കല്‍പറ്റ: യാക്കോബായ-ഓര്‍ത്തഡോക്സ് സഭാതര്‍ക്കങ്ങള്‍ രമ്യമായി പരിഹരിച്ച് സൗഹൃദത്തോടെ മുന്നോട്ടുപോകാന്‍ ഏറെ യത്നിച്ച മെത്രാപൊലീത്തയാണ് ഇന്നലെ അന്തരിച്ച യൂഹാനോന്‍ മോര്‍ പീലക്സിനോസ് തിരുമേനി. അതേസമയം, അവസാനകാലങ്ങളില്‍ ഉണ്ടായ നിരവധി വിവാദങ്ങളില്‍ അറിഞ്ഞോ അറിയാതെയോ അദ്ദേഹത്തിന്‍െറ പേരും ഉന്നയിക്കപ്പെട്ടു. കാല്‍നൂറ്റാണ്ട് കാലം വയനാട്ടില്‍ വിശ്വാസികളുമായി അടുത്തിടപഴകി സേവനമനുഷ്ഠിച്ച അദ്ദേഹത്തിന്‍െറ അന്ത്യയാത്രയും വിശ്വാസമനസ്സില്‍ നീറുന്ന വേദനയായി. ആശുപത്രിയില്‍ മരിച്ച അദ്ദേഹത്തിന്‍െറ ഭൗതികശരീരം നിമിഷങ്ങള്‍ക്കകം തന്നെ ചുരമിറക്കി കോട്ടയത്തെ പാമ്പാടിയിലുള്ള സ്വദേശത്തേക്ക് കൊണ്ടുപോയി. വയനാട്ടിലെ വിശ്വാസികള്‍ക്ക് അവസാനനോക്ക് കാണാന്‍പോലും അവസരമുണ്ടായില്ല. തന്‍െറ ഭൗതിക ശരീരം മീനങ്ങാടി ഭദ്രാസന ആസ്ഥാനത്ത് അടക്കരുതെന്നും മറ്റുമുള്ള കാര്യങ്ങള്‍ മെത്രാപൊലീത്തയുടെ വില്‍പത്രത്തില്‍ ഉണ്ടായിരുന്നതിനാലാണ് ഇതെന്ന് പറയപ്പെടുന്നു. ഇക്കാര്യം തുടക്കം മുതല്‍ ഒപ്പമുണ്ടായിരുന്ന സെക്രട്ടറിയായിരുന്ന വൈദികന്‍ ഫാ. ജോസ് വര്‍ഗീസ് പലരോടും പറഞ്ഞിരുന്നു. അതേസമയം, മീനങ്ങാടി അരമനചാപ്പലില്‍ അടക്കം ചെയ്യുന്നതിനായി മെത്രാപൊലീത്ത മുന്‍കൂട്ടി കബറിടം ഒരുക്കിയിരുന്നു. ഇതിനായാണ് ഏതാനും വര്‍ഷം മുമ്പ് അരമനയോട് ചേര്‍ന്ന് ചാപ്പല്‍ നിര്‍മിച്ചതെന്ന് സഭാകേന്ദ്രങ്ങള്‍ പറഞ്ഞു. താമരശ്ശേരിക്കടുത്തുള്ള ഫാ. ജോസ് വര്‍ഗീസിന്‍െറ വസതിയില്‍ എത്തിച്ച് തിരുവസ്ത്രങ്ങള്‍ അണിയിച്ചശേഷമാണ് ഭൗതികശരീരം കോട്ടയത്തേക്ക് കൊണ്ടുപോയത്. മലബാര്‍ ഭദ്രാസനാധിപന്‍ സക്കറിയാസ് മാര്‍ പോളികാര്‍പോസ് മെത്രാപൊലീത്തയും വൈദികരും മരണവിവരമറിഞ്ഞ് ആശുപത്രിയില്‍ എത്തിയെങ്കിലും അതിനുമുമ്പേ കോട്ടയത്തേക്ക് പുറപ്പെട്ടിരുന്നു. പിന്നീട് ഇവരും അനുഗമിക്കുകയായിരുന്നു. 1985 സെപ്റ്റംബര്‍ 12നാണ് മീനങ്ങാടി സെന്‍റ് പീറ്റേഴ്സ് ആന്‍ഡ് സെന്‍റ് പോള്‍സ് കത്തീഡ്രലില്‍ വെച്ച് മെത്രാഭിഷിക്തനായത്. യാക്കോബായ സുറിയാനി സഭക്ക് സ്വന്തമായി ആസ്ഥാനം പോലും ഇല്ലാതിരുന്ന കാലത്ത് സാമ്പത്തിക ക്ളേശം വകവെക്കാതെ മീനങ്ങാടിയില്‍ മികച്ച സഭാആസ്ഥാനം അദ്ദേഹം പടുത്തുയര്‍ത്തി. കാതോലിക്ക ബാവയായ ബസേലിയോസ് തോമസ് പ്രഥമനും സഭയുടെ രണ്ടാമനായ പീലക്സിനോസ് തിരുമേനിയും തമ്മില്‍ പിന്നീട് അഭിപ്രായവ്യത്യാസം ഉടലെടുത്തത്രേ. യാക്കോബായ-ഓര്‍തഡോക്സ് സഭാതര്‍ക്കങ്ങള്‍ പരിഹരിക്കുന്നതുമായി ബന്ധപ്പെട്ടായിരുന്നു ഇതിന്‍െറ തുടക്കമെന്ന് പറയുന്നു. പീലക്സിനോസിന്‍െറ സഭാതര്‍ക്കപരിഹാര ശ്രമങ്ങള്‍ ‘മലബാര്‍ മോഡല്‍‘ എന്ന പേരില്‍ ഖ്യാതിനേടിയിരുന്നു. മലബാര്‍ മേഖലയിലെ മിക്ക ഇടവകകളിലും ഭൂരിപക്ഷ തീരുമാനപ്രകാരം വസ്തുവകകള്‍ ഇതിന്‍െറ ഭാഗമായി വീതംവെച്ചു. സഭയുടെ സ്വത്തുവകകള്‍ക്ക് കൃത്യമായ കണക്കുകള്‍ സൂക്ഷിക്കണമെന്നും പീലക്സിനോസ് നിലപാടെടുത്തു. എറണാകുളത്തെ പുത്തന്‍കുരിശില്‍ സഭക്ക് ആസ്ഥാനം പണിയാന്‍ 72 ലക്ഷം രൂപ അദ്ദേഹം നല്‍കിയിരുന്നു. ഇതിന്‍െറ കണക്ക് ചോദിച്ചതുമായി ബന്ധപ്പെട്ടും തര്‍ക്കങ്ങളുണ്ടായി. തന്‍െറ അന്ത്യകൂദാശ ചടങ്ങുകള്‍ക്ക് തോമസ് പ്രഥമന്‍ കാതോലിക്ക ബാവയെ പങ്കെടുപ്പിക്കരുതെന്ന് വില്‍പത്രത്തില്‍ പറയുന്നിടത്തോളം തര്‍ക്കം രൂക്ഷമായി. സഭയിലെ മൂന്നാമനായ കോട്ടയം ഭദ്രാസനാധിപന്‍ തോമസ് മാര്‍ തീമോത്തിയോസ് മെത്രാപൊലീത്ത അന്ത്യകൂദാശ നടത്തണമെന്ന് വില്‍പത്രത്തില്‍ ഉണ്ടെന്നും പറയപ്പെടുന്നു. ഇടക്കാലത്ത് മെത്രാപൊലീത്തയുടെ സെക്രട്ടറി ഫാ. ജോസ് വര്‍ഗീസുമായി വയനാട്ടിലെ വിശ്വാസികള്‍ കൊമ്പുകോര്‍ത്തു. ഉള്‍തര്‍ക്കങ്ങളും വിവാദങ്ങളും കൂടിയതോടെ ഭദ്രാസനാധിപ സ്ഥാനത്തുനിന്ന് മെത്രാപൊലീത്തയെ നീക്കി. വിശ്രമജീവിതം നയിക്കാന്‍ സഭാനേതൃത്വം ആവശ്യപ്പെട്ടു. ഇതനുസരിച്ച് എറണാകുളം പുത്തന്‍കുരിശിലുള്ള പാത്രിയാര്‍ക്ക സെന്‍ററിലാണ് വിശ്രമിക്കേണ്ടത്. എന്നാല്‍, മീനങ്ങാടി അരമനയോട് ചേര്‍ന്നുള്ള മോര്‍ ഇഗ്നാത്തിയോസ് നഗറിലാണ് അവസാനകാലം വരെ താമസിച്ചുവന്നത്. വിശ്വാസികള്‍ പലപ്പോഴും മെത്രാപൊലീത്തയെ കാണാന്‍ ചെന്നിരുന്നെങ്കിലും സാധിച്ചിരുന്നില്ല. തുടര്‍ന്ന് സെക്രട്ടറിയായ ഫാ. ജോസ്വര്‍ഗീസിനെ വൈദികസ്ഥാനത്തുനിന്ന് വിലക്കി. രാഷ്ട്രീയനേതാക്കളടക്കം പങ്കെടുത്ത ചടങ്ങില്‍ ഇതിനിടെ മെത്രാപൊലീത്തക്ക് ഭക്ഷ്യവിഷബാധയുണ്ടായി. ഇത് ഏറെ കോളിളക്കം സൃഷ്ടിച്ചു. ഇതുണ്ടാക്കിയ ശാരീരിക വിഷമതകളും പദവി ഒഴിയാന്‍ കാരണമായി. അമേരിക്കയിലടക്കം ചികിത്സിച്ചെങ്കിലും ഫലമുണ്ടായില്ല. അന്നുമുതല്‍ പാതി അബോധാവസ്ഥയിലായിരുന്നു. അവസാനനാളുകളില്‍ കോട്ടക്കല്‍ ആര്യവൈദ്യശാലയിലായിരുന്നു ചികിത്സ. ഏറെ രാഷ്ട്രീയ കോളിളക്കം സൃഷ്ടിച്ച ബി.എഡ് കോഴ കേസില്‍ മുസ്ലിം ലീഗ് നേതാക്കള്‍ക്കെതിരെ കോടതിയെ സമീപിച്ചതും ഇദ്ദേഹമാണ്. കോട്ടയം പാമ്പാടി സെന്‍റ് മേരീസ് കത്തീഡ്രല്‍ പള്ളിയില്‍ ജനുവരി ഒന്നിന് സംസ്കാരം നടത്താനാണ് തീരുമാനിച്ചിരിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.