സുല്‍ത്താന്‍ ബത്തേരി: സാമ്പത്തികമാന്ദ്യം പിടിമുറുക്കിയ ഗ്രാമങ്ങളില്‍ ഓണാരവങ്ങള്‍ ഇനിയും ഉയര്‍ന്നുതുടങ്ങിയില്ല. ബ്ളേഡ്, മദ്യ, ചൂതാട്ട മാഫിയക്ക് മുന്നില്‍ നിസ്സഹായമായി നില്‍ക്കുകയാണ് വയനാടന്‍ ഗ്രാമങ്ങള്‍. ഉല്‍പാദനക്കമ്മിയും വിളനാശവും മൂലം നഷ്ടത്തിലായ കുടുംബങ്ങളെ വീണ്ടും കടക്കെണിയിലാക്കി ബ്ളേഡ് സംഘങ്ങള്‍ വിലസുകയാണ്. തമിഴ്നാട്ടില്‍നിന്നുള്ള ബ്ളേഡ് സംഘങ്ങളും സേട്ടുമാരുടെ ബിനാമികളും നാടന്‍ ബ്ളേഡുകാരും മത്സരിച്ചു രംഗത്തുണ്ട്. താമസിക്കുന്ന വീടും ഭൂമിയും ഈടുനല്‍കി വായ്പ വാങ്ങിയശേഷം പലകാരണങ്ങളാല്‍ തിരിച്ചടവ് മുടങ്ങി എല്ലാം നഷ്ടമാവുന്ന അവസ്ഥയിലാണ് പല കുടുംബങ്ങളും. ദേശസാല്‍കൃത ബാങ്കുകളും സഹകരണ സംഘങ്ങളും കൈയൊഴിഞ്ഞ ഇവരെ തിരഞ്ഞുപിടിച്ച് പണമത്തെിക്കുകയാണ് ബ്ളേഡ് സംഘങ്ങള്‍. ചെറുകിട വ്യാപാരികള്‍ക്കും ഇവര്‍ പണം നല്‍കുന്നുണ്ട്. 10,000 രൂപക്ക് 1000 രൂപയാണ് പ്രതിമാസ മിനിമം പലിശ. ഒരുമാസത്തെ പലിശ പിടിച്ച് 9000 രൂപയാണ് കൊടുക്കുക. പിന്നീട് ഓരോ മാസവും 10,000ത്തിന് 1000 രൂപ പലിശ നല്‍കണം. തിരിച്ചടവ് മുടങ്ങിയാല്‍ പലിശനിരക്ക് ഇരട്ടിയും അതിലധികവുമാകും. ഇങ്ങനെ പലിശക്ക് പണംനല്‍കി പിരിവിനത്തെുന്നവര്‍ പിന്നീട് വീട്ടുടമകളായി മാറുന്ന സംഭവങ്ങളുമുണ്ട്. വരുമാനം എത്രതന്നെയുണ്ടെങ്കിലും ബ്ളേഡ് സംഘങ്ങളുടെ കെണിയില്‍ കുടുങ്ങിയവര്‍ രക്ഷപ്പെടുന്നത് വിരളമാണ്. ലഹരിമാഫിയയും ജില്ലയില്‍ പിടിമുറുക്കുകയാണ്. സ്ത്രീകളെയും കുട്ടികളെയുമടക്കം ലഹരിക്കടിപ്പെടുത്തിയാണ് ലഹരിമാഫിയയുടെ മുന്നേറ്റം. വ്യാജവാറ്റും വ്യാജ ചാരായവും സ്പിരിറ്റ് കള്ളും സുലഭം. മയക്കുമരുന്നുകളുടെ വിപണനം വേറെ. വരുമാനം മുഴുവന്‍ ലഹരിക്ക് തുലച്ച് ശിഥിലമാവുന്ന കുടുംബങ്ങള്‍ക്ക് ഇത്തവണത്തെ ഓണത്തെപ്പറ്റി ആലോചിക്കാനേ വയ്യ. ലോട്ടറി എന്നപേരില്‍ സ്വപ്നങ്ങള്‍ വിറ്റ് ചൂതാട്ടം നടത്തുന്നവരുടെ കരുക്കളായി ആയിരങ്ങളാണ് വയനാട്ടിലുള്ളത്. പ്രതിദിനം 3000വും 4000വും ദിവസവാടക നല്‍കിയാണ് മിക്ക ടൗണുകളിലും ലോട്ടറി സ്റ്റാളുകളുടെ പ്രവര്‍ത്തനം. ഇത്രവലിയ വരുമാനം എങ്ങനെ ലോട്ടറി വില്‍പന സ്റ്റാളുകള്‍ക്ക് ലഭ്യമാവുന്നുവെന്നതിനെപ്പറ്റി അന്വേഷണമില്ല. വ്യാജ ടിക്കറ്റുകള്‍ സുലഭമാണ്. പകലന്തിയോളവും പിന്നീട് പാതിരാവാകുവോളവും ലോട്ടറി സ്റ്റാളുകളില്‍ ഫലമറിയാന്‍ കാത്തുനില്‍ക്കുന്നവരുടെ നീണ്ട ക്യൂവാണ്. എല്ലാവിധ നിയമങ്ങളും നിയന്ത്രണങ്ങളും കാറ്റില്‍പ്പറത്തിയാണ് പലിശ, മദ്യ, ചൂതാട്ട മാഫിയയുടെ പ്രവര്‍ത്തനം. ഇവര്‍ കൊയ്തെടുക്കുന്ന കോടികളില്‍ ഏറിയഭാഗവും ആദിവാസികളടക്കമുള്ള കര്‍ഷകത്തൊഴിലാളികളുടെയും നിര്‍ധന ജനവിഭാഗങ്ങളുടേതുമാണ്. ചെറുകിട വ്യാപാരികളും ചെറുകിട കര്‍ഷകരും അന്യസംസ്ഥാന തൊഴിലാളികളും ഇരകളാക്കപ്പെടുന്നുണ്ട്. നിരക്ഷരരും നിസ്സഹായരുമായ ജനതയെ മാഫിയകളുടെ ചൂഷണത്തിന് വിട്ടുകൊടുത്ത് നിയമലംഘനങ്ങള്‍ക്ക് കാവലിരിക്കുകയാണ് പൊലീസ്, എക്സൈസ് വൃത്തങ്ങള്‍.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.