റോഡ് മുറിച്ചുകടക്കാതിരിക്കാൻ കയർ കെട്ടുന്നതിനെതിരെ മനുഷ്യാവകാശ കമീഷൻ

തിരുവനന്തപുരം: ഡിവൈഡർ ഇല്ലാത്ത സ്ഥലങ്ങളിൽ കാൽനടയാത്രക്കാർ റോഡ് മുറിച്ചുകടക്കുന്നത് തടയാനായി പ്ലാസ്റ്റിക്കിൽ പൊതിഞ്ഞ ഇരുമ്പ് കമ്പി ഉപയോഗിച്ച് കെട്ടുന്നതിനെതിരെ സംസ്ഥാന മനുഷ്യാവകാശ കമീഷൻ. ഡിവൈഡർ ഇല്ലെന്ന് കണ്ട് റോഡ് മുറിച്ചുകടക്കാൻ ശ്രമിക്കുമ്പോൾ കയർ ശ്രദ്ധിക്കാതിരുന്നാൽ അപകടങ്ങൾക്ക് സാധ്യതയുണ്ടെന്ന പരാതിയിലാണ് കമീഷൻ അധ്യക്ഷൻ ജസ്റ്റിസ് ആൻറണി ഡൊമിനിക്കിൻെറ നടപടി. തിരുവനന്തപുരം ട്രാഫിക് അസിസ്റ്റൻറ് കമീഷണർ (സൗത്ത്) നാലാഴ്ചക്കകം റിപ്പോർട്ട് സമർപ്പിക്കണമെന്ന് കമീഷൻ ആവശ്യപ്പെട്ടു. പാളയം മുസ്ലിംപള്ളിക്കും കണ്ണിമേറാ മാർക്കറ്റിനുമിടയിൽ റോഡ് മുറിച്ചുകടക്കുന്നത് തടഞ്ഞിരുന്നത് കയർ കെട്ടിയാണ്. പാളയം കല്യാൺ സിൽക്സിന് മുന്നിലും ഇതാണ് അവസ്ഥ. നിയമസഭ സമുച്ചയത്തിന് മുമ്പിൽ കയർ കെട്ടിത്തിരിച്ചാണ് പാർക്കിങ് നിരോധിച്ചിരിക്കുന്നതെന്നും വഴുതക്കാട് അജിത്കുമാർ സമർപ്പിച്ച പരാതിയിലാണ് നടപടി. മുമ്പ് നിയമസഭ സമുച്ചയത്തിൻെറ വലതുഭാഗത്തുള്ള കവാടത്തിൽ കയർകെട്ടി തിരിച്ചിരിക്കുന്നത് ശ്രദ്ധിക്കാതെ ഉള്ളിൽ കടക്കാൻ ശ്രമിച്ച മാധ്യമപ്രവർത്തകൻ അപകടത്തിൽെപട്ടത് വിവാദമായിരുന്നു. കയർ കെട്ടിയുള്ള നിയന്ത്രണം വേണ്ടെന്ന് അന്ന് മനുഷ്യാവകാശ കമീഷൻ ഉത്തരവ് നൽകിയിരുന്നതാണ്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.