ സമീപിക്കും. കോടതിയില്‍നിന്ന് അനുമതിലഭിക്കുന്ന മുറക്ക് അറസ്റ്റ് രേഖപ്പെടുത്തി കസ്റ്റഡിയില്‍ വാങ്ങി തെളിവെടുപ്പ് നടത്തും. ജില്ലയില്‍ പടിഞ്ഞാറത്തറ, കമ്പളക്കാട്, മുട്ടില്‍, വെള്ളമുണ്ട, വാളാട് എന്നിവിടങ്ങളില്‍നിന്നാണ് ഇവര്‍ പാസ്പോര്‍ട്ടും 20,000 രൂപ മുതല്‍ 40,000 രൂപ വരെയും കൈക്കലാക്കിയത്. പടിഞ്ഞാറത്തറ, കമ്പളക്കാട് സ്റ്റേഷനുകളിലാണ് നിലവില്‍ കേസുള്ളത്. മറ്റു സ്ഥലങ്ങളിലുള്ളവര്‍ക്ക് പാസ്പോര്‍ട്ടും പണവും തിരിച്ചുനല്‍കി കേസൊതുക്കിയതായാണ് സൂചന. ഈ തട്ടിപ്പില്‍ നേരത്തേ പടിഞ്ഞാറത്തറ പൊലീസ് കസ്റ്റഡിയിലെടുത്ത ജാബിറിന്‍െറ സുഹൃത്ത് സാദിഖ് മാനന്തവാടി ജില്ലാ ജയിലില്‍ റിമാന്‍ഡില്‍ കഴിയുകയാണ്. തട്ടിപ്പ് നടത്തിയതിനുശേഷം ഒളിവില്‍പോയ ജാബിറിനെയും കൂട്ടരെയും സേലത്തുവെച്ചാണ് മുക്കം പൊലീസ് പിടികൂടിയത്. ഓമശ്ശേരിയില്‍ വാഹനത്തിനുള്ളില്‍ നിന്നും കണ്ടത്തെിയ 416 പാസ്പോര്‍ട്ടില്‍ 146 എണ്ണം വയനാട്ടിലുള്ളവരുടേതാണെന്ന് പൊലീസ് സ്ഥിരീകരിക്കുകയും വയനാട്ടിലേക്ക് കൊണ്ടുവരുകയും ചെയ്തിരുന്നു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.