മൃതദേഹം മറമാടാന്‍ ആദിവാസികള്‍ക്ക് വഴിയൊരുങ്ങുന്നു

കല്‍പറ്റ: ഒടുവില്‍ അധികൃതര്‍ ആദിവാസികളുടെ ശ്മശാനഭൂമി അളന്നുതിരിച്ചുനല്‍കി. 10 വര്‍ഷമായുള്ള ആദിവാസികളുടെ തീരാദുരിതത്തിനാണ് പരിഹാരമാകുന്നത്. കല്‍പറ്റ പിണങ്ങോടിനടുത്ത പൊഴുതന പഞ്ചായത്തിലെ പുത്തന്‍വീട്, ഊരംകുന്ന്, തേവണ, കോളോട്ട് കോളനികളിലെ ആദിവാസികളാണ് മൃതദേഹം സംസ്കരിക്കാന്‍ മാര്‍ഗമില്ലാതെ വലഞ്ഞിരുന്നത്. തൊട്ടടുത്തുതന്നെ ഇവര്‍ക്ക് ശ്മശാനം ഉണ്ടായിരുന്നെങ്കിലും പുറത്തുനിന്നുള്ളവര്‍ സ്വന്തം സ്ഥലത്തുനിന്ന് മണ്ണുമാന്തിയന്ത്രം ഉപയോഗിച്ച് മണ്ണ് നീക്കിയതോടെ ശ്മശാനം വലിയ കുന്നിന്മുകളിലാവുകയായിരുന്നു. ഇതോടെ, ഇവിടേക്ക് മൃതദേഹം കൊണ്ടുപോകാന്‍ കഴിയാതെയായി. ആദിവാസികള്‍ മരിച്ചാല്‍ അടുക്കളയോട് ചേര്‍ന്നായിരുന്നു കുഴിമാടമൊരുക്കുന്നത്. അതിനും പറ്റാത്തവര്‍ക്ക് ഏഴു കിലോമീറ്റര്‍ അപ്പുറമുള്ള ഇടിയംവയലിലെ വന്യമൃഗശല്യമുള്ള കാട്ടിലത്തെണം. ആദിവാസികളുടെ ഈ ദുരിതകഥ ‘മാധ്യമം’ പുറത്തുകൊണ്ടുവന്നിരുന്നു. ഇതത്തേുടര്‍ന്നാണ് പ്രശ്നത്തില്‍ ജില്ലാ കലക്ടര്‍ ഇടപെട്ടത്. ആഗസ്റ്റ് ഒന്നിന് അച്ചൂരാനം വില്ളേജ് ഓഫിസര്‍ കെ.സി. സുനില്‍കുമാര്‍, വൈത്തിരി താലൂക്ക് സര്‍വേയര്‍ എന്നിവരുടെ നേതൃത്വത്തില്‍ ശ്മശാനഭൂമി അളന്നുതിരിച്ചിട്ടുണ്ട്. സമരസമിതി നേതാക്കളായ കെ.എം. ഹംസ, കെ.പി. രാജന്‍, എ.കെ. ഗോവിന്ദന്‍, ഐ.വി. വിവേകാനന്ദന്‍, ആദിവാസി മൂപ്പന്‍ വെളുക്കന്‍, കോളനി നിവാസികളായ വെള്ളന്‍, വെള്ളി എന്നിവരും സ്ഥലത്തുണ്ടായിരുന്നു. 50 വര്‍ഷങ്ങള്‍ക്കുമുമ്പാണ് അന്നത്തെ അധികാരിയായ (വില്ളേജ് ഓഫിസറുടെ അധികാരമുണ്ടായിരുന്നയാള്‍) കണാരന്‍നായര്‍ ആദിവാസികള്‍ക്ക് ശ്മശാനത്തിന് വാക്കാല്‍ ഭൂമി നല്‍കിയത്. ഇപ്പോള്‍ ഇദ്ദേഹത്തിന്‍െറ മകള്‍ പാര്‍വതിയുടെ പേരിലാണ് ഭൂമി. പൊഴുതന പഞ്ചായത്തില്‍ ബ്ളോക് നമ്പര്‍ 19ല്‍ 332/2 റീസര്‍വേ നമ്പറിലുള്ള സ്ഥലത്തിന് 2005വരെ നികുതി അടച്ചിട്ടുണ്ട്. വര്‍ഷങ്ങളായി 30ഓളം ആദിവാസികളെ ഇവിടെ സംസ്കരിച്ചു. മൂന്നു കോളനികളിലായി നൂറിലധികം കുടുംബങ്ങളാണ് താമസിക്കുന്നത്. എല്ലാവര്‍ക്കും മൂന്ന്-നാലു സെന്‍റ് സ്ഥലം മാത്രമാണുള്ളത്. ശ്മശാനത്തിലേക്കുള്ള വഴിയടഞ്ഞതിനാല്‍ 10 വര്‍ഷമായി ഇവിടെയുള്ളവര്‍ മരിച്ചാല്‍ അടുക്കളയോട് ചേര്‍ന്നാണ് കുഴിമാടമൊരുക്കുന്നത്. നിരവധിയാളുകള്‍ക്ക് ഇടിയംവയലിലെ കാട്ടിലും കുഴിമാടമൊരുക്കേണ്ടിവന്നിട്ടുണ്ട്. വര്‍ഷങ്ങള്‍ക്കുമുമ്പ് ഊരന്‍കുന്ന് കോളനിയിലെ ചാത്തി മരിച്ചപ്പോള്‍ മൂത്തമകനായ ബാബുവിന്‍െറ അടുക്കളയോട് ചേര്‍ന്നാണ് മറമാടിയത്. ആറുമാസം മുമ്പ് ചാത്തിയുടെ മകന്‍ പുത്തന്‍വീട് കോളനിയിലെ വേണു മരിച്ചപ്പോഴും ഇതുതന്നെയായിരുന്നു സ്ഥിതി. അന്ന് വീടിന്‍െറ അടുക്കളഭാഗം പൊളിച്ച് മൃതദേഹം സംസ്കരിച്ച കാര്യം ‘മാധ്യമം’ പ്രസിദ്ധീകരിച്ചതോടെ പട്ടികവര്‍ഗ വികസനമന്ത്രി പി.കെ. ജയലക്ഷ്മി വിഷയത്തില്‍ ഇടപെട്ടു. ട്രൈബല്‍ വകുപ്പ് അധികൃതര്‍ സ്ഥലം സന്ദര്‍ശിച്ചെങ്കിലും തുടര്‍നടപടികള്‍ ഉണ്ടായില്ല. ഊരന്‍കുന്ന് കോളനിയിലെ വികലാംഗയായ വൃദ്ധ മരിച്ചപ്പോഴും വീടിന്‍െറ ചായ്പ്പില്‍ കുഴിയെടുത്തു. കഴിഞ്ഞമാസം പുത്തന്‍വീട് കോളനിയിലെ വെളുക്കന്‍ (57) മരിച്ചപ്പോള്‍ മൃതദേഹം സംസ്കരിക്കാതെ കല്‍പറ്റ-പടിഞ്ഞാറത്തറ റോഡ് ആദിവാസികള്‍ ഉപരോധിച്ചു. ഇതോടെ, സ്ഥലത്തത്തെിയ അധികൃതര്‍ താല്‍ക്കാലിക പരിഹാരം ഉണ്ടാക്കുകയായിരുന്നു. അന്ന് മറ്റുള്ളവരുടെ തോട്ടത്തിലൂടെയാണ് മൃതദേഹം ശ്മശാനത്തിലേക്കത്തെിച്ചത്. ഈ സംഭവവും ‘മാധ്യമം’ പുറംലോകത്തത്തെിച്ചതോടെ പ്രശ്നപരിഹാരത്തിന് അധികൃതര്‍ ഊര്‍ജിതശ്രമം തുടങ്ങിയിരുന്നു. ഇതനുസരിച്ചാണ് ആഗസ്റ്റ് ഒന്നിന് റവന്യൂവകുപ്പ് അധികൃതര്‍ സ്ഥലത്തത്തെി സ്ഥലം അളന്നുതിരിച്ചത്. രാവിലെ പത്തരയോടെ തുടങ്ങിയ നടപടികള്‍ ഉച്ചക്ക് ഒരുമണിയോടെയാണ് അവസാനിച്ചത്. ഒന്നരമീറ്റര്‍ വീതിയുള്ള വഴിയടക്കം ആകെ പതിനഞ്ചേമുക്കാല്‍ സെന്‍റ് സ്ഥലമാണ് ശ്മശാനത്തിനുള്ളത്. സ്ഥലത്തിന് സര്‍വേക്കല്ലുകളടക്കം കൃത്യമായ അതിരുകള്‍ ഉണ്ടായിരുന്നു. കാടുപിടിച്ചിരുന്ന സ്ഥലം വെട്ടി വൃത്തിയാക്കിയാണ് അളന്നത്. സര്‍വേ റിപ്പോര്‍ട്ട് ഉടന്‍തന്നെ തഹസില്‍ദാര്‍ക്ക് കൈമാറുമെന്ന് അച്ചൂരാനം വില്ളേജ് ഓഫിസര്‍ കെ.സി. സുനില്‍കുമാര്‍ ‘മാധ്യമ’ത്തോട് പറഞ്ഞു. മുമ്പ് വൈത്തിരി തഹസില്‍ദാറുടെ നേതൃത്വത്തില്‍ ഈ വിഷയത്തില്‍ യോഗംചേര്‍ന്നിരുന്നു. സ്ഥലം അളന്നശേഷം വഴിവെട്ടാനുള്ള നടപടികള്‍ക്കായി ട്രൈബല്‍വകുപ്പിന് റിപ്പോര്‍ട്ട് കൈമാറാനാണ് യോഗത്തില്‍ തീരുമാനമായത്. ഇതനുസരിച്ച് റവന്യൂവകുപ്പ്, ട്രൈബല്‍ വകുപ്പ് എന്നിവയുമായി കൂടിയാലോചിച്ച് വഴിവെട്ടാനുള്ള നടപടികളും ഉടനുണ്ടാകും.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.