കുടുംബശ്രീ സമ്പൂര്‍ണ ലിങ്കേജ് നടപ്പാക്കും

കല്‍പറ്റ: കുടുംബശ്രീ സി.ഡി.എസുകളുടെ നേതൃത്വത്തില്‍ ജില്ലയിലെ മുഴുവന്‍ അയല്‍ക്കൂട്ടങ്ങളെയും ബാങ്ക് മുഖേന ഗ്രേഡിങ് നടത്തി സമ്പൂര്‍ണ ലിങ്കേജ് പദ്ധതി നടപ്പാക്കും. 26 സി.ഡി.എസുകളിലെ 9968 അയല്‍ക്കൂട്ടങ്ങള്‍ക്ക് ഇതിന്‍െറ ഗുണം ലഭിക്കും. ലിങ്കേജ് പൂര്‍ത്തിയാക്കിയ സി.ഡി.എസുകളിലെ അയല്‍ക്കൂട്ടങ്ങള്‍ക്ക് ഏഴ് ശതമാനത്തില്‍ കൂടുതല്‍ ബാങ്ക് ഈടാക്കുന്ന പലിശ തുക സബ്സിഡിയായി ജില്ലാ മിഷന്‍ നല്‍കും. കൂടാതെ ഓരോ അയല്‍ക്കൂട്ടത്തിനും 5000 രൂപവരെ മാച്ചിങ് ഗ്രാന്‍റായി അനുവദിക്കും. എസ്.ടി അയല്‍ക്കൂട്ടങ്ങള്‍ക്ക് ഗ്രേഡ് ചെയ്യുന്ന മുറക്ക് മാച്ചിങ് ഗ്രാന്‍റും 10000 രൂപ കോര്‍പസ് ഫണ്ടും പ്രത്യേകമായി നല്‍കും. ജില്ലയില്‍ മൂന്ന് ഘട്ടങ്ങളിലായാണ് പദ്ധതി നടപ്പാക്കുക. ആദ്യഘട്ടത്തില്‍ പടിഞ്ഞാറത്തറ, മുള്ളന്‍കൊല്ലി, പൂതാടി, നെന്മേനി, കല്‍പറ്റ, വെങ്ങപ്പള്ളി, തരിയോട്, വൈത്തിരി, മൂപ്പൈനാട്, തവിഞ്ഞാല്‍ എന്നീ 10 സി.ഡി.എസുകളിലെ 3450 അയല്‍ക്കൂട്ടങ്ങളുടെ ഗ്രേഡിങ്-ലിങ്കേജ് പൂര്‍ത്തിയാക്കി. രണ്ടാം ഘട്ടത്തില്‍ 10 സി.ഡി.എസുകളെ ജനുവരിയിലും മൂന്നാംഘട്ടമായി ആറ് സി.ഡി.എസുകളെ ഫെബ്രുവരിയിലും ബാങ്ക് മുഖേന ഗ്രേഡിങ്-ലിങ്കേജ് പൂര്‍ത്തിയാക്കി സമ്പൂര്‍ണ ലിങ്കേജ് ജില്ലയായി പ്രഖ്യാപിക്കും. ഇതിന് മുന്നോടിയായി സി.ഡി.എസ് തലത്തില്‍ ലിങ്കേജ് മേളകള്‍ സംഘടിപ്പിക്കും. ബാങ്ക് മുഖേന ഗ്രേഡിങ്-ലിങ്കേജ് നടത്തിയ കുടുംബശ്രീ അയല്‍ക്കൂട്ടങ്ങള്‍, സംഘകൃഷി ഗ്രൂപ്പുകള്‍ എന്നിവക്ക് മാച്ചിങ് ഗ്രാന്‍റ്, പലിശ സബ്സിഡി, കോര്‍പസ് ഫണ്ട് തുടങ്ങിയ ആനുകൂല്യങ്ങള്‍ ലഭിക്കുന്നതിനായി ആവശ്യമായ രേഖകള്‍ സഹിതം 2016 ജനുവരി അഞ്ചിനകം സി.ഡി.എസ് ഓഫിസുകളില്‍ രജിസ്റ്റര്‍ ചെയ്യേണ്ടതാണെന്ന് ജില്ലാ മിഷന്‍ കോഓഡിനേറ്റര്‍ പി.പി. മുഹമ്മദ് അറിയിച്ചു. ഇതിനകം രജിസ്റ്റര്‍ ചെയ്തവര്‍ കുടുംബശ്രീ എം.ഐ.എസില്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്ന് ഉറപ്പുവരുത്തണം.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.