*ഫയൽ വിജിലൻസിൻെറ അംഗീകാരത്തിന് സമർപ്പിച്ചു തിരുവനന്തപുരം: ബാലാവകാശകമീഷൻ ചെയർമാൻ സ്ഥാനത്തേക്ക് ഇൻറർവ്യൂവിൽ പങ്കെടുത്ത ജില്ല ജഡ്ജിയെപോലും പിന്തള്ളി സി.പി.എമ്മുകാരനായ അഭിഭാഷകനെ നിയമിക്കാൻ തീരുമാനിച്ചതായി ആക്ഷേപം. തലശ്ശേരി കോടതിയിലെ അഭിഭാഷകൻ കെ.വി. മേനാജ്കുമാറിനെ നിയമിക്കാൻ തത്ത്വത്തിൽ തീരുമാനിച്ചതായി അറിയുന്നു. നിയമനവുമായി ബന്ധപ്പെട്ട ഫയൽ വിജിലൻസിൻെറ അംഗീകാരത്തിന് കൈമാറിയെന്നാണ് വിവരം. മന്ത്രി കെ.കെ. ശൈലജയുടെ അധ്യക്ഷതയിൽ ചേർന്ന ഇൻറർവ്യൂ കമ്മിറ്റി കെ.വി. മനോജ്കുമാറിനാണ് ഒന്നാം റാങ്ക് നൽകിയത്. നിലവിലെ കമീഷൻ അംഗം ഡോ. എം.പി. ആൻറണിക്ക് രണ്ടും കാസർകോട് ജില്ല ജഡ്ജി എസ്.എച്ച്. പഞ്ചാപകേശന് മൂന്നും റാങ്ക് നൽകി. കുട്ടികളുടെ അവകാശസംരക്ഷണങ്ങൾക്കും ക്ഷേമപ്രവർത്തനങ്ങൾക്കും ദേശീയതലത്തിലോ സംസ്ഥാനതലത്തിലോ ലഭിച്ച അംഗീകാരവും ഈ മേഖലയിലെ പ്രവൃത്തിപരിചയവുമാണ് യോഗ്യത. മനോജ്കുമാർ തലശ്ശേരിയിലെ സ്കൂൾ പി.ടി.എയിൽ പ്രവർത്തിച്ചെന്നതാണ് യോഗ്യതയായി സമർപ്പിച്ച ബയോഡാറ്റയിലുള്ളതെന്ന് പറയുന്നു. 27 അപേക്ഷകരെ ഷോർട്ട് ലിസ്റ്റ് ചെയ്തശേഷം ഓൺലൈനായി ഇൻറർവ്യൂ നടത്തിയാണ് റാങ്ക് നിശ്ചയിച്ചത്. മുഖ്യമന്ത്രിയുടെ സുഹൃത്തിൻെറ മകനാണ് മനോജ്കുമാറെന്നതാണ് ഒന്നാം റാങ്ക് നൽകാൻ കാരണമെന്ന് ശിശുക്ഷേമ സംരക്ഷണസമിതി ചെയർമാൻ ആർ.എസ്. ശശികുമാറും കൺവീനർ ഉള്ളൂർ മുരളിയും ആരോപിച്ചു. കുട്ടികളുടെ അവകാശസംരക്ഷണത്തിന് നിഷ്പക്ഷമായി പ്രവർത്തിക്കേണ്ട കമീഷനിലേക്ക് ചട്ടവിരുദ്ധമായി നടത്തുന്ന ചെയർമാൻ നിയമനനടപടി നിർത്തിവെക്കണമെന്ന് ആവശ്യപ്പെട്ട് അവർ മുഖ്യമന്ത്രിക്ക് നിവേദനം നൽകി. സ്വന്തം ലേഖകൻ
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.