കല്‍പറ്റ: കുരങ്ങുപനിക്ക് (ക്യാസനൂര്‍ ഫോറസ്റ്റ് ഡിസീസ്-കെ.എഫ്.ഡി) എതിരായ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ നവംബര്‍ 16ന് തുടങ്ങാന്‍ ജില്ലാ കലക്ടര്‍ കേശവേന്ദ്രകുമാറിന്‍െറ അധ്യക്ഷതയില്‍ ചേര്‍ന്ന ഉന്നതതല യോഗം തീരുമാനിച്ചു. കഴിഞ്ഞവര്‍ഷം കുരങ്ങുപനി റിപ്പോര്‍ട്ട് ചെയ്ത മേഖലയിലെ നായ്ക്കട്ടി, ചെതലയം പി.എച്ച്.സികള്‍ കേന്ദ്രീകരിച്ചാണ് വാക്സിനേഷന്‍. കുരങ്ങിലും ചെറുസസ്തനികളിലും കാണുന്ന ചെള്ള് മുഖേനയാണ് പനി പകരുന്നത്. ആറ് പഞ്ചായത്തുകളില്‍ മൂന്ന് ഘട്ടമായുള്ള വാക്സിനേഷനാണ് നടത്തുക. വനത്തില്‍ മേയ്ക്കുന്ന കന്നുകാലികളിലെ ചെള്ള് നശിപ്പിക്കാന്‍ ലേപനം പുരട്ടാനുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് വിവിധ വകുപ്പുകള്‍ യോജിച്ച് പദ്ധതി നടപ്പാക്കും. സംശയിക്കുന്നവരുടെ രക്തപരിശോധനക്കായി മണിപ്പാല്‍ ആശുപത്രിയുടെ സാറ്റലൈറ്റ് സെന്‍റര്‍ സുല്‍ത്താന്‍ ബത്തേരിയില്‍ തുടങ്ങാനും തീരുമാനമായിട്ടുണ്ട്. വനത്തിലെ കുരങ്ങുകളുടെ അസ്വാഭാവികമായ മരണത്തിന്‍െറ കണക്ക് വനംവകുപ്പ് ശേഖരിക്കും. ബോധവത്കരണത്തിലും പ്രതിരോധ ചികിത്സയിലും ഊന്നിയുള്ള പ്രവര്‍ത്തനമാണ് ആരോഗ്യവകുപ്പ് നടപ്പാക്കുക. മൂന്ന് ഘട്ട വാക്സിനേഷന്‍ രോഗപ്രതിരോധത്തിന് നിര്‍ബന്ധമാണ്. കഴിഞ്ഞവര്‍ഷം വാക്സിനേഷന്‍ എടുത്തവര്‍ക്കൊന്നും രോഗം റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. ജില്ലയിലെ ആശുപത്രികളില്‍ ചികിത്സക്കും വാക്സിനേഷനും സൗകര്യം ഏര്‍പ്പെടുത്തും. 4000 ഡോസ് വാക്സിന്‍ നിലവില്‍ കരുതലുണ്ട്. കന്നുകാലികളിലും രോഗവാഹികളായ ചെള്ളുകള്‍ കാണുന്നതിനാലാണ് കന്നുകാലികളിലെ ചെള്ളുകള്‍ നശിപ്പിക്കാനുള്ള യജ്ഞത്തിന് ഈ വര്‍ഷം തുടക്കമിടുന്നത്. എന്നാല്‍, ഈ രോഗം ബാധിച്ച് മരിക്കുന്നത് കുരങ്ങുകളും മനുഷ്യരും മാത്രമാണ്. കഴിഞ്ഞവര്‍ഷം ജനുവരിയിലാണ് സംസ്ഥാനത്ത് ആദ്യമായി വയനാട് ജില്ലയില്‍ കുരങ്ങുപനി റിപ്പോര്‍ട്ട് ചെയ്തത്. ആറ് പഞ്ചായത്തുകളില്‍ 211 പേര്‍ക്ക് രോഗം ബാധിക്കുകയും 11 പേര്‍ മരിക്കുകയും ചെയ്തിരുന്നു. സുല്‍ത്താന്‍ ബത്തേരി നഗരസഭയിലും നൂല്‍പ്പുഴ പഞ്ചായത്തിലുമാണ് കഴിഞ്ഞതവണ കുരങ്ങുപനി രൂക്ഷമായത്. യോഗത്തില്‍ വിവിധ വകുപ്പ് മേധാവികള്‍ സംബന്ധിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.