കല്‍പറ്റ: നെന്‍മേനി, നൂല്‍പ്പുഴ പഞ്ചായത്തുകളില്‍ കുളമ്പുരോഗം സ്ഥിരീകരിച്ചതോടെ കര്‍ഷകര്‍ ആശങ്കയില്‍. ക്ഷീരകര്‍ഷകര്‍ക്കായി മൃഗസംരക്ഷണവകുപ്പ് ജാഗ്രതാ നിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ചു. അന്യസംസ്ഥാനങ്ങളില്‍നിന്ന് കച്ചവടത്തിനും മറ്റു ആവശ്യങ്ങള്‍ക്കുമായി കന്നുകാലികളെ കൊണ്ടുവരുമ്പോള്‍ കനത്ത ജാഗ്രത പാലിക്കണമെന്ന് ജില്ലാ മൃഗസംരക്ഷണവകുപ്പ് ഓഫിസര്‍ കെ.ആര്‍. ഗീത അറിയിച്ചു. നെന്‍മേനി പഞ്ചായത്തില്‍ കുളമ്പുരോഗ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കായി ആറു സ്ക്വാഡുകളും നൂല്‍പ്പുഴയില്‍ മൂന്നു സ്ക്വാഡുകളും പ്രവര്‍ത്തിച്ചുവരുന്നുണ്ട്. നെന്‍മേനി നൂല്‍പ്പുഴ പഞ്ചായത്തുകളില്‍ ചത്ത കന്നുകാലികളുടെ സാമ്പിളുകള്‍ തിരുവനന്തപുരം ചീഫ് ഡിസീസ് ഇന്‍വെസ്റ്റിഗേഷന്‍ ഓഫിസില്‍ പരിശോധിച്ച് കഴിഞ്ഞ ദിവസമാണ് കുളമ്പുരോഗം സ്ഥിരീകരിച്ചത്. ഇതിന്‍െറ അടിസ്ഥാനത്തിലാണ് ജാഗ്രതാ നിര്‍ദേശങ്ങള്‍. വയനാട്ടിലേക്ക് അന്യജില്ലകളില്‍നിന്ന് കുളമ്പുരോഗം ബാധിച്ച കന്നുകാലികളെ കൊണ്ടുവരുന്നതായി വകുപ്പിന്‍െറ ശ്രദ്ധയില്‍പെട്ടിട്ടുണ്ട്. കുളമ്പുരോഗം സാംക്രമിക രോഗമായതിനാല്‍ രോഗലക്ഷണങ്ങള്‍ കണ്ടാല്‍ ഉടന്‍ തന്നെ ബന്ധപ്പെട്ട മൃഗാശുപത്രിയില്‍ വിവരം അറിയിക്കണം. തുടക്കത്തില്‍ തന്നെ ചികിത്സ ഉറപ്പുവരുത്തണം. രോഗം പിടിപെട്ട കാലികളുള്ള വീട്ടില്‍ ക്ഷീരകര്‍ഷകര്‍ കഴിവതും സന്ദര്‍ശനം ഒഴിവാക്കണം. തൊഴുത്ത്,പുല്‍ത്തൊട്ടി, പരിസരപ്രദേശങ്ങള്‍ എന്നിവിടങ്ങളില്‍ വൈറസ് വ്യാപനം തടയാന്‍ യുക്തമായ അണുനാശിനി പ്രയോഗിക്കണം. നാല് ശതമാനം വീര്യത്തില്‍ അലക്കുകാര ലായനി പ്രയോഗിക്കാം. രോഗം ബാധിച്ച കന്നുകാലികളെ മേയാന്‍ വിടുകയോ ക്രയവിക്രയം ചെയ്യുകയോ മാംസ ആവശ്യങ്ങള്‍ക്കായി കശാപ്പു ചെയ്യുകയോ അറവുമാലിന്യങ്ങള്‍ പൊതുസ്ഥലങ്ങളില്‍ നിക്ഷേപിക്കുകയോ ചെയ്യരുത്. ആറു മാസം ഇടവേളകളില്‍ മൃഗസംരക്ഷണവകുപ്പ് നടപ്പാക്കുന്ന കുളമ്പുരോഗ പ്രതിരോധ കുത്തിവെപ്പ് ഉരുക്കള്‍ക്ക് നിര്‍ബന്ധമായും നല്‍കണം. ഈ കുത്തിവെപ്പിന് പാര്‍ശ്വഫലങ്ങളില്ല. പ്രതിരോധ കുത്തിവെപ്പ് എടുക്കാത്ത കാലികളാണ് രോഗം വന്ന് ചാകുന്നത്. കുളമ്പുരോഗം ബാധിച്ച അത്യുല്‍പാദന ശേഷിയുള്ള ഉരുക്കളില്‍ കരലടപ്പന്‍ മൂലവും മരണം സംഭവിക്കാമെന്നും മൃഗസംരക്ഷണവകുപ്പ് വ്യക്തമാക്കുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.