നീതിതേടി മുഖ്യമന്ത്രിക്ക് കാഞ്ഞിരത്തിനാല്‍ കുടുംബത്തിന്‍െറ സങ്കടഹരജി

കല്‍പറ്റ: വനംവകുപ്പ് നിയമവിരുദ്ധമായി പിടിച്ചെടുത്ത ഭൂമി തിരികെ ലഭിക്കണമെന്നാവശ്യപ്പെട്ട് കലക്ടറേറ്റ് പടിക്കല്‍ അനിശ്ചിതകാല സത്യഗ്രഹസമരം നടത്തുന്ന കാഞ്ഞിരത്തിനാല്‍ കുടുംബം നീതി തേടി മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്കും പ്രതിപക്ഷ നേതാവ് വി.എസ്. അച്യുതാനന്ദനും സങ്കട ഹരജി അയച്ചു. സമരം രണ്ടാഴ്ച പിന്നിട്ടിട്ടും സര്‍ക്കാര്‍ ഇടപെടാത്തതിനെ തുടര്‍ന്നാണ് കാഞ്ഞിരത്തിനാല്‍ ജോര്‍ജിന്‍െറ മകള്‍ ട്രീസയും മരുമകന്‍ ജെയിംസും സങ്കട ഹരജി അയച്ചത്. വനം മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍, വയനാട്ടില്‍നിന്നുള്ള മന്ത്രി പി.കെ ജയലക്ഷ്മി, ജില്ലയിലെ എം.എല്‍.എമാര്‍ എന്നിവര്‍ക്ക് തങ്ങളുടെ ദുരവസ്ഥ വിവരിച്ച് നിവേദനം നല്‍കിയിട്ടുണ്ട്. ം ഏഴാംക്ളാസില്‍ പഠിക്കുന്ന മക്കളായ ബിബിനും നിധിനുമൊപ്പമാണ് ട്രീസ-ജെയിംസ് ദമ്പതികള്‍ കലക്ടറേറ്റിനുമുന്നില്‍ സമരം നടത്തുന്നത്. വിലകൊടുത്ത് വാങ്ങിയ ഭൂമിക്കായി ഒരായുഷ്ക്കാലം പോരാടി നീതി ലഭിക്കാതെ മരിച്ച കാഞ്ഞിരത്തിനാല്‍ ജോര്‍ജ്-ഏലിക്കുട്ടി ദമ്പതിമാരുടെ മകളാണ് ട്രീസ. ഇക്കഴിഞ്ഞ സ്വാതന്ത്ര്യദിനത്തിലാണ് തങ്ങള്‍ക്കവകാശപ്പെട്ട ഭൂമി വിട്ടുനല്‍കണമെന്നാവശ്യപ്പെട്ട് കലക്ടറേറ്റ് പടിക്കല്‍ ഇവര്‍ സമരം തുടങ്ങിയത്. കഴിഞ്ഞ സര്‍ക്കാര്‍ ഇവര്‍ക്ക് ഭൂമി വിട്ടുനല്‍കിയെങ്കിലും ഉദ്യോഗസ്ഥര്‍ നടപടി അട്ടിമറിക്കുകയായിരുന്നു. മാസങ്ങള്‍ക്ക് മുമ്പ് വനംവകുപ്പ് വീണ്ടും ഭൂമി ജണ്ടകെട്ടി തിരിച്ചു. ‘വേറെ ഗതി ഇല്ലാത്തതുകൊണ്ടാണ് മക്കളെയും കൊണ്ട് റോഡില്‍ വന്നുകിടക്കുന്നതെന്നും നീതി കിട്ടുംവരെ സമരം തുടരുമെന്നും ജെയിംസും ഭാര്യയും പറയുന്നു. 1983വരെ ജോര്‍ജിന്‍െറ കൈവശമായിരുന്ന 12 ഏക്കര്‍ ഭൂമി എല്ലാവിധ രേഖകളോടും നികുതി അടച്ചുവരികയായിരുന്നു. പൊടുന്നനെ ഇത് നിക്ഷിപ്ത വനമാണെന്ന് പറഞ്ഞ് കുടുംബത്തില്‍നിന്നും തട്ടിയെടുക്കുകയായിരുന്നു. ഇതിനെതിരായ പോരാട്ടത്തിനിടെയാണ് ജോര്‍ജിന്‍െറയും ഭാര്യ ഏലിക്കുട്ടിയുടെയും ജീവിതം അവസാനിച്ചത്. വനംവകുപ്പ് ഉദ്യോഗസ്ഥര്‍ നിരന്തരം ജോര്‍ജിനെ പീഡിപ്പിക്കുന്നത് കണ്ട് ജെയിംസും നിയമപോരാട്ടത്തില്‍ ചേര്‍ന്നതാണ്. മുഖ്യമന്ത്രിക്കും പ്രതിപക്ഷ നേതാവിനും അയച്ച സങ്കടഹരജിയില്‍ ഭൂമിയുടെ യഥാര്‍ഥ സ്ഥിതി വിവരിക്കുന്നുണ്ട്. അടിയന്തരാവസ്ഥക്കാലത്താണ് ഇവരുടെ 12 ഏക്കര്‍ നിക്ഷിപ്ത വനഭൂമിയാക്കിയതിനെതിരെ ജോര്‍ജ് ഫോറസ്റ്റ് ട്രൈബ്യൂണലില്‍ ഹരജി നല്‍കിയത്. തുടര്‍ന്ന് വനഭൂമിയല്ളെന്ന് കണ്ട് ട്രൈബ്യൂണല്‍ ഭൂമി ജോര്‍ജിന് വിട്ടുനല്‍കി. വനംവകുപ്പ് ഹൈകോടതിയില്‍ കേസ് നല്‍കി വീണ്ടും ട്രൈബ്യൂണലിന്‍െറ പരിഗണനക്കയച്ചു. 75 സെന്‍റ് ഒഴികെയുള്ള ഭൂമി വനഭൂമിയാണെന്ന് 1985ല്‍ ഫോറസ്റ്റ് ട്രൈബ്യൂണല്‍ ഉത്തരവായി. ഇതിനെതിരെ പലതവണ സര്‍ക്കാറിലും ഹൈകോടതിയിലും ജോര്‍ജ് ദയാഹരജി സമര്‍പ്പിച്ചെങ്കിലും നീതി ലഭിച്ചില്ല.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.