‘വയനാട് മെഡിക്കല്‍ കോളജ് പൂര്‍ത്തീകരിക്കും’

സുല്‍ത്താന്‍ ബത്തേരി: സ്ഥലമെടുപ്പുമായി ബന്ധപ്പെട്ട് അല്‍പം കാലതാമസം നേരിട്ടെങ്കിലും വയനാട് മെഡിക്കല്‍ കോളജ് സമയ ബന്ധിതമായി പൂര്‍ത്തീകരിക്കുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. ബത്തേരി സ്വതന്ത്ര മൈതാനിയില്‍ യു.ഡി.എഫ് മുനിസിപ്പാലിറ്റി തെരഞ്ഞെടുപ്പ് പ്രചാരണ കണ്‍വെന്‍ഷന്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. 60 വര്‍ഷത്തിനിടയില്‍ അഞ്ചു മെഡിക്കല്‍ കോളജുകള്‍ മാത്രമുണ്ടായിരുന്ന കേരളത്തില്‍ കഴിഞ്ഞ നാലരവര്‍ഷത്തിനിടയില്‍ 11 മെഡിക്കല്‍ കോളജുകള്‍ക്ക് തുടക്കംകുറിച്ചു. മൂന്നെണ്ണം പ്രവര്‍ത്തനമാരംഭിച്ചു. സംസ്ഥാനത്ത് ഭരണവിരുദ്ധ വികാരമില്ല. വികസനവും കരുതലുമെന്ന യു.ഡി.എഫ് സര്‍ക്കാറിന്‍െറ മുദ്രാവാക്യം കളിവാക്കായില്ല. വികസന രംഗത്ത് വന്‍ മുന്നേറ്റമുണ്ടായി. ഇത് തിരിച്ചറിഞ്ഞ ജനം പിറവം, നെയ്യാറ്റിന്‍കര, അരുവിക്കര ഉപതെരഞ്ഞെടുപ്പുകളില്‍ യു.ഡി.എഫിന് വന്‍ വിജയം നല്‍കി. പ്രതിപക്ഷത്തിന്‍െറ കെട്ടിച്ചമച്ച ആരോപണങ്ങള്‍ ജനം വിശ്വസിച്ചില്ല. ഇടതു സര്‍ക്കാറിന്‍െറ കാലത്ത് ലോട്ടറിയില്‍ ലാഭം കൊയ്തത് സാന്‍റിയാഗോ മാര്‍ട്ടിനായിരുന്നു. യു.ഡി.എഫ് സര്‍ക്കാര്‍ 800 കോടി രൂപയാണ് ലോട്ടറിയിലൂടെ കാരുണ്യപദ്ധതിക്ക് നല്‍കിയത്. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍നിന്നും 600 കോടി വേറെയും കൊടുത്തു. രണ്ടുലക്ഷത്തോളം കുടുംബങ്ങള്‍ക്കിത് ആശ്വാസമായി. പ്രയാസമുണ്ടായാല്‍ സഹായിക്കാനൊരു സര്‍ക്കാറുണ്ടെന്ന ആത്മവിശ്വസം ഇതിലൂടെ കേരളത്തിലെ 75 ലക്ഷം കുടുംബങ്ങള്‍ക്കുണ്ടായി. വിദ്യാഭ്യാസ മേഖല സ്വകാര്യ കുത്തകകള്‍ക്ക് അടിയറവെച്ചുവെന്നാരോപിച്ച് സി.പി.എമ്മും ഡി.വൈ.എഫ്.ഐയും എസ്.എഫ്.ഐയും മത്സരിച്ച് കോടികളുടെ പൊതുമുതല്‍ നശിപ്പിച്ചു. ഈ സര്‍ക്കാര്‍ 26 കോളജുകള്‍ അനുവദിച്ചതില്‍ 23ഉം ഗവ. കോളജുകളാണ്. ഉന്നത വിദ്യാഭ്യാസ മേഖലയില്‍ പിന്നാക്കംപോയ എസ്.സി, എസ്.ടി വിഭാഗങ്ങള്‍ക്കായിരുന്നു മറ്റു മൂന്നു കോളജുകള്‍ നല്‍കിയത്. കോടിയേരിയുടെ മണ്ഡലത്തില്‍പോലും കോളജ് അനുവദിച്ചത് യു.ഡി.എഫ് സര്‍ക്കാറാണ്. ആരെ കൂട്ടുപിടിച്ചാലും കേരള നാടിനെ ഭിന്നിപ്പിക്കാനോ, വര്‍ഗീയത വളര്‍ത്താനോ ബി.ജെ.പിക്കാവില്ല. മതേതര ജനാധിപത്യ ബോധമുള്ള വോട്ടര്‍മാര്‍ ഇത്തവണ ഒറ്റക്കെട്ടായി ബി.ജെ.പിയെ പരാജയപ്പെടുത്താന്‍ നിശ്ചയദാര്‍ഢ്യത്തോടെ മുന്നിലുണ്ടാവും. യു.ഡി.എഫ് ബത്തേരി മുനിസിപ്പല്‍ ചെയര്‍മാന്‍ കെ. നൂറുദ്ദീന്‍ അധ്യക്ഷത വഹിച്ചു. എം.ഐ. ഷാനവാസ് എം.പി, ഐ.സി. ബാലകൃഷ്ണന്‍ എം.എല്‍.എ, എന്‍.ഡി. അപ്പച്ചന്‍, കെ.കെ. അബ്രഹാം, കെ.ജെ. ദേവസ്യ, ടി. മുഹമ്മദ്, എന്‍.സി. കൃഷ്ണകുമാര്‍, സി.പി. വര്‍ഗീസ്, നിസി അഹമ്മദ്, അനീഷ് മാമ്പള്ളി എന്നിവര്‍ സംസാരിച്ചു. യു.ഡി.എഫ് സ്ഥാനാര്‍ഥികളും കെ.പി.സി.സി, ഡി.സി.സി ഭാരവാഹികളുമടക്കമുള്ള നേതാക്കളും സന്നിഹിതരായിരുന്നു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.