വിനോദസഞ്ചാരികളെ പിഴിഞ്ഞ് ഹോംസ്റ്റേകളും റിസോര്‍ട്ടുകളും

കല്‍പറ്റ: വയനാട്ടിലെ ഹോംസ്റ്റേകളും റിസോര്‍ട്ടുകളും സന്ദര്‍ശകരില്‍നിന്ന് അന്യായ വാടക ഈടാക്കുന്നതായി ആക്ഷേപം. ദക്ഷിണേന്ത്യയിലെ ടൂറിസ്റ്റ് കേന്ദ്രങ്ങില്‍ ഏറ്റവും ഉയര്‍ന്ന വാടകനിരക്ക് വയനാട്ടിലേതാണെന്ന് ജില്ലയിലത്തെുന്ന സഞ്ചാരികള്‍ ചൂണ്ടിക്കാട്ടുന്നു. വന്‍ വാടക നല്‍കിയാല്‍ ഒരു പരിശോധനയും നിയന്ത്രണവുമില്ലാതെ ആരെയും പ്രവേശിപ്പിക്കുന്ന പല റിസോര്‍ട്ടുകളും ഹോംസ്റ്റേകളും അനാശാസ്യ പ്രവര്‍ത്തനങ്ങള്‍ക്ക് അരങ്ങൊരുക്കുന്നുവെന്നും ആക്ഷേപമുണ്ട്. മൈസൂര്‍, ഊട്ടി, കുടക് തുടങ്ങിയവയുമായി താരതമ്യപ്പെടുത്തുമ്പോള്‍ വയനാട്ടിലത്തെുന്ന സഞ്ചാരികള്‍ താമസസൗകര്യത്തിന് ഭാരിച്ച തുക ചെലവാക്കേണ്ടിവരുകയാണ്. ഉള്‍പ്രദേശങ്ങളിലെ റിസോര്‍ട്ടുകളും നഗരങ്ങളിലെ ലോഡ്ജുകളും വന്‍തുക വാടക വാങ്ങുന്നതില്‍ ഒട്ടും പിന്നിലല്ല. നേരത്തേ ജൂണ്‍, ജൂലൈ, ആഗസ്റ്റ് മാസങ്ങളില്‍ ഓഫ് സീസണ്‍ എന്ന പേരില്‍ അല്‍പം കിഴിവ് നല്‍കിയിരുന്നെങ്കിലും ഇപ്പോള്‍ മണ്‍സൂണ്‍ ടൂറിസത്തിന്‍െറ പേരുപറഞ്ഞ് ആ സമയങ്ങളില്‍ വാടക കുറക്കുന്നില്ല. ജില്ലയിലെ റിസോര്‍ട്ടുകളിലെ അമിത വാടക വ്യക്തമാകാന്‍ ട്രാവല്‍ വെബ്സൈറ്റുകളിലൂടെ കണ്ണോടിച്ചാല്‍ മാത്രം മതിയാകും. ദിനംപ്രതി നൂറുകണക്കിന് സഞ്ചാരികളത്തെുന്ന മൈസൂരില്‍പോലും വയനാട്ടിലേതിന്‍െറ പകുതി വാടകയേയുള്ളൂ. മൈസൂരില്‍ 500-600 രൂപക്ക് മോശമല്ലാത്ത താമസസൗകര്യം ലഭിക്കുമ്പോള്‍ കല്‍പറ്റ നഗരത്തില്‍ മെച്ചപ്പെട്ട താമസസൗകര്യം ലഭിക്കണമെങ്കില്‍ ഇതിന്‍െറ ഇരട്ടിയിലധികം നല്‍കണം. നേരത്തേ വൈത്തിരി, പടിഞ്ഞാറത്തറ, തിരുനെല്ലി ഏരിയകളിലെ റിസോര്‍ട്ടുകള്‍ വന്‍ തുക ഈടാക്കിയിരുന്ന സ്ഥാനത്ത് ഇപ്പോള്‍ എല്ലാ പഞ്ചായത്തിലും ഉയര്‍ന്ന നിരക്കാണ്. വൈത്തിരിയിലും മഞ്ഞൂറയിലും തിരുനെല്ലിയിലുമൊക്കെയുള്ള റിസോര്‍ട്ടുകളില്‍ 15,000 രൂപക്ക് മുകളില്‍വരും ഒരു ദിവസത്തെ വാടക. റിസോര്‍ട്ട്, ഹോംസ്റ്റേ നടത്തിപ്പ് വഴി ജില്ലക്ക് സാമ്പത്തികമായി വലിയ മെച്ചമില്ലാത്ത അവസ്ഥയുമാണ്. വയനാട്ടിലെ വന്‍കിട റിസോര്‍ട്ടുകളും ഹോംസ്റ്റേകളുമൊക്കെ ജില്ലക്ക് പുറത്തുള്ളവരുടെ ഉടമസ്ഥതയിലാണെന്നതുതന്നെ കാരണം. വെള്ളി, ശനി, ഞായര്‍ ദിവസങ്ങളില്‍ ബംഗളൂരുവിലെ ഐ.