തിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പ് ഫലപ്രഖ്യാപനം കഴിഞ്ഞ് ഒരാഴ്ച പിന്നിട്ടിട്ടും കോർപറേഷനിലെ ബി.ജെ.പി മേയറെ തിരുമാനിക്കുന്നത് അനിശ്ചിതമായി നീളുന്നു. പട്ടികയിലുള്ള പേരുകളിൽ പലതിലും ഏകകണ്ഠമായ അഭിപ്രായം ഉരുത്തിരിയാത്തതിനാലാണ് തീരുമാനം നീളുന്നതത്രേ. അതേസമയം, കേന്ദ്ര നേതൃത്വവുമായുള്ള ചർച്ചകൾക്കായി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ ഇപ്പോൾ ഡൽഹിയിലാണ്. അവിടെ ശാരീരിക അസ്വാസ്ഥ്യം മൂലം വിശ്രമത്തിലെന്നാണ് അറിയുന്നത്. പുതിയ ഭരണസമിതി 21ന് അധികാരമേൽക്കുന്ന ചടങ്ങിലും എത്താൻ സാധ്യത കുറവെന്ന് അറിയുന്നു.
ബി.ജെ.പി സംസ്ഥാന സെക്രട്ടറി വി.വി. രാജേഷ്, സംസ്ഥാന വൈസ് പ്രസിഡന്റും മുൻ ഡി.ജി.പിയുമായ ആർ. ശ്രീലേഖ, കരമന അജിത്, സിമി ജ്യോതിഷ് എന്നിവരാണ് മേയർ, ഡെപ്യൂട്ടി മേയർ സ്ഥാനങ്ങളിൽ പരിഗണനയിലുള്ളത്. ഇവരെ പിന്തള്ളി ‘സർപ്രൈസ്’ മേയർ, ഡെപ്യൂട്ടി മേയർ വരുമോ എന്ന കാര്യത്തിലാണ് ഇപ്പോൾ സംശയം. അങ്ങനെയെങ്കിൽ വി.ജി. ഗിരികുമാറിനെ പരിഗണിക്കണമെന്നാണ് ആർ.എസ്.എസ് നിലപാട്. ഒപ്പം ഡെപ്യൂട്ടി മേയർ സ്ഥാനത്തേക്ക് ജി.എസ്. മഞ്ചുവിനെയും പരിഗണിക്കണമെന്ന ആവശ്യം ശക്തമാണ്.
26നാണ് മേയർ, ഡെപ്യൂട്ടി മേയർ തെരഞ്ഞെടുപ്പ്. സ്ഥാനാർഥിയുടെ മരണത്തെ തുടർന്ന് മാറ്റിവെച്ച വിഴിഞ്ഞം ഒഴികെ 100 വാർഡിലേക്ക് നടന്ന തെരഞ്ഞെടുപ്പിൽ 50 സീറ്റ് നേടിയാണ് ബി.ജെ.പി വലിയ കക്ഷിയായത്. 29 സീറ്റ് നേടി എൽ.ഡി.എഫും 19 സീറ്റുമായി യു.ഡി.എഫും രണ്ട് സ്വതന്ത്രരും കൂടി 50 അംഗങ്ങൾ എതിർചേരിയിലുണ്ട്.
വലിയ കക്ഷി എന്ന നിലയിൽ ബി.ജെ.പിക്ക് ഭരിക്കാമെങ്കിലും സ്വതന്ത്രന്മാരുടെ റോൾ ഭരണസമിതിക്ക് വെല്ലുവിളിയുയർത്തും. അതിനാൽ പുതുമുഖങ്ങൾക്കപ്പുറം പരിചയസമ്പത്തും ഭരണമികവുമുള്ളവരെ മേയർ, ഡെപ്യൂട്ടി മേയർ സ്ഥാനങ്ങളിലേക്ക് പരിഗണിക്കാനാണ് ബി.ജെ.പി ആലോചിക്കുന്നത്.
എൽ.ഡി.എഫ്, യു.ഡി.എഫ് കക്ഷികൾക്ക് സ്ഥിരംസമിതി അധ്യക്ഷ സ്ഥാനം നൽകേണ്ടെന്ന നിലപാടാണുള്ളത്. അത് എത്രത്തോളം പ്രായോഗികമാകുമെന്ന കാര്യത്തിൽ സംശയമുണ്ട്. തദ്ദേശ ഭരണ സംവിധാനത്തിൽ ഭരണ-പ്രതിപക്ഷം എന്നത് സാങ്കൽപികമാണ്. തെരഞ്ഞെടുക്കപ്പെടുന്ന എല്ലാ അംഗങ്ങളും എല്ലാ സമിതികളിലും അംഗങ്ങളാകാറുണ്ട്. അങ്ങനെ വരുമ്പോൾ സ്ഥിരം സമിതികളിൽ മറ്റ് മുന്നണികളിലെ കൗൺസിലർമാരും അംഗങ്ങളാകാനാണ് സാധ്യത.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.