തിരുവനന്തപുരം: കോവിഡ്-19ൻെറ പശ്ചാത്തലത്തിൽ കാർഷിക ഉൽപാദനം വർധിപ്പിക്കുന്നതിന് സുഭിക്ഷ കേരളം പദ്ധതിയുടെ നടത്തിപ്പിന് മാർഗരേഖ പുറപ്പെടുവിച്ചു. വിപുലമായ ജനപങ്കാളിത്തം ഉറപ്പുവരുത്തി പദ്ധതി നടപ്പാക്കാനാണ് ഉദ്ദേശിക്കുന്നത്. കൃഷി, തദ്ദേശസ്വയംഭരണം, മൃഗസംരക്ഷണം, ക്ഷീരവികസനം, ഫിഷറീസ്, ജലവിഭവം, സഹകരണം, വ്യവസായം എന്നീ വകുപ്പുകളുടെയും പ്രാദേശിക സർക്കാറുകളുടെയും നേതൃത്വത്തിലാണ് പദ്ധതി നടപ്പാക്കുന്നത്. പ്രാദേശികതലത്തിൽ ഗ്രാമപഞ്ചായത്തും നഗരസഭകളുമാണ് പദ്ധതി ഏകോപിപ്പിക്കുന്നത്. സംസ്ഥാന തലത്തിൽ കാർഷിക ഉൽപാദന കമീഷൻ ചെയർമാനായ ഉന്നതതല ഏകോപന സമിതിയുണ്ടാകും. ജില്ലതലത്തിലെ ഏകോപനത്തിനും മോണിറ്ററിങ്ങിനും പ്രിൻസിപ്പൽ കൃഷി ഓഫിസർ കൺവീനറായ സമിതിയുണ്ടാകും. പ്രാദേശികതലത്തിൽ തദ്ദേശ സ്ഥാപനത്തിൻെറ പ്രസിഡൻറ് അല്ലെങ്കിൽ മേയർ ചെയർപേഴ്സണായി കമ്മിറ്റി രൂപവത്കരിക്കും. വാർഡ് തലത്തിൽ വാർഡ് മെംബർ അധ്യക്ഷനായ കമ്മിറ്റി പ്രവർത്തിക്കും. തരിശുനിലവും ഭൂമിയും പുരയിടങ്ങളും വീട്ടുവളപ്പുമെല്ലാം കാർഷികോൽപാദന കേന്ദ്രങ്ങളാക്കി മാറ്റാനാണ് പദ്ധതിയുടെ ലക്ഷ്യം. കൃഷിക്കാർക്ക് കുറഞ്ഞ പലിശക്കും പലിശരഹിതമായും വായ്പ നൽകാൻ സഹകരണ സ്ഥാപനങ്ങൾ സംവിധാനമൊരുക്കും. ഒരു വാർഡിലും കൃഷിക്ക് ലഭ്യമാക്കാൻ കഴിയുന്ന തരിശുനിലങ്ങളും കൃഷിഭൂമിയും കണ്ടെത്തും. ഗുണനിലവാരമുള്ള വിത്തും നടീൽ വസ്തുക്കളും കൃഷി വകുപ്പ് നൽകും. കൃഷിയിടത്തിൽ വെള്ളം എത്തിക്കുന്നതിനുള്ള പൊതു സൗകര്യങ്ങൾ ഒരുക്കുമെന്നും മാർഗരേഖയിൽ പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.