സ്പോര്‍ട്സ് ഹോസ്റ്റല്‍ മാറ്റാന്‍ ബാലാവകാശ കമീഷന്‍ ഉത്തരവ്

കല്‍പറ്റ: കല്‍പറ്റ സ്പോര്‍ട്സ് ഹോസ്റ്റല്‍ കൂടുതല്‍ സൗകര്യങ്ങളുള്ള കെട്ടിടത്തിലേക്ക് മാറ്റാന്‍ ബാലാവകാശ കമീഷന്‍ ഉത്തരവ്. കായികരംഗത്ത് ജില്ലക്ക് മികച്ച നേട്ടങ്ങള്‍ സമ്മാനിക്കുന്ന താരങ്ങള്‍ താമസിക്കുന്നത് പരിമിതമായ സ്ഥലത്തെന്ന് കമീഷന്‍ ചൂണ്ടിക്കാട്ടി. സ്പോര്‍ട്സ് ഹോസ്റ്റലില്‍ കായികതാരം മരണപ്പെട്ടതിന്‍െറ അടിസ്ഥാനത്തില്‍ കമീഷന്‍ നടത്തിയ സന്ദര്‍ശനത്തിലാണ് ഹോസ്റ്റലിലെ അസൗകര്യങ്ങള്‍ ബോധ്യപ്പെട്ടതിനെ തുടര്‍ന്ന് ഹോസ്റ്റല്‍ മികച്ച സൗകര്യങ്ങളോടുകൂടി മാറ്റാന്‍ ഉത്തരവിട്ടത്. കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന ബാലാവകാശ കമീഷന്‍ സിറ്റിങ്ങില്‍ വിദ്യാലയങ്ങള്‍ സംബന്ധമായ പരാതികളാണ് കൂടുതലും ലഭിച്ചത്. 2011ല്‍ കുപ്പാടിയില്‍ ആര്‍.എം.എസ്.എ പദ്ധതിയില്‍ ഉള്‍പ്പെടുത്തി നിര്‍മിച്ച സ്കൂള്‍ വിദ്യാര്‍ഥികളും ജീവനക്കാരും പരാതിയുമായി കമീഷനെ സമീപിച്ചു. പണി പൂര്‍ത്തീകരിക്കാത്ത മുറികളിലാണ് കുട്ടികള്‍ പഠനം നടത്തുന്നത്. ഓരോ ഡിവിഷനിലും 50ലധികം കുട്ടികള്‍ പഠിക്കുന്നുണ്ട്. 985ഓളം വിദ്യാര്‍ഥികള്‍ പഠിക്കുന്ന സ്കൂളില്‍ അടിസ്ഥാന- ഭൗതിക സൗകര്യങ്ങള്‍ വികസിപ്പിച്ച്, വിദ്യാര്‍ഥികളുടെ എണ്ണത്തിന് ആനുപാതികമായി അധ്യാപക നിയമനം നടത്തണമെന്ന് പരാതിയില്‍ ആവശ്യപ്പെട്ടു. കമീഷന്‍ അംഗങ്ങള്‍ സ്കൂള്‍ സന്ദര്‍ശിച്ച് ആവശ്യമായ നടപടികള്‍ കൈക്കൊള്ളുമെന്ന് അറിയിച്ചു. ഗവ. സ്കൂളുകളിനോട് ചേര്‍ന്ന് പ്രീ-പ്രൈമറി വിദ്യാലയങ്ങള്‍ക്ക് അനുമതി നല്‍കണമെന്നാവശ്യപ്പെട്ട് മടക്കിമല ഗവ. എല്‍.