വ്യാജക്കള്ള് സുലഭം: ആദിവാസികളുടെ ദുരൂഹമരണം കൂടുന്നു

മാനന്തവാടി: വെള്ളമുണ്ട പഞ്ചായത്തിലെ പാലിയണയില്‍ ആദിവാസികളുടെ ദുരൂഹമരണം കൂടുന്നു. ലഹരി ചേര്‍ത്ത വ്യാജക്കള്ളിന്‍െറ ഉപയോഗമാണ് മരണങ്ങള്‍ക്ക് കാരണമെന്ന് നാട്ടുകാര്‍ ആരോപിക്കുന്നു. കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ ഒമ്പത് ആദിവാസികളാണ് ദുരൂഹസാഹചര്യത്തില്‍ മരിച്ചത്. കഴിഞ്ഞ നാലുമാസത്തിനിടെ നാലുപേരാണ് മരിച്ചത്. ഏറ്റവുമൊടുവില്‍ കഴിഞ്ഞ ദിവസം അരയാല്‍തറ കോളനിയിലെ ബാലനെ കിണറ്റില്‍ മരിച്ചനിലയില്‍ കണ്ടത്തെി. ഭൂരിഭാഗം പേരെയും പുഴയിലും കിണറിന് സമീപമുള്ള ചെക്ഡാമിന് പരിസരത്തുമെല്ലാമാണ് മരിച്ചനിലയില്‍ കണ്ടത്തെുന്നത്. പാലിയണ, കരിങ്ങാരി, കൊമ്മയാട് എന്നിവിടങ്ങളിലെ പണിയ വിഭാഗത്തിലുള്ളവരാണ് മരിച്ചവരെല്ലാം. അതുകൊണ്ടുതന്നെ ഈ കോളനികളില്‍ വിധവകളുടെ എണ്ണവും വര്‍ധിച്ചിട്ടുണ്ട്. കക്കടവ് പ്രവര്‍ത്തിക്കുന്ന കള്ളുഷാപ്പിലേക്ക് രണ്ട് തൊഴിലാളികള്‍ മാത്രമാണ് കള്ള് കൊണ്ടുവരുന്നത്. എന്നാല്‍, രാവിലെ മുതല്‍ രാത്രി എട്ടുവരെ നടക്കുന്ന വില്‍പനയില്‍ ഏകദേശം 200 ലിറ്റര്‍ കള്ള് വില്‍ക്കുന്നുണ്ടെന്നാണ് നാട്ടുകാരുടെ കണ്ടത്തെല്‍. ഈ ഷാപ്പിനെതിരെ മുമ്പ് നിരവധി പരാതികള്‍ നല്‍കിയെങ്കിലും ഭരണ-ഉദ്യോഗസ്ഥ തലത്തില്‍ സ്വാധീനം ചെലുത്തി അന്വേഷണം അട്ടിമറിക്കുകയായിരുന്നുവെന്ന് പാലിയണ പൗരസമിതി ഭാരവാഹികള്‍ ആരോപിച്ചു. ആദിവാസി ക്ഷേമപ്രവര്‍ത്തനങ്ങള്‍ക്കായി നിരവധി ഉദ്യോഗസ്ഥരും വകുപ്പുകളും ഉണ്ടെങ്കിലും വ്യാജമദ്യം കഴിച്ച് മരിക്കുന്ന ആദിവാസികളുടെ എണ്ണം നാള്‍ക്കുനാള്‍ വര്‍ധിച്ചുവരുകയാണ്. ഇതിനൊരു പരിഹാരമുണ്ടാക്കാന്‍ പ്രദേശത്തെ പൊതുസമൂഹം തയാറാകണമെന്ന ആവശ്യമാണ് വിവിധ കോണുകളില്‍നിന്ന് ഉയരുന്നത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.