നവരാത്രി ആഘോഷം: സബ് കലക്ടറുടെ നിലപാട് വിവാദമാകുന്നു

മാനന്തവാടി: നവരാത്രി ആഘോഷത്തിന് മാനന്തവാടി എരുമത്തെരുവ് കാഞ്ചി കാമാക്ഷിയമ്മന്‍ ക്ഷേത്രത്തില്‍ നിര്‍മിച്ച സ്റ്റേജുമായി ബന്ധപ്പെട്ട് സബ് കലക്ടര്‍ ശീറാം സാംബശിവറാവു കൈക്കൊണ്ട നിലപാട് വിവാദമാകുന്നു. വര്‍ഷങ്ങളായി തലശ്ശേരി റോഡില്‍നിന്ന് കെ.എസ്.ആര്‍.ടി.സി ഗാരേജ് റോഡിലേക്ക് പ്രവേശിക്കുന്ന സ്ഥലത്താണ് സ്റ്റേജ് നിര്‍മിച്ചിരുന്നത്. മുമ്പ് നാലു ദിവസത്തോളം ഈ റോഡിലൂടെ ഗതാഗതംപോലും തടസ്സപ്പെട്ടിരുന്നു. എന്നാല്‍, കഴിഞ്ഞ മൂന്ന് വര്‍ഷമായി ടിപ്പര്‍പോലുള്ള വാഹനങ്ങള്‍ക്ക് കടന്നുപോകാനുള്ള സൗകര്യമൊരുക്കിയാണ് സ്റ്റേജ് നിര്‍മിച്ചിരുന്നത്. ഇത്തവണയും ഇതേ രീതിയിലാണ് സ്റ്റേജ് നിര്‍മിച്ചത്. ചൊവ്വാഴ്ച രാവിലെ തന്‍െറ ഒൗദ്യോഗിക വാഹനത്തിലൂടെ ഇതുവഴി എത്തിയ സബ് കലക്ടര്‍ മാര്‍ഗതടസ്സങ്ങള്‍ ഒന്നും ഇല്ലാതിരിക്കെ സ്റ്റേജ് പൊളിച്ചുനീക്കാന്‍ സംഘാടകര്‍ക്ക് നിര്‍ദേശം നല്‍കുകയായിരുന്നു. ഇതില്‍ പ്രതിഷേധവുമായി വിശ്വാസികളും നാട്ടുകാരും തടിച്ചുകൂടുകയും സ്ഥലത്ത് നേരിയ സംഘര്‍ഷാവസ്ഥ ഉടലെടുക്കുകയും ചെയ്തു. വിവരമറിഞ്ഞ് മാനന്തവാടിയിലെ എല്ലാ രാഷ്ട്രീയ പാര്‍ട്ടി നേതാക്കളും സ്ഥാനാര്‍ഥികളും പിന്തുണയുമായി എത്തി. ഇതോടെ സ്ഥലത്തത്തെിയ മാനന്തവാടി സി.ഐ അബ്ദുല്‍ ഷരീഫ്, എസ്.ഐ വിനോദ് വലിയാറ്റൂര്‍ എന്നിവര്‍ സബ് കലക്ടറുമായി ബന്ധപ്പെടാന്‍ ശ്രമിച്ചെങ്കിലും ഒൗദ്യോഗിക നമ്പര്‍ സ്വിച്ച് ഓഫ് ആക്കിയ നിലയിലായിരുന്നു. തുടര്‍ന്ന് നേതാക്കള്‍ ജില്ലാ കലക്ടറുമായി ബന്ധപ്പെട്ടതിന്‍െറ അടിസ്ഥാനത്തില്‍ സബ് കലക്ടര്‍ സ്ഥലത്തത്തെി ചര്‍ച്ചക്കായി ക്ഷേത്രം ഭാരവാഹികളെയും നേതാക്കളെയും സബ് കലക്ടറുടെ ചേംബറിലേക്ക് വിളിപ്പിച്ചു. 11.30ഓടെ ചേംബറിലത്തെിയ നേതാക്കളുള്‍പ്പെടെ അരമണിക്കൂറോളം സബ് കലക്ടറെ കാത്തിരുന്നെങ്കിലും അദ്ദേഹം ചര്‍ച്ചക്ക് തയാറാകാതെ ക്യാമ്പ് ഹൗസില്‍ തന്നെയിരുന്നു. ഇതോടെ ക്ഷുഭിതരായ നേതാക്കളും ക്ഷേത്രം ഭാരവാഹികളും ഇറങ്ങിപ്പോവുകയും സ്റ്റേജ് പൊളിക്കാനുള്ള നടപടിയുമായി സബ് കലക്ടര്‍ മുന്നോട്ടുപോയാല്‍ തടയുമെന്ന മുന്നറിയിപ്പ് പൊലീസിന് നല്‍കുകയും ചെയ്തു. സബ് കലക്ടറുടെ നടപടി മാനന്തവാടിയിലെ സമാധാനാന്തരീക്ഷം തകര്‍ക്കാനുള്ള നീക്കത്തിന്‍െറ ഭാഗമാണെന്ന് നേതാക്കള്‍ കുറ്റപ്പെടുത്തി. നേതാക്കളായ കെ.വി. മോഹനന്‍, ഇ.ജെ. ബാബു, കണ്ണന്‍ കണിയാരം, കടവത്ത് മുഹമ്മദ്, സുനില്‍ ക്ളബ്കുന്ന്, പി.വി.എസ്. മൂസ, ക്ഷേത്രം ഭാരവാഹികളായ എം.കെ. മഹേഷ്, കെ.സി. സനല്‍ എന്നിവര്‍ സ്ഥലത്തത്തെിയിരുന്നു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.