കാലാവസ്ഥ അനുയോജ്യം; വയനാട്ടില്‍ സവാള കരയിക്കില്ല

കല്‍പറ്റ: വയനാടിന്‍െറ സവിശേഷ കാലാവസ്ഥ സവാളപോലുള്ള ശീതകാല പച്ചക്കറികള്‍ക്ക് അനുയോജ്യം. ഇത്തരം കൃഷി ജില്ല മുഴുവന്‍ വ്യാപിപ്പിക്കാന്‍ കൃഷിവകുപ്പിന്‍െറ കീഴിലെ ‘ആത്മയുടെ’ നേതൃത്വത്തില്‍ വിപുലപദ്ധതി തുടങ്ങി. കര്‍ഷകര്‍ക്കുള്ള ആദ്യഘട്ട പരിശീലനം മാനന്തവാടിയിലും അമ്പലവയലിലും നടത്തി. രണ്ടാംഘട്ട പരിശീലനം നേടിയ കര്‍ഷകര്‍ക്കെല്ലാം ഒരു സെന്‍റില്‍ കൃഷി നടത്താന്‍ ആവശ്യമായ ഒന്നരമാസം പ്രായമായ സവാള തൈകള്‍ വീതം നല്‍കും. തൃശൂര്‍ കൃഷി വിജ്ഞാനകേന്ദ്രത്തിലെ ഡോ. ജലജയുടെ നേതൃത്വത്തില്‍ കഴിഞ്ഞ മൂന്നു വര്‍ഷമായി നടന്ന ഗവേഷണഫലമായാണ് ഇക്കൊല്ലം മുതല്‍ വിവിധ ജില്ലകളില്‍ സവാളകൃഷി പ്രചരിപ്പിക്കുന്നത്. അഗ്രിഫൗണ്ട് ഡാര്‍ക് റെഡ്, അര്‍ക്കാ കല്യാണ്‍ എന്നീ ഇനങ്ങള്‍ സമതലങ്ങളടക്കം കേരളത്തിലെല്ലായിടത്തും കൃഷി ചെയ്യാന്‍ അനുയോജ്യമാണ്. ഇവയുടെ വിത്ത് ഉത്തരേന്ത്യയിലെ സര്‍ക്കാര്‍ ഗവേഷണകേന്ദ്രങ്ങളില്‍നിന്ന് വരുത്തി മുളപ്പിച്ച തൈകളാണ് വിതരണം ചെയ്യുക. നവംബര്‍ മുതല്‍ ഫെബ്രുവരി വരെയുള്ള ശീതകാലമാണ് കൃഷിക്ക് അനുയോജ്യം. പ്രത്യേകം ഒരുക്കിയ കേന്ദ്രങ്ങളിലുള്ള തൈകള്‍ ഇതിനകം മൂന്നാഴ്ച പ്രായമായി വളര്‍ന്നുകഴിഞ്ഞു. ജില്ലയുടെ വടക്കന്‍മേഖലകളിലെ തെരഞ്ഞെടുക്കപ്പെട്ട 150 കര്‍ഷകര്‍ പങ്കെടുത്ത പഠനക്ളാസ് മാനന്തവാടിയില്‍ നഗരസഭാ ചെയര്‍മാന്‍ വി.ആര്‍. പ്രവീജ് ഉദ്ഘാടനം ചെയ്തു. ആത്മ ഡെപ്യൂട്ടി പ്രോജക്ട് ഡയറക്ടര്‍ ഡോ. കെ. ആശ അധ്യക്ഷത വഹിച്ചു. രണ്ടു സെന്‍റ് ഭൂമിയോ തുറന്ന ടെറസോ ഉള്ളവര്‍ക്ക് വീട്ടാവശ്യത്തിനുള്ള പച്ചക്കറികള്‍ സ്വയം വിളയിക്കാന്‍ സഹായകരമായി തൃശൂര്‍ കൃഷിവിജ്ഞാനകേന്ദ്രം പ്രസിദ്ധീകരിച്ച ‘വിഷമില്ലാത്ത പച്ചക്കറി വീട്ടുവളപ്പില്‍’ എന്ന പുസ്തകത്തിന്‍െറ പ്രകാശനവും മുനിസിപ്പല്‍ ചെയര്‍മാന്‍ നിര്‍വഹിച്ചു. അമ്പലവയലില്‍ നടന്ന പഠനക്ളാസ് പ്രാദേശിക കാര്‍ഷിക ഗവേഷണകേന്ദ്രം മേധാവി ഡോ. പി. രാജേന്ദ്രന്‍ ഉദ്ഘാടനം ചെയ്തു. ഡോ. ജലജ എസ്. മേനോന്‍ പഠനക്ളാസെടുത്തു. ഡോ. രഞ്ജന്‍ എസ്. കരിപ്പായി മോഡറേറ്ററായിരുന്നു. ആത്മ ഇക്കൊല്ലം നടത്തുന്ന ‘വയനാട് ശീതകാലപച്ചക്കറി വിളഭൂമിയായി മാറുന്നു’ എന്ന ടെക്നോളജി മീറ്റ് പരിപാടിയുടെ ഭാഗമായിരുന്നു ക്ളാസുകള്‍.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.