കടുവയെ പിടികൂടാന്‍ ശ്രമം തുടരുന്നു

സുല്‍ത്താന്‍ബത്തേരി: വള്ളുവാടി, വടക്കനാട്, കുപ്പാടി വന അതിര്‍ത്തിമേഖലകളില്‍ ഭീതിപരത്തിയ കടുവയെ മയക്കുവെടിവെച്ച് പിടിക്കാനുള്ള വനംവകുപ്പിന്‍െറ ശ്രമം വ്യാഴാഴ്ചയും വിജയിച്ചില്ല. ഒന്നരകിലോമീറ്റര്‍ വിസ്തൃതിയില്‍ ഇടതിങ്ങിയ അരിപ്പൂകാടിനുള്ളില്‍ കഴിയുന്ന കടുവയെ മയക്കുവെടി വെക്കാന്‍ കഴിയാത്തതാണ് തടസ്സമായത്. 10-15 അടി ഉയരത്തില്‍ കുറ്റിക്കാട് ഉയര്‍ന്നു പടര്‍ന്നുകിടക്കുന്ന ഈ മേഖലയില്‍ കടന്നുചെല്ലാന്‍ പാകത്തില്‍ ആനത്താരകള്‍ പോലുമില്ല. രണ്ടാഴ്ചക്കുള്ളില്‍ 10ലേറെ കാലികളെ കൊന്ന കടുവയെ ഏതുവിധേനയും പിടിച്ച് ജനങ്ങളുടെ ഭീതിയകറ്റാനുള്ള ദൃഢനിശ്ചയത്തിലായിരുന്നു വനപാലകര്‍. പാലക്കാട് മേഖല വന്യജീവി വിഭാഗം സി.സി.എഫ് പ്രമോദ് ജി. കൃഷ്ണന്‍െറ നേതൃത്വത്തില്‍ വനപാലക സംഘം പകലന്തിയോളം വള്ളുവാടി വനത്തിലുണ്ടായിരുന്നു. ജനവാസ കേന്ദ്രമായ പുതുവീട് കോളനിക്കടുത്താണ് കടുവയുടെ ആവാസകേന്ദ്രം. വ്യാഴാഴ്ച മൂന്നുതവണ കടുവയെ വനപാലകസംഘം നേരില്‍ കണ്ടു. പക്ഷേ, മയക്കുവെടി വെക്കാന്‍ കഴിയുന്ന റെയ്ഞ്ചില്‍ കടുവ എത്തിയില്ല. വനത്തില്‍ വിവിധ ഭാഗങ്ങളിലായി മൂന്ന് ഇരുമ്പു കെണികളും തമിഴ്നാട്ടില്‍നിന്നും കൊണ്ടുവന്ന ആധുനിക ഫൈബര്‍കൂടും കടുവയെ കെണിയില്‍വീഴ്ത്താനായി സ്ഥാപിച്ചിട്ടുണ്ട്. തുറസ്സായ സ്ഥലത്ത് മൂന്നിടങ്ങളിലായി ഇരയെ മരത്തില്‍കെട്ടിയിട്ട് മരത്തിനുമുകളിലൊരുക്കിയ ഏറുമാടത്തില്‍ മയക്കുവെടി സംഘങ്ങള്‍ കാത്തിരുന്നു. കെട്ടിയിട്ട ഇരയുടെ 150 മീറ്ററോളം ഭാഗത്ത് ഒരുതവണ കടുവ എത്തി. ഒരുമണിക്കൂറോളം ഇരയെ വീക്ഷിച്ച് നിശ്ചലമായി കിടന്നു. കടുവ മുന്നോട്ടുവരുന്നതുംകാത്ത് മയക്കുവെടി വിദഗ്ധര്‍ തയാറായി നില്‍ക്കുന്നതിനിടയില്‍ എവിടെനിന്നോ വന്ന നായയെ കണ്ട് കടുവ പിന്തിരിഞ്ഞു. നിലവിലുള്ള അവസ്ഥയില്‍ വെള്ളിയാഴ്ച ഉച്ചവരെ കാത്തിരിപ്പ് തുടരാനാണ് തീരുമാനം. സാധ്യമായ സുരക്ഷാ സംവിധാനങ്ങളോടെ കടുവയെ പിന്തുടര്‍ന്നുചെന്ന് മയക്കുവെടി വെക്കാനുള്ള സാധ്യതകളെ പറ്റിയാണ് തുടര്‍ന്നുള്ള ആലോചന. ഇതിനുവേണ്ടി സുരക്ഷാവല അടക്കമുള്ള സംവിധാനങ്ങള്‍ സ്ഥലത്തത്തെിച്ചിട്ടുണ്ട്. കര്‍ണാടകയില്‍നിന്ന് പരിശീലനം ലഭിച്ച രണ്ട് താപ്പാനകളെ കൊണ്ടുവരുന്നതും വനംവകുപ്പിന്‍െറ പരിഗണനയിലുണ്ട്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.