നാളികേര കര്‍ഷക കമ്പനി രൂപവത്കരണം അന്തിമഘട്ടത്തില്‍

പുല്‍പള്ളി: വയനാട്ടിലെ നാളികേര ഉല്‍പാദന മേഖലയിലെ അനന്തസാധ്യതകള്‍ കണക്കിലെടുത്ത് നാളികേര കര്‍ഷക കമ്പനി രൂപവത്കരിക്കാനുള്ള നീക്കങ്ങള്‍ അന്തിമഘട്ടത്തില്‍. നാളികേര വികസന ബോര്‍ഡിന്‍െറ കീഴിലായിരിക്കും കമ്പനി. രൂപവത്കരണവുമായി ബന്ധപ്പെട്ട് ഇതിനകം നാളികേര വികസന ബോര്‍ഡിന്‍െറ ഉന്നത ഉദ്യോഗസ്ഥരും കമ്പനി പ്രാമോട്ടിങ് ഡയറക്ടര്‍മാരുമായി അവസാന ഘട്ട ചര്‍ച്ചകള്‍ നടന്നുകഴിഞ്ഞു. ജില്ലയില്‍ 85 നാളികേര ഉല്‍പാദക സംഘങ്ങള്‍ രൂപവത്കരിച്ചിട്ടുണ്ട്. ഇതിലെ അംഗങ്ങളായിരിക്കും കമ്പനിയുടെ ഓഹരി ഉടമകള്‍. 1000 രൂപ മുഖവിലയുള്ള ഷെയറുകള്‍ കര്‍ഷകര്‍ക്ക് വിതരണം ചെയ്യും. ജില്ലയിലെ ഏഴു നാളികേര കര്‍ഷക ഫെഡറേഷനുകളാണ് കമ്പനി രൂപവത്കരണത്തിന് നേതൃത്വം നല്‍കുന്നത്. 50 തെങ്ങിന് ഒരു ഷെയര്‍ എന്ന കണക്കിനാണ് കര്‍ഷകരില്‍നിന്ന് കമ്പനി ഷെയര്‍ പിരിക്കുന്നത്. വയനാട്ടില്‍ 8000ത്തോളം നാളികേര കര്‍ഷകര്‍ ഉണ്ടെന്നാണ് കണക്ക്. ആദ്യ ഘട്ടത്തില്‍ കര്‍ഷകര്‍ കമ്പനിയുടെ ഷെയര്‍ വാങ്ങുന്ന നടപടികള്‍ പൂര്‍ത്തിയായിക്കൊണ്ടിരിക്കുകയാണ്. നീര ഉല്‍പാദനം, വിപണനം, കൊപ്ര, വെളിച്ചെണ്ണ, കയര്‍, കയര്‍ ഉല്‍പന്നങ്ങള്‍, തെങ്ങിന്‍ മടലില്‍ നിന്ന് ജൈവവളം, നാളികേര മൂല്യവര്‍ധിത ഉല്‍പന്നങ്ങള്‍ എന്നിവയുടെ ഉല്‍പാദനവും വിപണനവുമാണ് കമ്പനി ലക്ഷ്യമിടുന്നത്. തെങ്ങുകൃഷി കൂടുതല്‍ ഇടങ്ങളിലേക്ക് വ്യാപിപ്പിക്കുന്നതിനായി 10,000 അത്യുല്‍പാദന ശേഷിയുള്ള തെങ്ങിന്‍ തൈകള്‍ നാളികേര ഫെഡറേഷനുകള്‍ മുഖേന ജില്ലയില്‍ വിതരണം ചെയ്തിട്ടുണ്ട്. കമ്പനി രൂപവത്കരണം യാഥാര്‍ഥ്യമാകുന്നതോടെ സര്‍ക്കാര്‍ ഏജന്‍സികളുടേതടക്കം ഒട്ടേറെ ആനുകൂല്യങ്ങളും കര്‍ഷകര്‍ക്ക് ലഭിക്കും.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.