അവധിക്കാലത്തും ഇവര്‍ കിടപ്പാടത്തിനുള്ള സമരത്തില്‍

കല്‍പറ്റ: നാട്ടിലെ പള്ളിക്കൂടങ്ങള്‍ ഓണത്തിന് അടച്ചു. എന്നാല്‍, ഈ കുരുന്നുകള്‍ക്ക് ആഘോഷവുമില്ല, അവധിയുമില്ല. തങ്ങളുടെ കുടുംബത്തിന്‍െറ ഭൂമി തിരിച്ചുകിട്ടാനായി മാതാപിതാക്കള്‍ക്കൊപ്പം വയനാട് കലക്ടറേറ്റിന് മുന്നില്‍ അതിജീവനസമരത്തിലാണ് കോഴിക്കോട് തൊട്ടില്‍പാലം ചാത്തന്‍കോട്ടുനട എ.ജെ. ജോണ്‍ മെമ്മോറിയല്‍ സ്കൂളിലെ രണ്ട് ഏഴാം ക്ളാസ് വിദ്യാര്‍ഥികള്‍. വനംവകുപ്പിന്‍െറ നടപടികള്‍മൂലം സ്വന്തം ഭൂമി നഷ്ടപ്പെട്ട പരേതനായ മാനന്തവാടി കാഞ്ഞിരത്തിനാല്‍ ജോര്‍ജിന്‍െറ മകള്‍ ട്രീസ, ഭര്‍ത്താവ് ജെയിംസ്, ഇരട്ടമക്കളായ വിപിന്‍, നിതിന്‍ എന്നിവരാണ് സ്വാതന്ത്ര്യദിനത്തില്‍ സമരം തുടങ്ങിയത്. കാഞ്ഞിരപ്പള്ളി സ്വദേശികളായ കാഞ്ഞിരത്തിനാല്‍ ജോര്‍ജും അനിയന്‍ ജോസും വയനാട്ടിലത്തെി 1967ലാണ് തൊണ്ടര്‍നാട് വില്ളേജിലെ എസ്റ്റേറ്റില്‍നിന്ന് 12 ഏക്കര്‍ ഭൂമി 1800 രൂപക്ക് വാങ്ങുന്നത്. 2717ാം നമ്പര്‍ ജന്മം തീരാധാരപ്രകാരം മാനന്തവാടി സബ് രജിസ്ട്രാര്‍ ഓഫിസില്‍ ഭൂമി ജോസിന്‍െറ പേരില്‍ രജിസ്റ്റര്‍ ചെയ്തു. പിന്നീട് ആറ് ഏക്കര്‍ 1972ല്‍ ജോസ് ജ്യേഷ്ഠനായ ജോര്‍ജിന് 3000 രൂപ വിലനിശ്ചയിച്ച് ദാനാധാരം ചെയ്തു. ഇതിന് 2290ാം നമ്പറില്‍ ആധാരമുണ്ട്. 83 വരെ നികുതി അടച്ച് കുടുംബം കൃഷിചെയ്തുവന്നു. 83ല്‍ നികുതി സ്വീകരിക്കാതെയായി. അടിയന്തരാവസ്ഥ കാലത്ത് നിക്ഷിപ്ത വനഭൂമിയായി പിടിച്ചെടുത്ത ഭൂമിയാണ് ഇതെന്നാണ് വനംവകുപ്പിന്‍െറ ന്യായം. പിന്നീട് മരണം വരെ ജോര്‍ജ് ഭൂമി തിരിച്ചുകിട്ടാനുള്ള പോരാട്ടത്തിലായിരുന്നു. ഫോറസ്റ്റ് ട്രൈബ്യൂണലിലും ഹൈകോടതിയിലും പലവട്ടം കേസുകള്‍ വന്നു. നിരന്തര സമരങ്ങള്‍ക്കും നിയമനടപടികള്‍ക്കുമൊടുവില്‍ 2007 നവംബര്‍ 24ന് സര്‍ക്കാര്‍ പ്രത്യേക തീരുമാനമെടുത്ത് ഭൂമി തിരിച്ചുനല്‍കി. നികുതി സ്വീകരിച്ചു. എന്നാല്‍, പാലക്കാട്ടുള്ള ‘വണ്‍ എര്‍ത്ത് വണ്‍ ലൈഫ്’ എന്ന സംഘടന ഹൈകോടതിയെ സമീപിച്ചതോടെ സ്റ്റേ വന്നു. കിടപ്പാടം വിട്ടുകിട്ടാത്ത വേദനയും പേറി തീരാദുരിതത്തിനൊടുവില്‍ ജോര്‍ജ് 2012ല്‍ മരിച്ചു. ഇതിനിടെ, മരുമകനായ കോഴിക്കോട് തൊട്ടില്‍പാലം സ്വദേശിയായ ജയിംസും പ്രശ്നത്തില്‍ ഇടപെട്ടുതുടങ്ങി. 2015 ജനുവരിയില്‍ വനംവകുപ്പ് ജണ്ടകെട്ടി ഭൂമി പിടിച്ചെടുത്തു. വില്ളേജ് ഓഫിസിലെ രേഖകള്‍ പ്രകാരം വനംവകുപ്പ് അവകാശമുന്നയിക്കുന്ന ഭൂമി ജോര്‍ജിന്‍െറ സ്ഥലത്തുനിന്ന് അഞ്ച് കിലോമീറ്റര്‍ അപ്പുറമാണ്. വിജിലന്‍സ് അന്വേഷണത്തിലും ഇത് ബോധ്യപ്പെട്ടു. എന്നാല്‍, ഹൈകോടതിയിലെ കേസില്‍ ഇതുവരെ കുടുംബത്തിന് അനുകൂലമായ നടപടികളുണ്ടായിട്ടില്ല. നികുതി സ്വീകരിക്കാന്‍ മന്ത്രിസഭയെടുത്ത തീരുമാനം കോടതിയെ അറിയിക്കാത്തതാണ് കാരണമെന്ന് ജയിംസ് പറയുന്നു.തൊട്ടില്‍പാലത്തെ വാടകവീട്ടിലാണ് ഇപ്പോള്‍ ജയിംസും കുടുംബവും കഴിയുന്നത്. നിയമനടപടികള്‍ക്കായി ഇതുവരെ 15 ലക്ഷത്തിലധികം രൂപ ചെലവായി. ആകെയുണ്ടായിരുന്ന 1.37 ഏക്കര്‍ ഭൂമി കേസിനായി പണയപ്പെടുത്തി. തിരിച്ചടവ് മുടങ്ങിയതോടെ ഭൂമി ബാങ്ക് ജപ്തി ചെയ്തു. വല്യച്ഛനെ വനംവകുപ്പുകാര്‍ മര്‍ദിക്കുന്നതും വീട്ടില്‍നിന്ന് ഇറക്കിവിടുന്നതും കുഞ്ഞുനാളില്‍ വിപിനും നിതിനും കണ്ടിട്ടുണ്ട്. സമരം ന്യായമാണെന്നും ഭൂമി കിട്ടുംവരെ സമരം ചെയ്യുമെന്നും ഇവര്‍ ആണയിടുന്നു. കുടുംബത്തിന്‍െറ ദുരവസ്ഥ അറിയുന്ന സഹപാഠികളുടെയും അധ്യാപകരുടെയും പിന്തുണയുമുണ്ട്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.