കാലവര്‍ഷം ദുര്‍ബലം; കാര്‍ഷിക മേഖലക്ക് തിരിച്ചടി

പുല്‍പള്ളി: കാലവര്‍ഷം ദുര്‍ബലമായത് വയനാടന്‍ കാര്‍ഷിക മേഖലക്ക് തിരിച്ചടിയാകുന്നു. മഴക്കുറവ് ജില്ലയെ വരള്‍ച്ചയിലേക്ക് നയിക്കുമെന്നും ആശങ്ക. മഴക്കുറവിനാല്‍ കര്‍ണാടകയോട് ചേര്‍ന്ന മുള്ളന്‍കൊല്ലി പഞ്ചായത്തിലെ പല പ്രദേശങ്ങളിലും നെല്‍കൃഷിയടക്കം കരിഞ്ഞുണങ്ങാന്‍ തുടങ്ങി. ശക്തമായ മഴ ലഭിക്കാത്തത് കാപ്പി, കുരുമുളക് തുടങ്ങിയവയുടെ ഉല്‍പാദനത്തേയും പ്രതികൂലമായി ബാധിക്കും. വയനാട്ടില്‍ ഇഞ്ചികൃഷിയില്‍ നിരവധി കര്‍ഷകര്‍ ശ്രദ്ധപതിപ്പിച്ചിട്ടുണ്ട്. ജലസേചന സൗകര്യങ്ങളില്ലാത്തതിനാല്‍ കാലവര്‍ഷത്തിലായിരുന്നു കര്‍ഷകരുടെ പ്രതീക്ഷ. ഇഞ്ചികൃഷിയെ വിലക്കുറവ് കാര്യമായി ബാധിച്ചുകഴിഞ്ഞു. ഇതിനുപുറമെ ജലക്ഷാമവും രൂക്ഷമാകുമെന്നുറപ്പായി. പലയിടത്തും ജലസ്രോതസ്സുകളില്‍ ഉറവയായിട്ടില്ല. കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്‍െറ കണക്കനുസരിച്ച് സംസ്ഥാനത്തുതന്നെ ഏറ്റവും കുറവ് മഴ ലഭിച്ചത് വയനാട്ടിലാണ്. 42 ശതമാനം മഴയുടെ കുറവാണ് ജില്ലയില്‍ ഉണ്ടായിരിക്കുന്നത്. 2346.2 മില്ലീ മീറ്റര്‍ മഴയാണ് ആഗസ്റ്റ് 30 വരെ വയനാട്ടില്‍ ലഭിക്കേണ്ടിയിരുന്നത്. എന്നാല്‍, പെയ്തത് 1354.8 മില്ലീ മീറ്ററാണ്. സെപ്റ്റംബര്‍ 30ന് അവസാനിക്കുന്ന കാലവര്‍ഷം പൊതുവേ ദുര്‍ബലമാകുമെന്നാണ് കാലാവസ്ഥാനിരീക്ഷണ കേന്ദ്രത്തിന്‍െറ കണക്കുകൂട്ടല്‍. മഴക്കുറവ് സര്‍വകാല റെക്കോഡിലേക്ക് പോകാന്‍ സാധ്യതയുള്ളതായും ഇവര്‍ വിലയിരുത്തുന്നു. കാലാവസ്ഥാ വ്യതിയാനം കര്‍ഷകരുടെ പ്രതീക്ഷകളാകെ താളംതെറ്റിക്കുകയാണ്. ബാങ്കുകളടക്കമുള്ള ധനകാര്യ സ്ഥാപനങ്ങളില്‍നിന്ന് വായ്പയെടുത്താണ് കര്‍ഷകരില്‍ നല്ളൊരു പങ്കും കൃഷിയിറക്കിയിരിക്കുന്നത്. കാലാവസ്ഥ ചതിച്ചാല്‍ ഇവര്‍ വന്‍ കടക്കെണിയില്‍ അകപ്പെടും.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.