ശ്രീകാര്യത്ത് കയറിൽ തൂങ്ങിയനിലയിൽ യുവാവി​െൻറ മൃതദേഹം

ശ്രീകാര്യത്ത് കയറിൽ തൂങ്ങിയനിലയിൽ യുവാവിൻെറ മൃതദേഹം കഴക്കൂട്ടം: ശ്രീകാര്യത്ത് രണ്ട് ബഹുനിലകെട്ടിടങ്ങളുടെ ഇടയിൽ കയറിൽ തൂങ്ങിയ നിലയിൽ യുവാവിൻെറ മൃതദേഹം കണ്ടെത്തി. വർക്കല ചാവടിമുക്ക് മുട്ടപ്പലം തുണ്ടുവിള വീട്ടിൽ ഷൈജു സത്യനാണ് (42) മരിച്ചത്. ഞായറാഴ്ച ഉച്ചതിരിഞ്ഞ് ദേശീയപാതയിൽ കല്ലമ്പലത്ത് തലക്കും മുഖത്തും പരിക്കേറ്റനിലയിൽ നാട്ടുകാർ ഇയാളെ കണ്ടെത്തിയിരുന്നു. കല്ലമ്പലം പൊലീസെത്തി ഷൈജുവിനെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചു. ബൈക്കിലെത്തിയ രണ്ടുപേർ തന്നെ വെട്ടിവീഴ്ത്തിയെന്നാണ് ഇയാൾ പൊലീസിനോട് പറഞ്ഞത്. പൊലീസ് മെഡിക്കൽ കോളജ് ആശുപത്രിയിലെത്തിച്ചു. തുടർന്ന് ഒ.പി ടിക്കറ്റ് എടുത്തെങ്കിലും രാത്രി ഏഴോടെ ഷൈജുവിനെ ആശുപത്രിയിൽനിന്ന് കാണാതായി. തിങ്കളാഴ്ച രാവിലെ എേട്ടാടെ ശ്രീകാര്യം ജങ്ഷന് സമീപം പുതുവലിൽ ബിൽഡിങ്ങിൻെറ പിന്നിലെ 20 അടി ഉയരമുള്ള മതിലിനോട് ചേർന്നാണ് മൃതദേഹം കണ്ടെത്തിയത്. കെട്ടിടത്തിൽ പ്രവർത്തിക്കുന്ന ബ്യൂട്ടി പാർലറിലെ ജീവനക്കാർ സ്ഥാപനം തുറക്കുന്നതിനിടെ സ്റ്റെയർകേസിൽ രക്തക്കറ കണ്ട് നടത്തിയ പരിശോധനയിലാണ് മൃതദേഹം കണ്ടത്. കൈയിൽ ഇൻജക്ഷൻ എടുക്കാൻ ഉപയോഗിക്കുന്ന കാനുല കണ്ടെത്തിയതോടെ ആശുപത്രിയിൽ ചികിത്സയിലിരുന്ന ആളാകാമെന്ന് സംശയിച്ച് പൊലീസ് മെഡിക്കൽ കോളജ് ആശുപത്രിയുമായി ബന്ധപ്പെട്ടു. തുടർന്നാണ് വർക്കല സംഭവത്തിൽ ചികിത്സയിലിരുന്ന ആളെ ആശുപത്രിയിൽനിന്ന് കാണാതായ വിവരമറിഞ്ഞത്. കഴക്കൂട്ടം സൈബർസിറ്റി അസിസ്റ്റൻറ് കമീഷണർ അനിൽകുമാറിൻെറ നേതൃത്വത്തിൽ പൊലീസ് പരിശോധന നടത്തി. ഫോറൻസിക് വിദഗ്‌ധരും ഡോഗ് സ്ക്വാഡും വിരലടയാള വിദഗ്ധരും തെളിവ് ശേഖരിച്ചു. പൊലീസ് നായ സമീപത്തെ വീട്ടിലേക്ക് ഓടിക്കയറിയതിനെ തുടർന്ന് ഇവിടെയും പരിശോധന നടത്തി. ഉച്ചയോടെ ഫയർഫോഴ്‌സിൻെറ സഹായത്തോടെ താഴെയിറക്കിയ മൃതദേഹം മെഡിക്കൽ കോളജ് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. മൂക്കിലും ശരീരത്തിൻെറ മറ്റ് ചില ഭാഗങ്ങളിലും കാണപ്പെട്ട പരിക്കുകളും തൂങ്ങിനിന്ന സ്ഥലവും രീതികളും കൊലപാതകത്തിലേക്കാണ് വിരൽചൂണ്ടുന്നതെന്നാണ് പൊലീസ് നിഗമനം. ഒന്നരവർഷം മുമ്പ് വിദേശത്തുനിന്ന് മടങ്ങിയ ഷൈജു വർക്കലയിലെ റിസോർട്ടിൽ ജോലി ചെയ്തുവരികയായിരുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.