വ്യാജ കള്ള്, സ്പിരിറ്റ് വേട്ട; പ്രതികള്‍ റിമാന്‍ഡില്‍

മാനന്തവാടി: രഹസ്യവിവരത്തെ തുടര്‍ന്ന് എക്സൈസ് ഉദ്യോഗസ്ഥര്‍ നടത്തിയ പരിശോധനയില്‍ വ്യാജ കള്ളും, സ്പിരിറ്റും പിടികൂടിയ സംഭവത്തില്‍ അറസ്റ്റിലായവരെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു. പേരാവൂര്‍ തയ്യുള്ളതില്‍ ശ്രീരാജ്, തലശ്ശേരി തേലമ്പ്ര രാജീവ്, പൂക്കോട്ടുപാടം ബാലന്‍, ഇരുളം നെയ്യശ്ശേരിയില്‍ സുകുമാരന്‍, സ്പിരിറ്റ് കടത്താന്‍ ശ്രമിച്ച കേസിലെ പ്രതി ടിപ്പര്‍ ഡ്രൈവര്‍ കോട്ടത്തറ സജി വര്‍ഗീസ് എന്നിവരെയാണ് മാനന്തവാടി കോടതി റിമാന്‍ഡ് ചെയ്തത്. കള്ളിന്‍െറയും സ്പിരിറ്റിന്‍െറയും സാമ്പിളുകള്‍ കോടതിയില്‍ ഹാജരാക്കി. കോടതി അനുമതിയോടെ ഇവ പരിശോധനകള്‍ക്കായി കോഴിക്കോട് റീജനല്‍ കെമിക്കല്‍ ലാബിലേക്ക് അയക്കും. വയനാട് എക്സൈസ് ഡെ. കമീഷണര്‍ എം.എസ്. സുരേഷിന്‍െറ നേതൃത്വത്തിലാണ് അന്വേഷണം. കാവുമന്ദത്ത് കള്ളുഷാപ്പിനോട് ചേര്‍ന്ന ഷെഡ്ഡില്‍ നിന്നും 2795 ലിറ്റര്‍ വ്യാജ കള്ളും, വാളാരംകുന്നിലെ ഹോംസ്റ്റേയില്‍നിന്ന് 1800 ലിറ്റര്‍ സ്പിരിറ്റുമാണ് കഴിഞ്ഞ ദിവസം പിടികൂടിയത്. വെള്ളിയാഴ്ച പുലര്‍ച്ചെ ഉത്തര മേഖലാ ഡെ. എക്സൈസ് കമീഷണറുടെ നേതൃത്വത്തിലുള്ള 30 അംഗ സ്ക്വാഡാണ് പരിശോധന നടത്തിയത്. ക്രിസ്മസ്, പുതുവത്സരാഘോഷങ്ങള്‍ക്കായി കരുതിവെച്ച സ്പിരിറ്റാണ് പിടികൂടിയത്. അതിനിടെ കുട്ടയില്‍നിന്നും കെ.എസ്.ആര്‍.ടി.സി ബസില്‍ കടത്തുകയായിരുന്ന 12 കുപ്പി വിദേശ മദ്യവും പാക്കറ്റ് മദ്യവും പിടികൂടി. മാനന്തവാടിയില്‍ പൊലീസ് നടത്തിയ പരിശോധനയിലാണ് പിടികൂടിയത്. കാവുമന്ദം പൊന്‍തൊട്ടിയില്‍ ജോസഫ് (69)നെ അറസ്റ്റ് ചെയ്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.