റവന്യൂ ഉദ്യോഗസ്ഥരുടെ ഒത്താശ; വാളാരംകുന്നില്‍ ക്വാറി പ്രവര്‍ത്തനം തുടങ്ങി

മാനന്തവാടി: കൈയേറ്റങ്ങളും മറ്റും മൂലം നിലനില്‍പ് ഭീഷണിയിലായ ബാണാസുരന്‍ മലയുടെ ഭാഗമായ വാളാരംകുന്നില്‍ ക്വാറി പ്രവര്‍ത്തനമാരംഭിച്ചു. ഹൈകോടതി ഉത്തരവ് അനുകൂലമായതോടെയാണിത്. റവന്യൂ ഉദ്യോഗസ്ഥരുടെ ഒത്താശ ഹൈകോടതി റിപ്പോര്‍ട്ടിന് പിന്നിലുണ്ട്. നിലവില്‍ ജില്ലാ കലക്ടര്‍ സ്റ്റോപ് മെമ്മോ നല്‍കിയ ക്വാറിക്ക് പകരം ഇതിനോട് ചേര്‍ന്ന മറ്റൊരു സ്ഥലത്ത് ക്വാറി പ്രവര്‍ത്തനത്തിന് ലൈസന്‍സ് നേടിയെടുക്കുകയായിരുന്നു. കലക്ടറേറ്റ് കേന്ദ്രീകരിച്ച് ചില ഉയര്‍ന്ന റവന്യൂ ജീവനക്കാരാണ് ഇതിന് പിന്നിലെന്ന് ആക്ഷേപം ഉയര്‍ന്നിട്ടുണ്ട്. പ്രകൃതിക്കും ജനങ്ങള്‍ക്കും ഭീഷണി ഉയര്‍ത്തിയ നിലവിലെ ക്വാറി പ്രവര്‍ത്തനം തടയണമെന്ന് വനംവകുപ്പ് ജില്ലാ കലക്ടര്‍ക്ക് നല്‍കിയ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിരുന്നു. സമുദ്ര നിരപ്പില്‍നിന്നും 700 മീറ്റര്‍ മുതല്‍ 2054 മീറ്റര്‍ വരെ ഉയരം വരുന്ന ബാണാസുരന്‍ മലയുടെ അടിവാരത്താണ് ക്വാറി ആരംഭിക്കാന്‍ ശ്രമം നടത്തുന്നത്. ക്വാറിയുടെ പ്രവര്‍ത്തനം കാരമന്‍തോട്, വാളാരംകുന്ന്, മീന്‍മുട്ടി തോടുകളിലെ നീരൊഴുക്ക് തടസ്സപ്പെടാന്‍ ഇടയാക്കും. നിലവിലെ പാറ ഖനനം മൂലം ഭൂമിക്ക് പ്രകമ്പനം ഉണ്ടാകും. മേല്‍മണ്ണിന്‍െറ നാശത്തിനും മണ്ണൊലിപ്പിനും പാറകളുടെ ഇളക്കത്തിനും കാരണമാകും. ഇത് ഉരുള്‍പൊട്ടല്‍പോലുള്ള പ്രകൃതി ദുരന്തങ്ങള്‍ക്കും വഴിവെക്കും. ഇതിന് സാധ്യത ഏറെയാണെന്ന് അസി. ഫോറസ്റ്റ് കണ്‍സര്‍വേറ്റര്‍ സ്പെഷല്‍ ഇന്‍വെസ്റ്റിഗേഷന്‍ പ്രൊട്ടക്ഷന്‍ ഓഫിസര്‍ പി. ധനേഷ്കുമാര്‍ ജില്ലാ കലക്ടര്‍ക്ക് നല്‍കിയ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിരുന്നു. കേരള ഭൂമിശാസ്ത്ര പഠനകേന്ദ്രം മുമ്പ് നടത്തിയ പഠന റിപ്പോര്‍ട്ടിനെ സാധൂകരിക്കുന്ന തരത്തിലുള്ള റിപ്പോര്‍ട്ടാണ് വനംവകുപ്പ് നല്‍കിയിരിക്കുന്നത്. കൂടാതെ വെടിമരുന്ന് ഉപയോഗിച്ച്് മലനിരകളെ പ്രകമ്പനം കൊള്ളിച്ചുള്ള മൈനിങ് വലിയ പാരിസ്ഥിതിക പ്രത്യാഘാതങ്ങള്‍ക്ക് ഇടയാക്കുമെന്നും വ്യക്തമാക്കുന്നുണ്ട്. ഇത്തരം വസ്തുതകളെല്ലാം മറച്ചുവെച്ചുകൊണ്ടാണ് പുതിയ ക്വാറി പ്രവര്‍ത്തനാനുമതി കിട്ടിയത്. ബാണാസുരന്‍ മലയുടെ തകര്‍ച്ചക്ക് ആക്കം കൂട്ടുന്നതരത്തിലുള്ള പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതില്‍നിന്നും അധികൃതര്‍ പിന്തിരിയണമെന്നാണ് പ്രകൃതിസ്നേഹികള്‍ ആവശ്യപ്പെടുന്നത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.