സുല്‍ത്താന്‍ ബത്തേരി: ‘സാറന്മാര് പറയുന്ന സ്ഥലം പറയുന്ന വിലയ്ക്ക് എടുക്കുന്നില്ളെങ്കില്‍ കാട്ടില്‍ കിടന്ന് ശത്തു പോകാനേ വഴിയുള്ളൂ’ നട്ടുച്ചക്ക് കടുവ കൊന്നുതിന്ന കുറിച്യാട്ടെ ബാബുരാജിന്‍െറ കൂട്ടുകാരന്‍ ബാലന്‍െറ ആത്മഗതം. ‘ഞങ്ങളുടെ അക്കൗണ്ടില്‍ പണം വന്നിട്ടുണ്ട്. ഇഷ്ടപ്പെട്ട ഭൂമിയും കണ്ടത്തെി. ന്യായമായ വിലയും. പക്ഷേ, ഈ ഭൂമി വാങ്ങാന്‍ സാറന്മാര് ഒപ്പിട്ടു തരുന്നില്ല. അവര് പറയുന്ന ഭൂമിയെടുക്കണം. അത് ഞങ്ങള്‍ക്കു വേണ്ട’. വനമേഖലയിലെ ജനങ്ങളെ മാറ്റിപ്പാര്‍പ്പിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ നടപ്പാക്കുന്ന സ്വയം സന്നദ്ധ പുനരധിവാസ പദ്ധതിയില്‍ നടക്കുന്ന അഴിമതിയുടെ ഇരകളാണ് കുറിച്യാട് നിവാസികള്‍. കാടുമായി ആത്മബന്ധമുള്ളവരാണ് കാട്ടുനായ്ക്ക സമൂഹം. കാരണവന്മാരെ മരിച്ചടക്കിയ പിതൃഭൂമിയോട് വിടപറയാന്‍ തന്നെ വിഷമം. ഇന്നേവരെ പരിചയമില്ലാത്ത വിദൂര മേഖലകളിലേക്ക് മരിച്ചാലും ഇവര്‍ പോവില്ല. വനാതിര്‍ത്തിയോടടുത്ത് പുറത്ത് അനുയോജ്യമായ സ്ഥലം കിട്ടാനുണ്ട്. കുറിച്യാട് കോളനി നിവാസികള്‍ തന്നെ സ്ഥലം കണ്ട് ഇഷ്ടപ്പെട്ട് മാന്യമായ വിലയില്‍ കച്ചവടമാക്കിയതിനാല്‍ ഇടത്തട്ടുകാര്‍ക്ക് കമീഷന്‍ കിട്ടില്ല. ഇതോടെ ഉദ്യോഗസ്ഥരും രാഷ്ട്രീയ നേതാക്കളും ഇവരുടെ ബിനാമികളായ ബ്രോക്കര്‍മാരും ഉടക്കി. സ്വയം സന്നദ്ധ പുനരധിവാസ പദ്ധതി പ്രകാരം ഓരോ കുടുംബത്തിനും അനുവദിച്ചിട്ടുള്ള പത്ത് ലക്ഷം രൂപ വീതം ഇവരുടെ അക്കൗണ്ടിലത്തെിയിട്ടുണ്ട്. പക്ഷേ, പണം പിന്‍വലിക്കണമെങ്കില്‍ റവന്യൂ, ട്രൈബല്‍ അധികൃതരുടെയും പഞ്ചായത്ത് അധികൃതരുടെയും കൈയൊപ്പ് വേണം. ഒന്നിനും പറ്റാത്ത സ്ഥലം അധിക വിലയ്ക്കെടുക്കാനാണ് ബ്രോക്കര്‍മാരും അവര്‍ക്ക് പിന്നിലുള്ളവരും നിര്‍ബന്ധിക്കുന്നത്. കുറിച്യാട്ടെ കുടുംബങ്ങള്‍ പലതും അറിഞ്ഞുകൊണ്ടുതന്നെ ഇവരുടെ കെണിയില്‍ തലവെച്ചു കൊടുത്തതുകൊണ്ടു മാത്രമാണ് കാടിറങ്ങാനായത്. ഈ ചൂഷണത്തിന് നിന്നുകൊടുക്കാന്‍ തയാറാവാത്തവര്‍ ഇപ്പോഴും കൊടുംകാട്ടിലെ കോളനിയില്‍ കഴിയുകയാണ്. ജൂലൈ രണ്ടിനാണ് പട്ടാപ്പകല്‍ കോളനി നിവാസിയായ ബാബുരാജിനെ കടുവ കൊന്നുതിന്നത്. പിന്നീടും കുറിച്യാട് പരിസരങ്ങളില്‍ കടുവയെ പലവട്ടം കണ്ടു. വീടിനുള്ളില്‍ പലപ്പോഴും സുരക്ഷിതത്വമില്ലാത്ത അവസ്ഥയാണിപ്പോഴുള്ളതെന്ന് കൊല്ലപ്പെട്ട ബാബുരാജിന്‍െറ സഹോദരന്‍ നാരായണന്‍ പറഞ്ഞു. പകല്‍പോലും പുറത്തിറങ്ങി നടക്കാനാവില്ല. കാടിന് പുറത്തത്തെി അരിയടക്കം അത്യാവശ്യ സാധനങ്ങള്‍ വാങ്ങി തിരിച്ചുവരാമെന്ന ധൈര്യമില്ല. പനിപിടിച്ചവര്‍ കോളനിയില്‍തന്നെ കിടപ്പാണ്. ബാബുരാജിന്‍െറ വിധവ സുനിത, സഹോദരന്‍ നാരായണന്‍, കോളനി നിവാസികളായ ബാലന്‍, രാഘവന്‍, ബിജു, ബൊമ്മന്‍, മാര, ബോലി എന്നിവര്‍ ചേര്‍ന്നാണ് ചെതലയത്തെ രണ്ടേക്കര്‍ സ്ഥലം കച്ചവടമാക്കിയത്. സെന്‍റിന് 32,000 രൂപ വിലയ്ക്കാണ് കച്ചവടം ഉറപ്പിച്ചത്. സ്കൂള്‍, ആശുപത്രി, റോഡ് സൗകര്യങ്ങളുള്ള ഭൂമിയാണ്. പദ്ധതി മാനദണ്ഡപ്രകാരം 25 സെന്‍റ് സ്ഥലം വീതം എട്ടു പേര്‍ക്കും ലഭിക്കും. വീടുവെക്കാന്‍ രണ്ടു ലക്ഷത്തോളം രൂപ കൈയില്‍ ബാക്കിയുമുണ്ടാകും. പക്ഷേ, പദ്ധതി ഫണ്ട് അനുവദിക്കണമെങ്കില്‍ കമീഷന്‍ കിട്ടണമെന്ന് നിര്‍ബന്ധം പിടിക്കുന്നവര്‍ കണ്ണ് തുറക്കുന്നില്ല. ഒരു ബാബുരാജല്ല, കോളനിവാസികള്‍ മുഴുവന്‍ കടുവക്കിരയായാലും കിട്ടേണ്ടതു കിട്ടാതെ പുനരധിവാസം നടക്കില്ളെന്നാണ് പദ്ധതി നടത്തിപ്പുകാരുടെ പിടിവാശി. ‘ഫോട്ടോഗ്രാഫര്‍’ സിനിമയില്‍ മോഹന്‍ലാലിനൊപ്പം അഭിനയിച്ച് മികച്ച ബാലതാരത്തിനുള്ള സംസ്ഥാന അവാര്‍ഡ് നേടി ശ്രദ്ധേയനായ താത്തൂര്‍ കോളനിയിലെ മണിക്ക് സര്‍ക്കാര്‍ പ്രഖ്യാപിച്ച വീടും സ്ഥലവും ഇനിയും അപ്രാപ്യമായതിന് പിന്നിലും ഇതേ ലോബി തന്നെയാണ്. വാളാഞ്ചേരിക്കുന്നില്‍ 36 സെന്‍റ് ഭൂമി കണ്ടത്തെി നിശ്ചിത വിലയില്‍ ലഭിക്കുമെന്നുറപ്പാക്കി അധികൃതരെ സമീപിച്ചപ്പോള്‍ മണിക്കും ഇതു തന്നെയായിരുന്നു അനുഭവം. ബിനാമികള്‍ മുഖേന ഭൂമി കച്ചവടമാക്കി രേഖയില്‍ ഇരട്ടി വില രേഖപ്പെടുത്തി പാതി ഫണ്ട് വീതം വെക്കുന്ന ഏര്‍പ്പാടാണ് പദ്ധതി നടത്തിപ്പില്‍ നടക്കുന്നതെന്നാണ് ആരോപണം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.