കാട്ടാനഭീതിയൊഴിയാതെ വരദൂര്‍, കരണി പ്രദേശങ്ങള്‍

പനമരം: തിങ്കളാഴ്ച കാട്ടാന ഭീതിപരത്തിയ താഴെ വരദൂര്‍, കരണി പ്രദേശങ്ങളില്‍ നാട്ടുകാരുടെ ആശങ്കയൊഴിയുന്നില്ല. ആനയെ തിങ്കളാഴ്ച രാത്രി 10 ഓടെ നെയ്ക്കുപ്പ കാട്ടിലേക്ക് തുരത്തിയെങ്കിലും തിരിച്ചുവന്നേക്കാമെന്ന ഭീതി നിലനില്‍ക്കുകയാണ്. ആന വീണ്ടും ഇറങ്ങിയതായി കഥകള്‍ പ്രചരിക്കുന്നതും ജനത്തെ ആശങ്കയിലാക്കുന്നുണ്ട്. നെയ്ക്കുപ്പ കാട്ടില്‍നിന്നും നടവയലിനടുത്ത് കായക്കുന്ന്, നെല്ലിയമ്പം, കാവടം വഴിയാണ് ആന വരദൂര്‍, കരണി എന്നിവിടങ്ങളിലത്തെിയത്. 15 കിലോമീറ്ററിലേറെ സഞ്ചരിച്ച് കാട്ടാന കരണി, കല്ലഞ്ചിറ, താഴെ വരദൂര്‍ പ്രദേശങ്ങളിലത്തെിയത് പ്രദേശവാസികളെ ഞെട്ടിച്ചു. ആന വന്നുപോയതിനുശേഷവും കവലയും ഇടവഴികളുമൊന്നും രാത്രി കാലങ്ങളില്‍ പഴയതുപോലെ സജീവമല്ല. 1996ലാണ് ഇതിനുമുമ്പ് കരണിയില്‍ കാട്ടാനയത്തെിയത്. നെയ്ക്കുപ്പയില്‍നിന്ന് കാവടം വഴിയായിരുന്നു അന്നത്തെ സഞ്ചാരപാത. കരണിയില്‍ വി.വി. ജഗദീഷിന്‍െറ തോട്ടത്തിലായിരുന്നു അന്ന് ഏറെനേരം ആന തമ്പടിച്ചത്. ഇത്തവണയും കാട്ടാന ഈ തോട്ടത്തില്‍ ഏറെനേരം തങ്ങി. പ്ളാവിലെ ചക്കയാണ് ആനകളെ ആകര്‍ഷിക്കുന്ന പ്രധാനഘടകം. നടവയല്‍, പനമരം ഭാഗത്തെ വനയോരഗ്രാമങ്ങളില്‍ ചക്ക പാകമാകുമ്പോഴേക്കും പറിച്ചൊഴിവാക്കുന്നത് പതിവാണ്. ഇതോടെയാണ് കാട്ടാന കൂടുതല്‍ ദൂരത്തേക്ക് നീങ്ങുന്നത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.