സുല്‍ത്താന്‍ബത്തേരി: മൂലങ്കാവ് കാരശ്ശേരി വയലില്‍ വെള്ളിയാഴ്ച രാത്രി കാട്ടാനക്കൂട്ടമിറങ്ങി വാഴത്തോട്ടം നശിപ്പിച്ചു. പട്ടമന ഷിജോയുടെ നാനൂറോളം വിളവെടുക്കാറായ വാഴകളാണ് ഒറ്റരാത്രി ആനക്കൂട്ടം നശിപ്പിച്ചത്. ലക്ഷത്തിലേറെ രൂപയുടെ നഷ്ടമുണ്ടായി. വന്യജീവിശല്യം അതിരൂക്ഷമായ മേഖലയാണ് കാരശ്ശേരി വയലും പരിസരപ്രദേശങ്ങളും. കാലികളെ കൊന്നുതിന്ന കടുവയെ കഴിഞ്ഞദിവസം ഇരുമ്പുകെണിയില്‍ കുടുക്കിയത് ഈ പ്രദേശത്താണ്. കരടി, കാട്ടുപോത്ത്, പുലി, മാന്‍, കുരങ്ങ്, കാട്ടുപന്നി, മലയണ്ണാന്‍ എന്നിവയുടെ ശല്യവും ഏറെ രൂക്ഷമാണ്. ഫലഭൂയിഷ്ഠമായ മണ്ണ് സ്വന്തമായി ഉണ്ടായിട്ടും കൃഷിയിറക്കാന്‍ ഭയപ്പെടുകയാണ് കര്‍ഷകര്‍. ചക്ക തിന്നാനാണ് കാട്ടാനകള്‍ മുഖ്യമായും കാടിറങ്ങുന്നതെന്നും പ്ളാവുകള്‍ വെട്ടിമാറ്റണമെന്നും വനംവകുപ്പ് വിശദീകരിച്ചിരുന്നു. പട്ടിണിമാസങ്ങളില്‍ കര്‍ഷകകുടുംബങ്ങള്‍ക്ക് അത്താണിയായിരുന്ന പ്ളാവുകള്‍ കൂട്ടത്തോടെ മുറിച്ചുമാറ്റിയിട്ടും ആനശല്യത്തിന് കുറവില്ല. വയനാട് വന്യജീവി കേന്ദ്രത്തില്‍പെട്ട ബത്തേരി റെയ്ഞ്ചില്‍നിന്ന് കിടങ്ങ് ഇടിച്ചുനിരത്തിയാണ് ആനകള്‍ കൃഷിയിടങ്ങളിലിറങ്ങുന്നത്. കിടങ്ങുകള്‍ നികന്നും വൈദ്യുതി കമ്പിവേലി തകര്‍ന്നും കിടക്കുന്ന വനാതിര്‍ത്തി മറികടന്ന് നാട്ടിലിറങ്ങാന്‍ വന്യജീവികള്‍ക്ക് പ്രയാസമില്ല. താല്‍ക്കാലിക പ്രതിരോധത്തിനുവേണ്ടി ഒരുക്കുന്ന സംവിധാനങ്ങള്‍ അറ്റകുറ്റപ്പണി മുടങ്ങി ഉപയോഗരഹിതമാവുകയാണ്. വനംവകുപ്പും സര്‍ക്കാറും നിരന്തരം അവഗണിക്കുകയാണെന്നാണ് ജനങ്ങളുടെ പരാതി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.