മതേതരത്വം തകര്‍ക്കുന്നവര്‍ കേരളത്തില്‍ വേരുപിടിക്കില്ല –ഉമ്മന്‍ ചാണ്ടി

കല്‍പറ്റ: മതേതരത്വത്തിന് പോറലേല്‍പിക്കുന്ന പ്രസ്ഥാനങ്ങള്‍ കേരളത്തില്‍ വേരുപിടിക്കില്ളെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. വിഭാഗീയത സൃഷ്ടിക്കുന്നവരെ പ്രോത്സാഹിപ്പിക്കുന്നതല്ല കേരളത്തിന്‍െറ പാരമ്പര്യം. വയനാട് പ്രസ്ക്ളബിന്‍െറ മീറ്റ് ദ ലീഡര്‍ പരിപാടിയില്‍ മൂന്നാം മുന്നണിയുടെ സാധ്യതയെക്കുറിച്ചുള്ള ചോദ്യത്തോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. ബി.ജെ.പി, എസ്.എന്‍.ഡി.പിയുമായി അടുക്കാന്‍ നടത്തുന്നശ്രമം യു.ഡി.എഫ് വോട്ട് ചോര്‍ച്ചക്ക് കാരണമാകില്ല. ബി.ജെ.പിയെ എതിര്‍ക്കുന്നതില്‍ കേരളത്തില്‍ കോണ്‍ഗ്രസിന്‍െറ ശബ്ദം ദുര്‍ബലമാകുന്നുവെന്ന പ്രചാരണം അടിസ്ഥാനരഹിതമാണ്. ബി.ജെ.പിയെ എതിര്‍ക്കാന്‍ കോണ്‍ഗ്രസിനെ സാധിക്കൂ. വി.പി. സിങ്ങിനെ അധികാരത്തിലേറ്റാന്‍ ബി.ജെ.പിയുമായി സി.പി.എം സഹകരിച്ചു. ഒന്നാം യു.പി.എ സര്‍ക്കാറിനെ താഴെയിറക്കാനും കൂട്ടുകൂടി. മതേതരത്വം ഉയര്‍ത്തിപ്പിടിക്കാനും മതസൗഹാര്‍ദം നിലനിര്‍ത്താനും കോണ്‍ഗ്രസിനേ കഴിയൂ. ഇക്കാര്യത്തില്‍ കേരളത്തിലെ ന്യൂനപക്ഷങ്ങള്‍ക്കും പൂര്‍ണ വിശ്വാസമുണ്ട്. അതുകൊണ്ടാണ് തെരഞ്ഞടുപ്പുകളില്‍ കോണ്‍ഗ്രസ് ജയിക്കുന്നത്. കഴിഞ്ഞ നാലരവര്‍ഷത്തിനിടെ സര്‍ക്കാറിനെതിരെ ഉയര്‍ന്ന ആക്ഷേപങ്ങളിലൊന്നും കഴമ്പില്ളെന്ന് ജനം തിരിച്ചറിഞ്ഞതാണ്. അല്ളെങ്കില്‍ മൂന്ന് ഉപതെരഞ്ഞെടുപ്പുകളിലും പാര്‍ലമെന്‍റ് തെരഞ്ഞെടുപ്പിലും സര്‍ക്കാറിനു അനുകൂലമാകുമായിരുന്നില്ല ജനവിധി. സ്വകാര്യ വിദ്യാഭ്യാസ മാനേജ്മെന്‍റുകള്‍ക്ക് അനുകൂലമായ നിലപാട് സര്‍ക്കാര്‍ സ്വീകരിക്കുന്നുവെന്നാരോപിച്ച് ഇടത് യുവജന-വിദ്യാര്‍ഥി പ്രസ്ഥാനങ്ങള്‍ തെരുവിലിറങ്ങി. ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നശേഷം 26 കോളജുകളാണ് അനുവദിച്ചത്. ഇതില്‍ 23ഉം ഗവ. കോളജുകളാണ്. പട്ടികജാതിക്കാരുമായി ബന്ധപ്പെട്ട സ്ഥാപനങ്ങള്‍ക്കാണ് മൂന്ന് എയ്ഡഡ് കോളജുകള്‍ അനുവദിച്ചത്. പരിസ്ഥിതി സംരക്ഷണത്തിനു സര്‍ക്കാര്‍ എതിരല്ല. പക്ഷേ, അത് ജനഹിതം അട്ടിമറിക്കുന്ന തരത്തിലാകരുതെന്ന് നിര്‍ബന്ധമുണ്ട്. വനമില്ലാത്ത വില്ളേജുകള്‍ ഇ.എസ്.എയില്‍ ഉള്‍പ്പെട്ടത് പരിശോധിക്കും. ചുരം ബദല്‍ റോഡ് വയനാടിനെ സംബന്ധിച്ചിടത്തോളം അനിവാര്യമാണ്. ബദല്‍ റോഡിനുള്ള എസ്റ്റിമേറ്റും വിശദമായ പ്രോജക്ട് റിപ്പോര്‍ട്ടും ആയതാണ്. കേന്ദ്ര വനം-പരിസ്ഥിതി മന്ത്രാലയത്തിന്‍െറ അനുമതിലഭ്യമാക്കുന്നതടക്കമുള്ള കാര്യങ്ങള്‍ വോട്ടെടുപ്പ് കഴിഞ്ഞാലുടന്‍ ത്വരിതപ്പെടുത്തും. വയനാട് മെഡിക്കല്‍ കോളജ് യാഥാര്‍ഥ്യമാക്കുന്നതിനായി പ്രതീക്ഷിച്ച വേഗത്തില്‍ മുന്നോട്ടുപോകാനായില്ല. മെഡിക്കല്‍ കോളജിന്‍െറ കാര്യത്തില്‍ പല തീരുമാനങ്ങളും എടുക്കേണ്ടിവന്നു. ഇപ്പോള്‍ ഫണ്ടിങ് പാറ്റേണ്‍ അംഗീകരിച്ച നബാര്‍ഡ് ആദ്യഘട്ടം പ്രവൃത്തികള്‍ക്ക് 45 കോടി അനുവദിച്ചിട്ടുണ്ട്. മെഡിക്കല്‍ കോളജിന്‍െറ പ്രവര്‍ത്തനം ജില്ലയിലെ സര്‍ക്കാര്‍ ആശുപത്രികള്‍ കേന്ദ്രീകരിച്ച് താല്‍കാലികമായി തുടങ്ങുന്നതിനുപകരം ആശുപത്രി കോമ്പൗണ്ടിന്‍െറ നിര്‍മാണം ഉടന്‍ പൂര്‍ത്തീകരിച്ച് നിര്‍ദിഷ്ട സ്ഥലത്തുതന്നെ തുടങ്ങാനാണ് സര്‍ക്കാറിന്‍െറ താല്‍പര്യമെന്നും അദ്ദേഹം പറഞ്ഞു. എല്‍.ഡി.എഫ് തെരഞ്ഞെടുപ്പ് പ്രചാരണത്തിന്‍െറ അമരത്തേക്ക് വി.എസ്. അച്യുതാനന്ദന്‍ എത്തിയത് യു.ഡി.എഫിനെ എങ്ങനെ ബാധിക്കുമെന്ന ചോദ്യത്തിനു ‘അവരുടെ പ്രചാരണത്തിനു ആര് നേതൃത്വം നല്‍കുന്നുവെന്നത് അവരുടെ മാത്രം കാര്യം’ എന്നായിരുന്നു മറുപടി. എം.ഐ. ഷാനവാസ് എം.പി, എം.വി. ശ്രേയാംസ്കുമാര്‍ എം.എല്‍.എ, കോണ്‍ഗ്രസ് നേതാക്കളായ കെ.എല്‍. പൗലോസ്, എന്‍.ഡി. അപ്പച്ചന്‍, കെ.വി. പോക്കര്‍ ഹാജി, പി.പി. ആലി തുടങ്ങിയവര്‍ സന്നിഹിതരായിരുന്നു. പ്രസ്ക്ളബ് സെക്രട്ടറി എന്‍.എസ്. നിസാര്‍ അധ്യക്ഷത വഹിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.