സ്വകാര്യബസുകള്‍ തടഞ്ഞു; വീണ്ടും മിന്നല്‍ പണിമുടക്ക്

കല്‍പറ്റ: ഒത്തുതീര്‍പ്പുചര്‍ച്ച നടത്തി സ്വകാര്യബസുകള്‍ ഓട്ടം തുടങ്ങിയ അന്നുതന്നെ വീണ്ടും പ്രശ്നം. വിദ്യാര്‍ഥികളും നാട്ടുകാരും വീണ്ടും ബസ്ജീവനക്കാര്‍ക്കെതിരെ പ്രതിഷേധവുമായി രംഗത്തത്തെിയപ്പോള്‍ തുടര്‍ച്ചയായ രണ്ടാംദിവസവും സ്വകാര്യബസുകള്‍ മിന്നല്‍ പണിമുടക്ക് നടത്തി. തലേന്ന് മിന്നല്‍ പണിമുടക്ക് നടത്തിയതില്‍ പ്രതിഷേധിച്ച് നാട്ടുകാര്‍ വ്യാഴാഴ്ച രാവിലെ സ്വകാര്യബസുകള്‍ തടയുകയായിരുന്നു. ഇതോടെ, ജില്ലയുടെ പലഭാഗങ്ങളിലും യാത്രക്കാര്‍ ദുരിതത്തിലായി. വിദ്യാര്‍ഥികള്‍ ജീവനക്കാരെ മര്‍ദിച്ചതില്‍ പ്രതിഷേധിച്ച് സ്വകാര്യബസുകള്‍ ബുധനാഴ്ച മിന്നല്‍ പണിമുടക്ക് നടത്തിയിരുന്നു. പിണങ്ങോട് ഡബ്ള്യൂ.ഒ.എച്ച്.എസ്.എസ് വിദ്യാര്‍ഥികളും സ്വകാര്യബസ് ജീവനക്കാരും തമ്മില്‍ ചൊവ്വാഴ്ച വൈകീട്ട് ആറോടെ കല്‍പറ്റ ബസ്സ്റ്റാന്‍ഡിലാണ് പ്രശ്നമുണ്ടായത്. ‘കാഞ്ഞായീസ്’ ബസിലെ കണ്ടക്ടറെ ഒരുസംഘം വിദ്യാര്‍ഥികള്‍ മര്‍ദിച്ചു. ഇതോടെ, കുറ്റക്കാര്‍ക്കെതിരെ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് ജീവനക്കാര്‍ ബുധനാഴ്ച പടിഞ്ഞാറത്തറ-മാനന്തവാടി റൂട്ടില്‍ ആദ്യം ഓട്ടം നിര്‍ത്തുകയായിരുന്നു. രക്ഷിതാക്കളും ജീവനക്കാരും തമ്മില്‍ വീണ്ടും പ്രശ്നമുണ്ടായതോടെ ബുധനാഴ്ച ഉച്ചയോടെ മറ്റു റൂട്ടുകളിലും ബസുകള്‍ പണിമുടക്കുകയായിരുന്നു. ബുധനാഴ്ച വൈകുന്നേരം കല്‍പറ്റ സി.ഐ കെ.പി. സുനില്‍കുമാറിന്‍െറ നേതൃത്വത്തില്‍ ചര്‍ച്ച നടത്തിയതോടെയാണ് ജീവനക്കാര്‍ പണിമുടക്ക് പിന്‍വലിക്കാന്‍ തീരുമാനിച്ചത്. വിദ്യാര്‍ഥികള്‍ക്കെതിരെ നല്‍കിയ കേസും ഒത്തുതീര്‍പ്പാക്കാന്‍ തീരുമാനമായിരുന്നു. വ്യാഴാഴ്ച നാട്ടുകാര്‍ ബസ് പുറപ്പെടാന്‍ അനുവദിക്കാതിരുന്നതോടെ ജീവനക്കാര്‍ വീണ്ടും പണിമുടക്ക് പ്രഖ്യാപിക്കുകയായിരുന്നു. ഇതോടെ, സ്റ്റാന്‍ഡിലത്തെിയ സ്വകാര്യബസുകളൊന്നും സര്‍വിസ് നടത്തിയില്ല. ഇത് യാത്രക്കാരെ വീണ്ടും ദുരിതത്തിലാക്കി. ഉച്ചകഴിഞ്ഞ് മൂന്നരയോടെ നടത്തിയ ചര്‍ച്ചയുടെ അടിസ്ഥാനത്തിലാണ് പണിമുടക്ക് പിന്‍വലിച്ചത്. കല്‍പറ്റ ഡിവൈ.എസ്.പി ടി.എല്‍. സാബുവിന്‍െറ അധ്യക്ഷതയില്‍ നടന്ന ചര്‍ച്ചയില്‍ ബസുകള്‍ തടയുന്നവര്‍ക്കെതിരെ നടപടിയെടുക്കുമെന്ന ഉറപ്പിലാണ് ജീവനക്കാര്‍ സമരം പിന്‍വലിച്ചത്. മിന്നല്‍ പണിമുടക്ക് നടത്തരുതെന്ന് നിര്‍ദേശം വീണ്ടും ലംഘിക്കുന്ന ജീവനക്കാര്‍ക്കെതിരെ നടപടിയെടുക്കണമെന്നും ആവശ്യമുയര്‍ന്നിട്ടുണ്ട്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.