പി സ്കൂള്‍ അധികൃതര്‍ സമര്‍പ്പിച്ച അപേക്ഷ വിദ്യാഭ്യാസ വകുപ്പിന്‍െറ ശ്രദ്ധയില്‍പ്പെടുത്തുമെന്ന് കമീഷന്‍ വ്യക്തമാക്കി. ജില്ലയിലെ ആദിവാസി വിഭാഗത്തിലെ നവജാതശിശുക്കളുടെയും മറ്റു കുട്ടികളുടെയും മരണത്തില്‍ ആരോഗ്യ വകുപ്പില്‍നിന്ന് റിപ്പോര്‍ട്ട് ആവശ്യപ്പെട്ടിട്ടുണ്ട്. അതുപ്രകാരം കമീഷന്‍ നേരിട്ട് നടപടി സ്വീകരിക്കും. ആദിവാസി വിഭാഗത്തിലെ കുട്ടികളുടെ സമഗ്ര വികസനത്തിന് ജില്ലാ ഭരണകൂടം, ട്രൈബല്‍, ശിശു സംരക്ഷണം, സാമൂഹിക നീതി തുടങ്ങിയ വകുപ്പുകളുമായി സഹകരിച്ച് കമ്മിറ്റി രൂപവത്കരിച്ച് നവജാത ശിശു പരിപാലനം, ഗര്‍ഭിണികളുടെ ആരോഗ്യം, കുട്ടികളുടെ വിദ്യാഭ്യാസം എന്നീ കാര്യങ്ങളില്‍ അതീവ ശ്രദ്ധ ചെലുത്തുമെന്നും കമീഷന്‍ അറിയിച്ചു. ഇതിന്‍െറ ഭാഗമായി കമീഷന്‍ ചെയര്‍പേഴ്സന്‍െറ നേതൃത്വത്തില്‍ ജില്ലയിലെ ആദിവാസി ഊരുകള്‍ സന്ദര്‍ശിക്കുമെന്ന് കമീഷന്‍ അംഗം ഗ്ളോറി ജോര്‍ജ് പറഞ്ഞു. ആര്‍.എം.എസ്.എ സ്കൂളുകളില്‍ അധ്യാപക നിയമനം സംബന്ധിച്ച പ്രശ്നങ്ങളില്‍ കുട്ടികളെ റോഡിലിറക്കി സമരം ചെയ്യുന്നത് ശരിയല്ളെന്നു കാണിച്ച് സിവില്‍ സ്റ്റേഷന്‍ പൗരസമിതി അംഗം അഡ്വ. പ്രകാശന്‍ നല്‍കിയ പരാതിയില്‍ ഉചിതമായ നടപടി സ്വീകരിക്കുമെന്ന് കമീഷന്‍ വ്യക്തമാക്കി. ബത്തേരിയിലെ സ്കൂള്‍ വിദ്യാര്‍ഥികള്‍ക്ക് കെ.എസ്.ആര്‍.ടി.സി ബസില്‍ യാത്രാ ഇളവ് നല്‍കുന്നില്ളെന്ന പരാതിയുടെ അടിസ്ഥാനത്തില്‍ കമീഷന്‍ സംസ്ഥാന ട്രാന്‍സ്പേര്‍ട്ട് ഓഫിസറോട് നിലപാട് ആരാഞ്ഞു. കലോത്സവം സംബന്ധിച്ച് കല്‍പറ്റ എന്‍.എസ്.എസ് വിദ്യാര്‍ഥികള്‍ നല്‍കിയ നാലോളം പരാതികളും കമീഷന്‍ പരിശോധിച്ചു. 18 വയസ്സിന് താഴെ പ്രായമുള്ള കുട്ടികളുടെ അവകാശ സംരക്ഷണമാണ് കമീഷന്‍െറ പ്രധാന ചുമതലകള്‍. കുട്ടികളുടെ അവകാശ ലംഘനങ്ങളെക്കുറിച്ച് ലഭിക്കുന്ന പരാതികളിലും സ്വമേധയാ എടുക്കുന്ന കേസുകളിലും നടപടികള്‍ സ്വീകരിക്കുന്നതിനോടൊപ്പം പരാതിക്കാരെ നേരില്‍ കണ്ട് പരാതികള്‍ സ്വീകരിക്കുകയായിരുന്നു കമീഷന്‍. സിറ്റിങ്ങില്‍ 20 പരാതികള്‍ പരിഗണിച്ചു. പുതിയ രണ്ടു പരാതികള്‍ ലഭിച്ചു. കമീഷന്‍ അംഗങ്ങളായ ഗ്ളോറി ജോര്‍ജ്, എന്‍. ബാബു എന്നിവര്‍ നേതൃത്വം നല്‍കി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.