പനമരത്തെ നെല്ല് സംഭരണ കേന്ദ്രം പൂട്ടി; കര്‍ഷകര്‍ ദുരിതത്തില്‍

പനമരം: നെല്‍കര്‍ഷകരെ സഹായിക്കാന്‍ പനമരത്ത് ഉണ്ടായിരുന്ന സംഭരണ കേന്ദ്രം പൂട്ടിയത് കര്‍ഷകരെ ദുരിതത്തിലാക്കുന്നു. വിവിധ പാഠശേഖരങ്ങളിലായി നൂറ് കണക്കിന് കര്‍ഷകരാണ് നെല്ല് വില്‍ക്കാന്‍ കഴിയാതെ നട്ടം തിരിയുന്നത്. പനമരം നിര്‍മിതി കേന്ദ്രം റോഡരികിലാണ് കര്‍ഷക ഉല്‍പന്നങ്ങളുടെ വിപണന കേന്ദ്രം ഉണ്ടായിരുന്നത്. അഞ്ച് വര്‍ഷം മുമ്പാണ് ഇതിനായി കെട്ടിടം പണിതത്. നെല്ല് സംഭരിക്കാന്‍ മാത്രമായി കെട്ടിടത്തില്‍ പ്രത്യേകം മുറിയും ഒരുക്കിയിരുന്നു. ഇവിടെ ത്രിവേണി സൂപ്പര്‍ മാര്‍ക്കറ്റ് തുറക്കുന്നതിന് മുന്നോടിയായി നെല്ല് സംഭരണ ഡിപ്പോ മാറ്റാനുള്ള ശ്രമവും തുടങ്ങി. കഴിഞ്ഞ വര്‍ഷം ഉണ്ടായിരുന്ന ഡിപ്പോ ഇത്തവണ ഇല്ല. 2150 രൂപ നിരക്കിലാണ് ഒരു ക്വിന്‍റല്‍ നെല്ല് സംഭരണ കേന്ദ്രത്തില്‍ എടുത്തിരുന്നത്. സാധാരണ മാര്‍ക്കറ്റില്‍ ഇത് 1500ല്‍ താഴെയാണ്. സിവില്‍ സപൈ്ളസ് അധികൃതര്‍ കര്‍ഷകരില്‍ നിന്ന് നെല്ല് സംഭരിക്കാന്‍ പ്രത്യേകം ഏജന്‍റുമാരെ താലൂക്ക് അടിസ്ഥാനത്തില്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. അവരാണ് സംഭരിക്കാനാവശ്യമായ മുറികളും മറ്റും ഏര്‍പ്പെടുത്തേണ്ടത്. മാനന്തവാടി താലൂക്ക് ഏജന്‍റിന്‍െറ അനാസ്ഥയാണ് പനമരത്തെ സംഭരണത്തെ അവതാളത്തിലാക്കിയതെന്ന് ആക്ഷേപമുണ്ട്. ഇക്കാര്യത്തില്‍ സിവില്‍ സപൈ്ളസ് അധികാരികള്‍ ഒന്നും ചെയ്യുന്നുമില്ല. കൃഷി ഓഫിസുമായി ബന്ധപ്പെട്ട് നെല്ല് സംഭരിക്കാനുള്ള ശ്രമങ്ങള്‍ കര്‍ഷകരെ സഹായിക്കാനായി ഏര്‍പ്പെടുത്തുമെന്ന് പനമരം പഞ്ചായത്ത് വൈസ് പ്രസിഡന്‍റ് ടി. മോഹനന്‍ പറഞ്ഞു. മാത്തൂര്‍വയല്‍, മാതോത്ത്പൊയില്‍, ചങ്ങാടക്കടവ്, പരക്കുനി വയലുകളിലായി ടണ്‍ കണക്കിന് നെല്‍ ഇത്തവണ ഉല്‍പാദിപ്പിച്ചിട്ടുണ്ട്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.