ജില്ലാ സ്കൂള്‍ കലോത്സവം: സ്റ്റേജിതര ഇനങ്ങള്‍ക്ക് തുടക്കം

സുല്‍ത്താന്‍ ബത്തേരി: 36ാമത് വയനാട് ജില്ലാ സ്കൂള്‍ കലോത്സവത്തിന് സുല്‍ത്താന്‍ ബത്തേരി ഗവ. സര്‍വജന സ്കൂളില്‍ ഉജ്ജ്വല തുടക്കം. യു.പി, ഹൈസ്കൂള്‍, ഹയര്‍ സെക്കന്‍ഡറി തലങ്ങളിലായി ചിത്രരചന, കൊളാഷ്, കാര്‍ട്ടൂണ്‍, ഉപന്യാസം, കവിതാ രചന, കഥാരചന, ക്വിസ്, അക്ഷരശ്ളോകം, കാവ്യകേളി മത്സരങ്ങളാണ് ബുധനാഴ്ച നടന്നത്. സമസ്യാപൂരണം, പ്രശ്നോത്തരി, സിദ്ധരൂപോച്ചാരണം, ഗദ്യപാരായണം, ഉപന്യാസം, കഥ-കവിതാ രചന, ഖുര്‍ആന്‍ പാരായണം, മുശാഅറ, പോസ്റ്റര്‍ നിര്‍മാണം, നിഘണ്ടു നിര്‍മാണം, തര്‍ജമ, അറബിക് ക്വിസ്, പ്രശ്നോത്തരി, പദകേളി, പ്രസംഗം, പദപ്പയറ്റ് മത്സരങ്ങളാണ് വ്യാഴാഴ്ച നടക്കുക. സ്റ്റേജിതര ഇനങ്ങള്‍ വ്യാഴാഴ്ച സമാപിക്കും. ജനുവരി 4, 5, 6 തീയതികളിലാണ് സ്റ്റേജ് മത്സരങ്ങള്‍ നടക്കുക. നാലിന് രാവിലെ ഒമ്പതുമണിക്ക് ജില്ലാ വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടര്‍ സി. രാഘവന്‍ പതാക ഉയര്‍ത്തും. ഉച്ചകഴിഞ്ഞ് രണ്ടുമണിക്ക് സുല്‍ത്താന്‍ ബത്തേരി അസംപ്ഷന്‍ സ്കൂള്‍ പരിസരത്തുനിന്നും വര്‍ണശബളമായ ഘോഷയാത്ര ആരംഭിക്കും. വിദ്യാര്‍ഥികളും അധ്യാപകരും ജനപ്രതിനിധികളും നാട്ടുകാരും ഘോഷയാത്രയില്‍ അണിനിരക്കും. നിശ്ചലദൃശ്യങ്ങളും ഫ്ളോട്ടുകളുമുണ്ടാവും. 3.30ന് സര്‍വജന സ്കൂളില്‍ ജയലക്ഷ്മി കലോത്സവത്തിന്‍െറ ഒൗപചാരികമായ ഉദ്ഘാടനം നിര്‍വഹിക്കും. ഐ.സി. ബാലകൃഷ്ണന്‍ എം.എല്‍.എ അധ്യക്ഷത വഹിക്കും. ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് ടി. ഉഷാകുമാരി മുഖ്യപ്രഭാഷണം നടത്തും. മുനിസിപ്പല്‍ ചെയര്‍മാന്‍ സി.കെ. സഹദേവന്‍ മുഖ്യാതിഥിയാവും.ആറിന് നടക്കുന്ന സമാപന സമ്മേളനം എം.ഐ. ഷാനവാസ് എം.പി ഉദ്ഘാടനം ചെയ്യും. സ്വാഗതസംഘം ചെയര്‍മാന്‍ കൂടിയായ മുനിസിപ്പല്‍ ചെയര്‍മാന്‍ സി.കെ. സഹദേവന്‍ അധ്യക്ഷത വഹിക്കും. ജില്ലാ കലക്ടര്‍ വി. കേശവേന്ദ്രകുമാര്‍ സമ്മാനദാനം നിര്‍വഹിക്കും. ജില്ലാ കലോത്സവം കുറ്റമറ്റതാക്കാനുള്ള എല്ലാ ഒരുക്കങ്ങളും പൂര്‍ത്തിയായതായി ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. ജനറല്‍ കണ്‍വീനര്‍ ഡി.ഡി.ഇ സി. രാഘവന്‍, ജില്ലാ പഞ്ചായത്ത് വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷ എ. ദേവകി, പബ്ളിസിറ്റി കണ്‍വീനര്‍ സുരേഷ് ബാബു വാളാല്‍, പി.ടി.എ പ്രസിഡന്‍റ് എ.എസ്. ജോസ്, സ്കൂള്‍ പ്രിന്‍സിപ്പല്‍ എ.കെ. കരുണാകരന്‍, പ്രധാനാധ്യാപകന്‍ മുരളീധരന്‍, പ്രോഗ്രാം കണ്‍വീനര്‍ സി.എം. അബ്ദുല്‍ സലാം, പബ്ളിസിറ്റി കമ്മിറ്റി ഭാരവാഹികളായ അബ്രഹാം ഫിലിപ്, സി.ആര്‍. അഭിജിത്ത് എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.