കാര്‍ഷിക ഗ്രാമവികസന ബാങ്ക് നിയമന അഴിമതി: വിവാദം മുറുകുന്നു

സുല്‍ത്താന്‍ ബത്തേരി: ആരോപണ പ്രത്യാരോപണങ്ങളില്‍ ബത്തേരി പ്രാഥമിക കാര്‍ഷിക ഗ്രാമവികസന ബാങ്കിലെ നിയമന അഴിമതി സംബന്ധിച്ച വിവാദം മുറുകുന്നു. ബാങ്ക് പ്രസിഡന്‍റ് കെ.കെ. ഗോപിനാഥന്‍ നിയമനവുമായി ബന്ധപ്പെട്ട് മൂന്നു കോടിയോളം രൂപയുടെ അഴിമതി നടത്തിയതായി ബാങ്ക് ഡയറക്ടര്‍ ഷാജി ചുള്ളിയോട് ആരോപിച്ചിരുന്നു. ചെതലയം നിവാസി എഡ്വിന്‍ വര്‍ഗീസിന് ജോലി വാഗ്ദാനം ചെയ്ത് ഷാജി അഞ്ചുലക്ഷം രൂപ വാങ്ങിയതായും നിയമനം നല്‍കാത്തതിലുള്ള പ്രതിഷേധമാണ് ഷാജിയുടെ ആരോപണമെന്നും മറുപക്ഷവും വാര്‍ത്താസമ്മേളനത്തില്‍ വിശദീകരിച്ചിരുന്നു. ഭവന വായ്പയെടുത്ത് ജപ്തി ഭീഷണിയില്‍ കുടുങ്ങിയ തന്‍െറ കുടുംബത്തിന് വായ്പാ ഇളവ് അനുവദിപ്പിക്കാനെന്ന പേരില്‍ വെള്ള പേപ്പറില്‍ ഒപ്പിട്ടുവാങ്ങിയ ശേഷം ഈ പേരില്‍ ഷാജി ചുള്ളിയോടിനെതിരെ വ്യാജ പരാതി എഴുതിച്ചേര്‍ക്കുകയായിരുന്നെന്നും ഷാജി പണം ആവശ്യപ്പെടുകയോ, താന്‍ നല്‍കുകയോ ചെയ്തിട്ടില്ളെന്നും താനിതുവരെ ബാങ്ക് ജോലിയെപ്പറ്റി ചിന്തിച്ചിട്ടുപോലുമില്ളെന്നും ഷാജിക്കെതിരെ പരാതി നല്‍കിയെന്ന് പ്രചരിപ്പിക്കപ്പെട്ട ചെതലയം തക്കരയില്‍ എഡ്വിന്‍ വര്‍ഗീസ് ശനിയാഴ്ച ബത്തേരിയില്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. പരാതിയില്‍ ഉറച്ചുനിന്നില്ളെങ്കില്‍ വീട് ജപ്തി ചെയ്യുമെന്നും ജീവന് ഭീഷണിയുണ്ടെന്നും ആശങ്കിക്കുന്നതായി എഡ്വിന്‍ പറഞ്ഞു. 2003ല്‍ എഡ്വിന്‍െറ അമ്മ ലൈലയുടെ പേരില്‍ 78,000 രൂപ ഹൗസിങ് സൊസൈറ്റിയില്‍നിന്ന് ഭവന വായ്പയെടുത്തിരുന്നു. യഥാസമയം പണം തിരിച്ചടക്കാന്‍ കഴിഞ്ഞില്ല. പലിശയും കൂട്ടുപലിശയുമടക്കം മൂന്നര ലക്ഷം രൂപ തിരിച്ചടക്കാത്ത പക്ഷം വീട് ജപ്തി ചെയ്യുമെന്നറിയിച്ച് സൊസൈറ്റി നോട്ടീസ് നല്‍കുകയായിരുന്നു. പലിശയും പിഴപ്പലിശയും ഒഴിവാക്കി നല്‍കാമെന്നും അതിന് വെള്ള പേപ്പറില്‍ ഒപ്പിട്ടുനല്‍കണമെന്നും ആവശ്യപ്പെട്ട് അടുത്ത കാലത്ത് കാര്‍ഷിക വികസന ബാങ്ക് പ്രസിഡന്‍റ് നോമിനേഷനിലൂടെ ഡയറക്ടറാക്കിയ അനീഷ് മാമ്പള്ളിയാണ് തന്നെ സമീപിച്ചതെന്ന് എഡ്വിന്‍ പറഞ്ഞു. രണ്ടാഴ്ച മുമ്പ് പേപ്പര്‍ ഒപ്പിട്ടുകൊടുത്തു. രണ്ടു ദിവസം മുമ്പ് സൊസൈറ്റിയിലെ ആളുകളുമായി സംസാരിക്കാമെന്നു പറഞ്ഞ് അനീഷ്, ഗോപിനാഥന്‍ മാസ്റ്ററുടെ വീട്ടില്‍ കൂട്ടിക്കൊണ്ടുപോയി. ഷാജി ചുള്ളിയോടിനെതിരെ നിങ്ങളുടെ പേരില്‍ പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ടെന്നും ലോണ്‍ ഒഴിവാക്കണമെങ്കില്‍ പറയുന്നതുപ്രകാരം സ്വന്തം കൈപ്പടയില്‍ പരാതി എഴുതി നല്‍കണമെന്നും ആവശ്യപ്പെട്ടു. വിസമ്മതിച്ചപ്പോള്‍ പൊലീസിനെ കൊണ്ട് അറസ്റ്റ് ചെയ്യിക്കുമെന്നും ഭീഷണിപ്പെടുത്തി. രക്ഷപ്പെടാന്‍ വേണ്ടി അവര്‍ പറഞ്ഞതുപോലെ എഴുതിക്കൊടുത്തു. വീട്ടില്‍ വിവരമറിഞ്ഞപ്പോഴാണ് താനിന്നേവരെ അറിയാത്ത ഷാജിക്കെതിരെ വ്യാജ പരാതിയെഴുതി നല്‍കേണ്ടി വന്നതിന്‍െറ ഗൗരവം മനസ്സിലായത്. തനിക്കെന്തെങ്കിലും സംഭവിക്കുമെന്ന ഭയമുണ്ടെന്നും സത്യം പുറത്തുവരാനാണ് വാര്‍ത്താസമ്മേളനം വിളിച്ചതെന്നും എഡ്വിനും അമ്മയും അറിയിച്ചു. തന്നെ ഭീഷണിപ്പെടുത്തി നിയമവിരുദ്ധമായി എഴുതിവാങ്ങിയ കെ.കെ. ഗോപിനാഥന്‍ മാസ്റ്റര്‍ക്കും അനീഷ് മാമ്പള്ളിക്കുമെതിരെ പൊലീസില്‍ പരാതി നല്‍കുമെന്നും അവര്‍ അറിയിച്ചു. അഴിമതിയിലൂടെ കോടികള്‍ സമ്പാദിച്ചവര്‍ പാര്‍ട്ടിയെ ഹൈജാക് ചെയ്തിരിക്കുകയാണെന്നും ജീവന്‍ പണയം വെച്ചും ഇവര്‍ക്കെതിരെ അവസാന ശ്വാസംവരെ പാര്‍ട്ടിക്കുള്ളില്‍ നിന്നുകൊണ്ട് പോരാടുമെന്നും ഷാജി ചുള്ളിയോട് അറിയിച്ചു. പാവങ്ങളെപ്പറ്റിച്ച് ലക്ഷങ്ങള്‍ തട്ടിയെടുക്കുന്നവരുടെ മെഷീന്‍ ഏജന്‍റായി പ്രവര്‍ത്തിക്കാനാവില്ല. സുല്‍ത്താന്‍ ബത്തേരിയില്‍ കോണ്‍ഗ്രസ് എ വിഭാഗം അഴിമതിക്കാര്‍ക്ക് പാദസേവ ചെയ്യുകയാണ്. കോണ്‍ഗ്രസ് നെന്മേനി മണ്ഡലം സെക്രട്ടറി എന്‍.ടി. വര്‍ഗീസ്, ദേശീയ കര്‍ഷക തൊഴിലാളി ഫെഡറേഷന്‍ മണ്ഡലം ഭാരവാഹികളായ ഇ.വി. റോബിന്‍, മോഹനന്‍ കൂട്ടാറ, യൂത്ത് കോണ്‍ഗ്രസ് ഭാരവാഹികളായ എ.എം. കാളീശ്വരന്‍, ശരത്ചന്ദ്രന്‍ എന്നിവരും വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു. കാര്‍ഷിക ഗ്രാമവികസന ബാങ്കിലെ അഴിമതി വിവാദത്തില്‍ ഡി.സി.സി പ്രസിഡന്‍റ് കെ.എല്‍. പൗലോസ് മറുപടി പറയണമെന്ന് ഡി.വൈ.എഫ്.ഐ ഏരിയ ഭാരവാഹികള്‍ ആവശ്യപ്പെട്ടു. ഡി.സി.സി ട്രഷറര്‍ കൂടിയായ ബാങ്ക് പ്രസിഡന്‍റ് കെ.കെ. ഗോപിനാഥന്‍ മാസ്റ്റര്‍ക്കെതിരെ ഡി.വൈ.എഫ്.ഐ ഉന്നയിച്ച ആരോപണങ്ങള്‍ ഡയറക്ടര്‍ ബോര്‍ഡ് അംഗം തന്നെ സ്ഥിരീകരിച്ചിരിക്കുകയാണ്. ബാങ്ക് പ്രസിഡന്‍റ് സ്ഥാനത്തുനിന്നും ഗോപിനാഥന്‍ മാസ്റ്ററെ പുറത്താക്കാനുള്ള ആര്‍ജവം ഡി.സി.സി പ്രസിഡന്‍റ് കാണിക്കണം. അഭ്യസ്തവിദ്യരായ യുവജനങ്ങളോട് കാണിച്ച വഞ്ചന ഏറ്റുപറയാന്‍ കോണ്‍ഗ്രസ് തയാറാവണമെന്നും ആവശ്യപ്പെട്ടു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.