മതിയായ ജീവനക്കാരില്ല; പുതിയ മുനിസിപ്പാലിറ്റികളുടെ പ്രവര്‍ത്തനം സ്തംഭനത്തില്‍

മാനന്തവാടി: ജീവനക്കാരും ഫണ്ടും ഇല്ലാത്തതിനാല്‍ പുതുതായി രൂപവത്കരിച്ച മുനിസിപ്പാലിറ്റികളുടെ പ്രവര്‍ത്തനം അവതാളത്തിലാകുന്നു. 28 മുനിസിപ്പാലിറ്റികളാണ് പുതുതായി രൂപവത്കരിച്ചത്. വയനാട്ടില്‍ മാനന്തവാടി, സുല്‍ത്താന്‍ ബത്തേരി മുനിസിപ്പാലിറ്റികളാണ് രൂപവത്കരിച്ചത്. ഇവിടങ്ങളിലെല്ലാം നിലവിലെ പഞ്ചായത്ത് ജീവനക്കാര്‍തന്നെയാണ് ജോലിചെയ്യുന്നത്. മാനന്തവാടിയില്‍ 90 ജീവനക്കാര്‍ വേണ്ടിടത്ത് 35 പേരാണുള്ളത്. ഇത്രതന്നെ ജീവനക്കാര്‍ ബത്തേരിയിലും ജോലിചെയ്യുന്നു. ഇവരൊന്നും മുനിസിപ്പല്‍നിയമങ്ങള്‍ അറിയുന്നവരല്ല. അതുകൊണ്ടുതന്നെ ദൈനംദിന ജോലികളില്‍ പ്രയാസംനേരിടുന്നുണ്ട്. മുനിസിപ്പാലിറ്റിയുടെ പേരില്‍ ട്രഷറി അക്കൗണ്ട് ആരംഭിക്കാത്തതും ദിവസവുമുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് പ്രയാസംനേരിടാന്‍ കാരണമാകുന്നു. നിലവില്‍, പഞ്ചായത്ത് അക്കൗണ്ടില്‍നിന്നാണ് ആവശ്യമായ തുക ചെലവഴിക്കുന്നത്. പഞ്ചായത്തില്‍നിന്ന് നല്‍കുന്ന സേവനങ്ങള്‍മാത്രമാണ് ജനങ്ങള്‍ക്ക് ലഭിക്കുന്നത്. തൊഴിലുറപ്പുപദ്ധതി നിലച്ചതും തിരിച്ചടിയായിട്ടുണ്ട്. മാനന്തവാടിയില്‍ നിലവില്‍ 23 ഭരണസമിതിയംഗങ്ങള്‍ക്ക് യോഗംചേരാനുള്ള സ്ഥലസൗകര്യം മാത്രമാണുള്ളത്. 36 പേര്‍ നിലവിലെ ഭരണസമിതിയിലുണ്ട്. ഇവര്‍ക്ക് യോഗംചേരാന്‍പോലും കഴിയാത്ത അവസ്ഥയാണ്. പഞ്ചായത്ത് എന്ന ബോര്‍ഡ് നഗരസഭ എന്നാക്കി മാറ്റിയതല്ലാതെ മറ്റൊരുസംവിധാനവും മാറ്റാനായിട്ടില്ല. ഡിസംബര്‍ ആദ്യവാരത്തോടെ മുനിസിപ്പല്‍ ജീവനക്കാരെ നിയമിച്ച് ഉത്തരവിറങ്ങുമെന്ന പ്രതീക്ഷയിലാണ്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.