ടി മേഖലയില്‍നിന്നടക്കം സഞ്ചാരികള്‍ ഒഴുകിയത്തെുമ്പോള്‍ വന്‍ വാടക കൊടുത്താലും ചിലപ്പോള്‍ താമസസൗകര്യം ലഭിക്കാതാവും. ഇതു മുതലെടുത്ത് ജില്ലയില്‍ അനധികൃത ഹോംസ്റ്റേകള്‍ പെരുകുകയാണിപ്പോള്‍. മാസവാടകക്ക് കുടുംബങ്ങള്‍ക്ക് നല്‍കിയ ക്വാര്‍ട്ടേഴ്സുകള്‍ അടക്കം ഒഴിപ്പിച്ചാണ് ഇത്തരം അനധികൃത ഹോംസ്റ്റേകള്‍ രൂപംകൊള്ളുന്നത്. ഇത്തരക്കാര്‍ക്ക് മാസത്തില്‍ നാലോ അഞ്ചോ ദിവസം ‘ഗെസ്റ്റുകളെ’ കിട്ടിയാല്‍ മതി. ബോര്‍ഡ് വെച്ച് പരസ്യമായി അനധികൃതമായി പ്രവര്‍ത്തിക്കുന്ന ഹോംസ്റ്റേകള്‍ പഞ്ചായത്ത് ഓഫിസുകളുടെ കണ്‍മുന്നിലുണ്ടെങ്കിലും നടപടിയുണ്ടാകുന്നില്ല. അനധികൃത ഹോംസ്റ്റേകള്‍ക്കെതിരെ ഒരു പഞ്ചായത്തുപോലും നടപടിയെടുത്തതായി അറിവില്ല. ജില്ലയില്‍ താമസത്തിനത്തെുന്നവരില്‍നിന്ന് ഈ റിസോര്‍ട്ടുകള്‍ വന്‍തുക ആഡംബര നികുതി ഇനത്തില്‍ ഈടാക്കുന്നുണ്ട്. എന്നാല്‍, തുക സര്‍ക്കാറിലേക്കത്തെുന്നത് വിരളമാണ്. പഞ്ചായത്തില്‍നിന്ന് പ്രാഥമിക ലൈസന്‍സ് പോലും എടുക്കാതെയാണ് മിക്ക ഹോംസ്റ്റേകളും റിസോര്‍ട്ടുകളും പ്രവര്‍ത്തിക്കുന്നത്. പൊലീസ് എന്‍.ഒ.സി, മലിനീകരണ നിയന്ത്രണ ബോര്‍ഡിന്‍െറ സര്‍ട്ടിഫിക്കറ്റ്, ആരോഗ്യ വകുപ്പിന്‍െറ സര്‍ട്ടിഫിക്കറ്റ്, ലക്ഷ്വറി ടാക്സ് രജിസ്ട്രേഷന്‍, വാറ്റ് രജിസ്ട്രേഷന്‍ തുടങ്ങി അവശ്യം വേണ്ട രേഖകളൊന്നും ഇവയില്‍ 99 ശതമാനത്തിനും ഇല്ല. സംസ്ഥാനത്ത് വ്യക്തമായ മാനദണ്ഡം ഇക്കാര്യത്തില്‍ ഇല്ലാത്തത് ഇത്തരക്കാര്‍ക്ക് തുണയാകുന്നു. ഒന്നോ രണ്ടോ വര്‍ഷം മുമ്പ് 2000 രൂപ വാടക വാങ്ങിയിരുന്ന റിസോര്‍ട്ടുകളൊക്കെ ഇപ്പോള്‍ ഈടാക്കുന്നത് ഒരു ദിവസത്തേക്ക് ചുരുങ്ങിയത് 5000 രൂപയാണ്. ഇവിടങ്ങളില്‍ ഭക്ഷണത്തിനും അന്യായ നിരക്കാണ്. ഡിസംബര്‍ അവസാനം ഇപ്പോഴുള്ള വാടക കുത്തനെ കൂടും.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.