കോട്ടയം: പാലാ ഉപതെരഞ്ഞെടുപ്പിൽ വോട്ടെടുപ്പ് കഴിഞ്ഞപ്പോൾ ബി.ജെ.പിയിൽ പൊട്ടിത്തെറി. തിങ്കളാഴ്ച വൈകീട്ട് പാലാ നിയോജക മണ്ഡലം പ്രസിഡൻറ് ബിനു പുളിക്കക്കണ്ടത്തിനെ ജില്ല പ്രസിഡൻറും സ്ഥാനാർഥിയുമായ എൻ. ഹരി സസ്പെൻഡ് ചെയ്തു. യു.ഡി.എഫിന് വോട്ട് മറിച്ചെന്ന് ആരോപണം ഉന്നയിച്ചതിനെ തുടർന്നാണ് നടപടി. 5000 വോട്ട് യു.ഡി.എഫ് സ്ഥാനാർഥി ജോസ് ടോമിന് മറിക്കാമെന്ന് എൻ. ഹരി വാഗ്ദാനം ചെയ്തിരുന്നതായി യു.ഡി.എഫ് നേതാക്കൾ പറഞ്ഞതായാണ് ബിനുവിൻെറ ആരോപണം. ഇക്കാര്യം അറിയിച്ച് പാർട്ടി സംസ്ഥാന പ്രസിഡൻറിന് പരാതി നൽകിയെന്നും അദ്ദേഹം പറഞ്ഞു. കഴിഞ്ഞ പാർലമൻെറ് തെരഞ്ഞെടുപ്പിൽ കിട്ടിയ 27,000 വോട്ടിൽനിന്ന് എത്ര കുറവുവരുന്നുവോ അത്രയും വോട്ട് യു.ഡി.എഫിലേക്ക് പോയിട്ടുണ്ടെന്ന് എല്ലാവർക്കും മനസ്സിലാകുമെന്നും ബിനു പറയുന്നു. എന്നാൽ, തെരഞ്ഞെടുപ്പ് പ്രചാരണത്തിൽ വീഴ്ച വരുത്തിയതിനാണ് പാലാ നിയോജക മണ്ഡലം പ്രസിഡൻറായ ബിനു പുളിക്കക്കണ്ടത്തിനെ സസ്‌പെൻഡ് ചെയ്തതെന്ന് ബി.ജെ.പി ജില്ല പ്രസിഡൻറ് എൻ. ഹരി പറഞ്ഞു. നടപടിക്ക് വിധേയനായ ആൾ പിടിച്ചുനിൽക്കാൻ പല ആരോപണങ്ങളും ഉന്നയിക്കും. തെരഞ്ഞെടുപ്പ് ഫലം വരുമ്പോൾ യാഥാർഥ്യം അറിയാമെന്നും ഹരി പറഞ്ഞു. തെരഞ്ഞെടുപ്പിൽ പാലാ മണ്ഡലത്തിൽ മത്സരിക്കുന്നതിന് ബിനു പുളിക്കക്കണ്ടത്തിൻെറ പേരും ഉയർന്നുകേട്ടിരുന്നു. ഇതുസംബന്ധിച്ച അസ്വാരസ്യമാണ് പൊട്ടിത്തെറിയിലേക്ക് എത്തിയതെന്നാണ് അറിയുന്നത്. കേരള കോൺഗ്രസ് സ്ഥാനാർഥി ജോസ് ടോമിന് വോട്ട് മറിക്കാൻ ബി.ജെ.പി തീരുമാനിച്ചതായുള്ള ആരോപണവുമായി എൻ.സി.പി സ്ഥാനാർഥി മാണി സി. കാപ്പൻ രണ്ടുദിവസം മുമ്പ് രംഗത്ത് എത്തിയിരുന്നു. ഇത് ശരിവെക്കുന്ന തരത്തിലാണ് ഇപ്പോൾ ബി.ജെ.പിക്കുള്ളിലുണ്ടായിരിക്കുന്ന പൊട്ടിത്തെറി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.