യാക്കോബായ സഭയെ ഇല്ലായ്​മ ചെയ്യാമെന്ന്​ വിചാരിക്കേണ്ട -ഇവാനിയോസ് മെത്രാപ്പോലീത്ത

തിരുവനന്തപുരം: കോടതിവിധിയുടെ പേരില്‍ യാക്കോബായ സഭയെ ഇല്ലായ്മ ചെയ്യാമെന്ന് വിചാരിക്കേണ്ടെന്ന് സഭയുടെ കണ്ടനാ ട് ഭദ്രാസനാധിപന്‍ മാത്യൂസ് മാര്‍ ഇവാനിയോസ് മെത്രാപ്പോലീത്ത. സഭക്ക് നീതി ലഭ്യമാക്കണമെന്നാവശ്യപ്പെട്ട് സെക്രട്ടേറിയറ്റ് പടിക്കല്‍ യാക്കോബായ സഭ മുംെബെ ഭദ്രാസനാധിപന്‍ തോമസ് മാര്‍ അലക്‌സന്ത്രേയാസ് നടത്തുന്ന സമരം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. 20 ലക്ഷത്തോളം വരുന്ന യാക്കോബായ സഭാ വിശ്വാസികള്‍ കടുത്ത പ്രതിസന്ധിയാണ് നേരിടുന്നത്. സ്വന്തം ദേവാലയ സെമിത്തേരിയില്‍ ബന്ധുക്കളുടെ സംസ്‌കാരം നടത്താന്‍ പോലും കഴിയാത്ത സ്ഥിതിയാണ്. ആലപ്പുഴ കട്ടച്ചിറ പള്ളി സെമിത്തേരിയില്‍ സംസ്‌കാരം നടത്താൻ ഒരാഴ്ചയായി മൃതദേഹവുമായി വീട്ടുകാർ കാത്തിരിപ്പ് തുടരുകയാണ്. മരടിലെ ഫ്ലാറ്റ് പൊളിക്കാൻ കോടതി ഉത്തരവിട്ടപ്പോള്‍ അവിടെ താമസിക്കുന്നവര്‍ക്ക് മറ്റൊരു താമസസ്ഥലവും നഷ്ടപരിഹാരവും നൽകാന്‍ സർക്കാർ തയാറായി. എന്നാല്‍, കോടതിവിധിയുടെ പശ്ചാത്തലത്തില്‍ പള്ളികളില്‍നിന്ന് ഇറങ്ങിപ്പോകേണ്ടിവരുന്ന യാക്കോബായ വിഭാഗത്തിന് എന്തുചെയ്യണമെന്ന് അറിയില്ല. സഭയെ സംരക്ഷിക്കാന്‍ ഭരണകൂടം തയാറാകുമെന്നാണ് വിശ്വസിക്കുന്നതെന്നും മെത്രാപ്പോലീത്ത പറഞ്ഞു. ഒരു വര്‍ഷമായി പള്ളിപിടിച്ചെടുക്കലാണ് നടക്കുന്നതെന്ന് ചടങ്ങില്‍ അധ്യക്ഷത വഹിച്ച കൊല്ലം ഭദ്രാസനാധിപന്‍ മാത്യൂസ് മാര്‍ തേവോദോസ്യോസ് പറഞ്ഞു. കട്ടച്ചിറ പള്ളി വിഷയത്തില്‍ തങ്ങളോട് ആലപ്പുഴ ജില്ല കലക്ടര്‍ നിഷേധാത്മക നിലപാടാണ് സ്വീകരിച്ചത്. ആ കലക്ടറെ സര്‍വിസില്‍നിന്ന് പിരിച്ചുവിടണം. നീതിക്കുവേണ്ടിയുള്ള വിശ്വാസികളുടെ പോരാട്ടം തുടരുമെന്നും അേദ്ദഹം കൂട്ടിച്ചേർത്തു. സുപ്രീംകോടതി വിധിയുടെ പശ്ചാത്തലത്തില്‍ പള്ളി പിടിച്ചടക്കലാണ് നടക്കുന്നതെന്ന് ഉപവാസ സമരം നടത്തുന്ന തോമസ് മാര്‍ അലക്‌സന്ത്രേയാസ് മെത്രാപ്പോലീത്ത പറഞ്ഞു. ഡീക്കന്‍ തോമസ് കൈയാത്തറ സ്വാഗതം പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.