തിരുവനന്തപുരം: പാലക്കാട് ജില്ല ആശുപത്രിയിലെ ചികിത്സാപ്പിഴവിനെതുടർന്ന് കൈമുറിച്ചുമാറ്റപ്പെട്ട ഒമ്പതു വയസ്സുകാരിയും കുടുംബവും നീതിതേടി തലസ്ഥാനത്തെത്തി. ചികിത്സാപ്പിഴവിനെതുടർന്ന് കൈമുറിച്ചു മാറ്റേണ്ടി വന്ന ഒമ്പതുകാരി വിനോദിനി മതാപിതാക്കളായ വിനോദിനും പ്രസീതക്കുമൊപ്പമാണ് അധികാരികളുടെ കരുണതേടി സെക്രട്ടേറിയറ്റിലെത്തിയത്.
കുട്ടിയുടെ സംരക്ഷണം സർക്കാർ ഏറ്റെടുക്കണമെന്നും കുറ്റക്കാർക്കെതിരെ നടപടി സ്വീകരിക്കണമെന്നും ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്കും ആരോഗ്യമന്ത്രിക്കും പരാതി നൽകി. കൂലിപ്പണിചെയ്തു ജീവിക്കുന്ന കുടുംബം കടുത്ത പ്രതിസന്ധിയിലാണെന്നും ചികിത്സയുടെ ഭാഗമായി വൻ സാമ്പത്തിക ബാധ്യതയുണ്ടെന്നും കുടുംബം പരാതിയിൽ പറയുന്നു. സെക്രട്ടേറിയറ്റിലെ ഓഫിസിൽ മുഖ്യമന്ത്രിയില്ലാത്തതിനാൽ പ്രൈവറ്റ് സെക്രട്ടറി എ. പ്രദീപ്കുമാർ പരാതി സ്വീകരിച്ചു. വിനോദിനിക്ക് പുസ്തകങ്ങളും കൈമാറി. ആരോഗ്യമന്ത്രി വീണ ജോർജിന്‍റെ ഓഫിസിലും മനുഷ്യാവകാശ കമീഷനിലും പരാതി നൽകി.
നവംബർ 25ന് പാലക്കാട് ജില്ല ആശുപത്രിയിൽനിന്ന് മതിയായ ചികിത്സ കിട്ടാതെപോയ ഒമ്പത് വയസ്സുകാരി വനോദിനിയുടെ കൈ ഒക്ടോബർ ഒന്നിന് കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ വെച്ചാണ് മുറിച്ചുമാറ്റിയത്. ജില്ല ആശുപത്രിയിൽനിന്ന് പ്രോട്ടോകോൾ പ്രകാരമുള്ള ചികിത്സ നൽകിയില്ലെന്ന് ആരോഗ്യവകുപ്പ് കണ്ടെത്തിയിരുന്നു.
കുട്ടിയെ ചികിത്സിച്ച ജൂനിയർ റസിഡന്റ് ഡോ. മുസ്തഫ, ജൂനിയർ കൺസൾട്ടന്റ് ഡോ. സർഫാസ് എന്നിവരെ സസ്‌പെൻഡ് ചെയ്തു. സംഭവത്തിൽ വിദഗ്ധസമിതി അന്വേഷണം പുരോഗമിക്കുകയാണ്. കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ നിന്നു പാലക്കാട്ടെ വാടക വീട്ടിൽ തിരിച്ചെത്തിയെങ്കിലും കുട്ടി സ്‌കൂളിൽ പോയി തുടങ്ങിയിട്ടില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.