മാതാവിൻെറ ഒാർമക്കായി വാങ്ങിയ 2.75 ഏക്കർ ഭൂമി ഭവനരഹിതർക്കായി നൽകി സുകുമാരൻ വൈദ്യൻ തിരുവനന്തപുരം: കാട്ടാക്കട പൂവച്ചൽ പന്നിയോട് ശ്രീലക്ഷ്മിയിൽ പരമ്പര്യ ആയുർവേദ ചികിത്സകൻ സുകുമാരൻ വൈദ്യൻ സർക്കാറിൻെറ സമ്പൂർണ പാർപ്പിട പദ്ധതിയായ ലൈഫ് മിഷന് 2.75 ഏക്കർ ഭൂമി സൗജന്യമായി നൽകി. ഭൂമിയുടെ ഇഷ്ടദാനം മുഖ്യമന്ത്രി പിണറായി വിജയന് കൈമാറി. മന്ത്രി എ.സി. മൊയ്തീൻ, എ. നീലലോഹിതദാസൻ നാടാർ, ലൈഫ് മിഷൻ ചീഫ് എക്‌സ്‌ക്യൂട്ടിവ് ഓഫിസർ യു.വി. ജോസ്, പൂവച്ചൽ ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് കെ. രാമചന്ദ്രൻ എന്നിവർ സന്നിഹിതരായിരുന്നു. പന്നിയോട് വാർഡിലെ കുളവ്പാറയിൽ മാതാവിൻെറ ഓർമക്കായി സ്ഥാപിച്ച ജാനകി മെമ്മോറിയൽ ട്രസ്റ്റിൻെറ പേരിൽ അദ്ദേഹം വാങ്ങിയ ഭൂമിയാണ് പൂവച്ചൽ ഗ്രാമപഞ്ചായത്തിന് കൈമാറിയത്. ഭൂമിക്ക് മൂന്ന് കോടിയോളം രൂപ വില വരുമെന്ന് മുഖ്യമന്ത്രി വാർത്തസമ്മേളനത്തിൽ അറിയിച്ചു. പൂവച്ചൽ ഗ്രാമപഞ്ചായത്തിൽ നിലവിൽ 113 കുടുംബങ്ങൾ സംസ്ഥാന സർക്കാറിൻെറ ലൈഫ് ഭൂരഹിത ഭവനരഹിതരുടെ ലിസ്റ്റിലുണ്ട്. ഇവർക്ക് വീട് വെക്കാൻ പഞ്ചായത്ത് വക 70 സൻെറ് ഭൂമി നേരേത്ത ലൈഫ് മിഷന് കൈമാറിയിരുന്നു. ഈ ഭൂമിയിൽ എല്ലാ ഭൂരഹിതർക്കുമായി ഭവനസമുച്ചയം നിർമിക്കാനാവാത്തതിനാൽ ഗ്രാമപഞ്ചായത്ത് ഇദ്ദേഹത്തെ സമീപിക്കുകയായിരുന്നു. തുടർന്നാണ് സ്വന്തം അധ്വാനത്തിലൂടെ വിലക്ക് വാങ്ങിയ ഭൂമി ലൈഫ് പദ്ധതിപ്രകാരം വീട് െവച്ചുനൽകാൻ നൽകിയതെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.